Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ ലോകോത്തര വിനോദ, സ്‌പോർട്‌സ് കേന്ദ്രം വരുന്നു 

സൗദിയിലെ ഏറ്റവും വലിയ സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ നഗരിയായ ഖിദിയ പദ്ധതി പ്രദേശം 
  • ഖിദിയ പദ്ധതി ശിലാസ്ഥാപനം ബുധനാഴ്ച

റിയാദ് - സൗദിയിലെ ഏറ്റവും വലിയ സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ നഗരിയായ ഖിദിയ പദ്ധതിയുടെ ശിലാസ്ഥാപനം അടുത്ത ബുധനാഴ്ച നടക്കും.  334 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഖിദിയ പദ്ധതിയിൽ സഫാരി ഏരിയയുമുണ്ടാകും. ഇത്തരത്തിൽ പെട്ട ലോകത്തെ തന്നെ ആദ്യ പദ്ധതിയാണിത്.
പദ്ധതി പ്രദേശത്ത് റോഡുകൾ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഖിദിയ പദ്ധതിയുടെ പ്രധാന ആകർഷണങ്ങൾ സൂചിപ്പിക്കുന്ന ശിൽപങ്ങളും സ്ഥാപിക്കുന്നുണ്ട്. 


ഉത്തര റിയാദിൽ ഖിദിയ പദ്ധതി പ്രദേശത്ത് അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കുന്നതിന് ലോകത്തെ മുൻനിര അമ്യൂസ്‌മെന്റ് പാർക്ക് കമ്പനിയായ, അമേരിക്കയിലെ സിക്‌സ് ഫഌഗ്‌സുമായി ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കരാർ ഒപ്പുവെച്ചിരുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ യു.എസ് സന്ദർശനത്തിനിടെയാണ് കരാർ ഒപ്പുവെച്ചത്. 
സൗദി അറേബ്യക്കകത്തുനിന്നും വിദേശ രാജ്യങ്ങളിൽ നിന്നും സഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്ന ലോകോത്തര സാംസ്‌കാരിക, സ്‌പോർട്‌സ്, വിനോദ കേന്ദ്രമായി ഖിദിയ പദ്ധതിയെ മാറ്റാനാണ് ശ്രമം. 2022 ൽ ഖിദിയ പദ്ധതി ഉദ്ഘാടനം ചെയ്യും. 


സൗദിയിലെ ഏറ്റവും വലിയ വിനോദ പദ്ധതിയാകും ഖിദിയ എന്ന് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പത്രക്കുറിപ്പിൽ പറഞ്ഞു. സൗദി സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്ന ഖിദിയ പദ്ധതി വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനും സഹായിക്കും. സിക്‌സ് ഫഌഗ്‌സിന്റെ അമ്യൂസ്‌മെന്റ് പാർക്ക് ഖിദിയയിൽ സ്ഥാപിക്കുന്നത് സൗദിയിൽ വിനോദ മേഖലയുടെ നവീകരണത്തിന് സഹായകമാകും. പദ്ധതി പ്രത്യക്ഷമായും പരോക്ഷമായും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. 
വർഷങ്ങളായി മാന്ദ്യത്തിന്റെ പിടിയിലായ കോൺട്രാക്ടിംഗ് മേഖലക്കും അനുബന്ധ മേഖലകൾക്കും ഖിദിയ, നിയോം, ചെങ്കടൽ പദ്ധതി എന്നീ വൻകിട പദ്ധതികൾ പുത്തനുണർവേകുമെന്നാണ് കരാറുകാർ പ്രതീക്ഷിക്കുന്നത്. ബില്യൺ കണക്കിന് ഡോളർ ചെലവഴിച്ചാണ് ഖിദിയ പദ്ധതി നടപ്പാക്കുന്നത്. വിനോദ സഞ്ചാരികളായി ലക്ഷക്കണക്കിന് സൗദികളാണ് ഓരോ വർഷവും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ഇവർ ബില്യൺ കണക്കിന് റിയാൽ വിദേശങ്ങളിൽ ചെലവഴിക്കുന്നു. ആഭ്യന്തര വിനോദ സഞ്ചാരികൾക്കു പുറമെ വിദേശങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളെയും ആകർഷിക്കുന്നതിനും ഇതുവഴി സാമ്പത്തിക വൈവിധ്യവൽക്കരണവും ലക്ഷ്യമിട്ടാണ് വൻകിട വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കുന്നത്. നിയോം പദ്ധതി പ്രദേശത്തു മാത്രം അര ലക്ഷം കോടി ഡോളറാണ് നിക്ഷേപം കണക്കാക്കുന്നത്. 
 

Latest News