Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂരം കൊടിയേറി ഏഴാം നാൾ തൃശൂർ പൂരം

തൃശൂർ പൂരത്തിന്റെ കൊടിയേറ്റത്തിൽനിന്ന്.
  • സാമ്പിൾ 23 ന്, ചമയം 24 ന്


തൃശൂർ - വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും പൂരം കൊടിയേറി.
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നുമിടയിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ.  പാറമേക്കാവ് ക്ഷേത്രത്തിൽ 11.45നും 12.15നുമിടയിലാണ് കൊടിയേറ്റം നടന്നത്.
ഘടക ക്ഷേത്രങ്ങളായ കണിമംഗലം ശാസ്താക്ഷേത്രം, അയ്യന്തോൾ ശ്രീകാർത്യായിനി ക്ഷേത്രം, ചെമ്പുക്കാവ് ശ്രീ കാർത്യായിനി ക്ഷേത്രം, ലാലൂർ ശ്രീ കാർത്യായിനി ദേവി ക്ഷേത്രം, നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ഇന്നലെ പൂരത്തോടനുബന്ധിച്ച് കൊടിയേറ്റം നടന്നു. 
തിരുവമ്പാടിയിൽ രാവിലെ 11.30ന് ഭൂമിപൂജയ്ക്കു ശേഷം  കൊടിമരത്തിൽ കൊടിക്കൂറ കെട്ടി. പൂജിച്ച കൊടി ഉയർത്താനുള്ള ഭൂമിപൂജ ആശാരിമാരാണ് നടത്തിയത്. താന്ത്രിക ചടങ്ങുകളൊന്നുമുണ്ടായില്ല. പാരമ്പര്യ അവകാശികളിൽ പെട്ട താഴത്തുപുരയ്ക്കൽ സുന്ദരൻ ആശാരിയാണ് കൊടിമരം തയ്യാറാക്കിയത്. 
ദേവസ്വം ഭാരവാഹികളും പൗരപ്രമുഖരും തട്ടകക്കാരുമെല്ലാം ചേർന്നാണ് ആർപ്പോ വിളികളോടെ കൊടിമരം സ്ഥാപിച്ചത്. വൈകിട്ട് മൂന്നിന് എഴുന്നള്ളിപ്പോടെ പുറത്തേക്ക് വന്ന് നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികൾ ഉയർത്തി. 


തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ  കൊടിയേറിയ ശേഷമാണ് പാറമേക്കാവിലെ കൊടിയേറ്റം നടന്നത്. വലിയപാണിക്കു ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാർ കൊടിയുയർത്തി. ചെമ്പിൽ കുട്ടനാശാരിയാണ് കൊടിമരം ഒരുക്കിയത്. 
കവുങ്ങിൻ കൊടിമരത്തിൽ ആൽ, മാവ് എന്നിവയുടെ ഇലകളും ദർഭപ്പുല്ലും കൊണ്ട് അലങ്കരിച്ചു. കൊടിയേറ്റത്തിന് ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും  സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തി.  അഞ്ച് ആനകളും മേളവുമായി എഴുന്നള്ളിപ്പോടെ എത്തി മണികണ്ഠനാലിലും  കൊടിഉയർത്തി. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കർണിയിൽ ആറാട്ടും നടത്തി. 25 നാണ് തൃശൂർ പൂരം. സാമ്പിൾ വെടിക്കെട്ട് 23 നും ആനച്ചമയ പ്രദർശനങ്ങൾ 24 നും നടക്കും. തിരുവമ്പാടി വിഭാഗം നായ്ക്കനാലിലും നടുവിലാലിലും പാറമേക്കാവ് വിഭാഗം മണികണ്ഠനാലിലും ഉയർത്തുന്ന പൂരപ്പന്തലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ആനച്ചമയ നിർമാണങ്ങളും അവസാന മിനുക്കുപണികളിലാണ്. എക്‌സിബിഷനും തിരക്കേറി. പൂരം കൊടിയേറിയതോടെ നാടും നഗരവും പൂരലഹരിയിലമർന്നു കഴിഞ്ഞു. ഘടകപൂരങ്ങളെത്തുന്ന എട്ടു തട്ടകങ്ങളിലും പൂരാവേശം നിറഞ്ഞിരിക്കുകയാണ്. 

 

Latest News