ആധാര്‍ കാര്‍ഡ് ചോദിച്ചതിന് ടോള്‍ പ്ലാസ ജീവനക്കാരിയെ തല്ലിച്ചതച്ചു

രാജ്ഗഡ്-മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ ചുങ്കം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്ന സ്ത്രീയെ തല്ലിച്ചതച്ചു. തുടര്‍ന്ന് വാഹനമോടിക്കുന്നയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

ബിയോറ ദെഹത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രാജ്ഗഡ്‌ഭോപ്പാല്‍ റോഡിലെ ടോള്‍ പ്ലാസയിലാണ് സംഭവം.

ജീവനക്കാരിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ജര്‍കാദിയാഖേഡി ഗ്രാമത്തിലെ താമസക്കാരനായ രാജ്കുമാര്‍ ഗുര്‍ജാറിനെതിരെയാണ് കേസ്. പ്രദേശവാസിയാണെന്നും ചുങ്കത്തില്‍ ഇളവ് ലഭിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ഇളവ് ലഭിക്കാന്‍ പ്രദേശവാസിയാണെന്നതിന് തെളിവായി ജീവനക്കാരി ആധാര്‍ കാര്‍ഡ് ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ജീവനക്കാരിയെ  മര്‍ദിച്ചതെന്ന് ബിയോറ ദെഹത്ത് പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള രാംകുമാര്‍ രഘുവംശി പറഞ്ഞു.

ഫാസ്ടാഗ് ഇലക്‌ട്രോണിക് ടോള്‍ പേയ്‌മെന്റ് സംവിധാനമില്ലാത്തതായിരുന്നു ഗുര്‍ജറിന്റെ വാഹനം. താന്‍ ഗ്രാമത്തില്‍ താമസിക്കുന്നയാളാണെന്ന് ഗുര്‍ജാര്‍ യുവതിയോട് പറഞ്ഞതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഒളിവില്‍ കഴിയുന്ന ഗുര്‍ജറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News