കോഴിക്കോട്ടെ ഗാനമേളയ്ക്ക് അനുമതി ഇല്ലായിരുന്നു,  കൂടുതല്‍ ടിക്കറ്റുകള്‍ നല്‍കി - മേയര്‍

കോഴിക്കോട്- കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ച പെയിന്‍ ആന്‍ഡ് പാലിയേറ്റിവീവ് കെയര്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് അനുമതി ഇല്ലായിരുന്നുവെന്ന് മേയര്‍ ബീന ഫിലിപ്പ്.
വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്‌ലാം  കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെയുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് എഴുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പാലിയേറ്റീവ് ധനസമാഹരണത്തിനായി സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിനാണ് അനുമതി നല്‍കിയിരുന്നത്. സംഗീത പരിപാടിക്ക് അനുതി തേടിയിരുന്നില്ലെന്നും മേയര്‍ വ്യക്തമാക്കി.
പരിപാടി നടത്തിയ കുട്ടികളുടെ പരിചയക്കുറവ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമായി. ഒരുക്കിയ ഇരിപ്പിടങ്ങളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് കൊടുത്തിട്ടുണ്ട്. ടിക്കറ്റ് സംഘാടകര്‍ തന്നെ നല്‍കിയതാണോ മറ്റാരെങ്കിലും പ്രിന്റ് ചെയ്ത് നല്‍കിയതാണോ എന്നത് അന്വേഷിക്കണമെന്നും മേയര്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോഴിക്കോട് മേയര്‍.
പോലീസ് വളരെ സംയമനത്തോടെയാണ് പെരുമാറിയത്. പോലീസിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വളരെ മോശം അവസ്ഥയിലേക്ക് പോകുമായിരുന്നുവെന്നാണ് പറഞ്ഞുകേട്ടത്. ഇത്തരം പരിപാടികള്‍ നടത്തുമ്പോള്‍ മുന്‍കരുതലുകള്‍ സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമായിരുന്നു. തോന്നുംപോലെ ടിക്കറ്റ് വില്‍പന നടത്തിയാല്‍ കയറാന്‍ പറ്റാത്ത ആളുകള്‍ പ്രശ്‌നമുണ്ടാക്കുക സ്വാഭാവികമാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ബീച്ചിന്റെ ഒരുഭാഗത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ താത്കാലിക സ്‌റ്റേജിലാണ് സംഗീതപരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത്രയുമധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ വേദിക്ക് കഴിയാതെവന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്. രാത്രി എട്ടോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ടിക്കറ്റ് എടുത്തവര്‍ അകത്തേക്ക് പ്രവേശിക്കണമെന്നാവശ്യപ്പെട്ട് ആദ്യം ബഹളംവെക്കുകയായിരുന്നു. ഇത് തടയാന്‍ പോലീസും വൊളന്റിയര്‍മാരും ശ്രമിച്ചു. എട്ടു പോലീസുകാരായിരുന്നു സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. ജനക്കൂട്ടം പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ചു. പോലീസുകാര്‍ക്കുനേരെ കല്ലും മണലും വാരിയെറിയുകയും ചെയ്തു. പോലീസ് ലാത്തിവീശാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ വിരണ്ടോടി.
 

Latest News