ജോലിത്തിരക്കുള്ള നിങ്ങള്‍ എങ്ങനെ കുട്ടിയെ നോക്കും, അമ്മയുടെ ഹരജി കോടതി തള്ളി

അഹമ്മദാബാദ്-ജോലിത്തിരക്കുള്ള അമ്മയ്ക്ക് കുഞ്ഞനെ നോക്കാനാവില്ലെന്നും അതുകൊണ്ട് രണ്ടു വയസ്സുകാരനായ കുട്ടിയുടെ കസ്റ്റഡി വിട്ടു നല്‍കാനാവില്ലെന്നും ഗുജറാത്ത് ഹൈക്കോടതി. അച്ഛനെ അപേക്ഷിച്ചു അമ്മ ജോലിത്തിരക്കുള്ളയാളാണെന്നും അതുകൊണ്ടുതന്നെ കുട്ടിയെ നോക്കാന്‍ നേരമുണ്ടാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹരജി തള്ളിയത്.

കുട്ടിയെ നേരത്തെ അച്ഛന്റെ സംരക്ഷണയില്‍ വിട്ട കുടുംബ കോടതി ഉത്തരവിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമ പ്രകാരം രണ്ടു വയസ്സുള്ള കുട്ടിയെ അമ്മയുടെ സംരക്ഷണയിലാണ് വിടേണ്ടതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ ജോലിയുള്ള സ്ത്രീ ആണെന്നും കുട്ടിയെ പോറ്റാന്‍ തനിക്കാവുമെന്നും യുവതി വാദിച്ചു.

എന്നാല്‍ അച്ഛനെ അപേക്ഷിച്ച് അമ്മയുടെ ജോലിത്തിരക്ക് അധികമാണെന്ന് കോടതി നിരീക്ഷിച്ചു. അഹമ്മദാബാദില്‍നിന്നു വിരംഗത്തേക്കു ദിവസവും യാത്ര ചെയ്താണ് അമ്മ ജോലി സ്ഥലത്ത് എത്തുന്നത്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ അവര്‍ക്കു  ജോലിക്കായി നീക്കിവെക്കേണ്ടി വരുന്നു. കുട്ടിയുടെ അച്ഛനാവട്ടെ അഹമ്മദാബാദില്‍ തന്നെയാണ്. ഏതു സമയത്തും അദ്ദേഹം ലഭ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

രണ്ടു വയസ്സുള്ള കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ വിട്ടു പോവുകയാണ്  അമ്മ ചെയ്തത്. അച്ഛനൊപ്പം ഇതുവരെ വളര്‍ന്ന കുട്ടിക്ക് അദ്ദേഹവുമായാണ് കൂടുതല്‍ മാനസിക അടുപ്പം. അതുകൊണ്ടുതന്നെ കുട്ടിയെ ബലം പ്രയോഗിച്ച് തന്നില്‍ നിന്ന് അകറ്റുകയായിരുന്നെന്ന അമ്മയുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു.

 

Latest News