ഗുപ്കർ കക്ഷികൾ ഒരുമിച്ച് ചേർന്ന് ബി.ജെ.പിക്കെതിരെ മത്സരിക്കാനുള്ള സാധ്യത ബി.ജെ.പി നേതൃത്വം തള്ളിക്കളയുന്നില്ല. ഇക്കാര്യത്തിൽ സഖ്യകക്ഷികൾ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെങ്കിലും ബി.ജെ.പിക്ക് മുൻതൂക്കം കിട്ടുമെന്ന സാധ്യത ഉരുത്തിരിഞ്ഞാൽ ഗുപ്കർ സഖ്യകക്ഷികളുടെ ഒത്തൊരുമ തെരഞ്ഞെടുപ്പിലും പ്രകടമാകാനിടയുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം നൽകിയത്.
ജമ്മു കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് നവംബർ അവസാനത്തിലേക്ക് മാറ്റിയതോടെ തെരഞ്ഞെടുപ്പ് അടുത്ത വർഷം ആദ്യത്തേതിലേക്ക് നീളുമെന്നാണ് ഇപ്പോൾ കണക്കുകൂട്ടുന്നത്. എന്നാൽ ഭരണത്തിന്റെ ചുക്കാൻ ബി.ജെ.പിയുടെ കൈകകളിലെത്താൻ കേന്ദ്ര സർക്കാർ ഇപ്പോൾ ബോധപൂർവം നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ ജമ്മു കശ്മീരിലാകെ അസ്വസ്ഥതകൾക്ക് വഴി വെച്ചിരിക്കുകയാണ്.
ജനവിധി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന കാര്യം കൂടുതൽ വ്യക്തമാകുകയാണ്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ളവർക്കും നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതോടെ ജനവിധി അട്ടിമറിക്കപ്പെടുമെന്നാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തി ജമ്മു കശ്മീരിൽ ജോലി ചെയ്യുകയോ, താമസിക്കുകയോ, വിദ്യാഭ്യാസം നടത്തുകയോ ചെയ്യുന്ന തദ്ദേശീയരല്ലാത്ത പ്രായപൂർത്തിയായവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഇവർക്ക് താമസ സർട്ടിഫിക്കറ്റ് ആവശ്യമില്ല. കേന്ദ്ര സർക്കാരിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് കമ്മീഷൻ ഈ നടപടി കൈക്കൊണ്ടതെന്നാണ് ഉയരുന്ന ആരോപണം. കുറുക്കു വഴിയിലൂടെ കശ്മീരിന്റെ ഭരണം കൈയാളാൻ ബി.ജെ.പി കണ്ടെത്തിയ മാർഗമാണിത്.
ഏതാണ്ട് 75 ലക്ഷത്തോളം പേർക്കാണ് കശ്മീരിൽ വോട്ടവകാശമുള്ളത്. പുറത്തു നിന്ന് കശ്മീരിലെത്തിയവർക്കും വോട്ടവകാശം നൽകിയത് വോട്ടർമാരുടെ എണ്ണം ഒരു കോടി കടക്കാനിയടാക്കും. അതായത് മൊത്തം വോട്ടർമാരിൽ നാലിൽ ഒരു ഭാഗം പുറത്തു നിന്നുള്ള വോട്ടർമാരായിരിക്കും. തെരഞ്ഞെടുപ്പിൽ ഇവരുടെ സ്വാധീനം വലിയ രീതിയിലാകുമെന്നും അത് ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നുമുള്ള ആശങ്കയാണ് ജമ്മു കശ്മീരിലെ പ്രതിപക്ഷ കക്ഷികൾക്കുള്ളത്. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്ക് നേരത്തെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനോ സംസ്ഥാനത്ത് ഭൂമി വാങ്ങാനോ അവകാശമുണ്ടായിരുന്നില്ല. ഈ കീഴ്വഴക്കമാണ് ഇപ്പോൾ ബോധപൂർവം മാറ്റിമറിക്കപ്പെടുന്നത്. കശ്മീർ ജനതയെ ദുർബലപ്പെടുത്താനും അവരുടെ അവകാശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തി ഇത്തരത്തിലൊരു ഗൂഢനീക്കം കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം.
2018 നവംബറിൽ ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ട് നാലു വർഷത്തിന് ശേഷമാണ് ഇപ്പോൾ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് കശ്മീർ ജനത സ്വന്തം സംസ്ഥാനത്തെ ഭരണകർത്താക്കളെ തെരഞ്ഞെടുക്കാനൊരുങ്ങുന്നത്. നിർഭയമായി വോട്ട് ചെയ്യാൻ തയാറെടുക്കുന്നതിനിടയിലാണ് പുറത്ത് നിന്നുള്ളവർക്ക് വോട്ടവകാശം നൽകിയതിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമെന്ന ഭയം നേരിടേണ്ടി വരുന്നത്. രാഷ്ട്രീയമായ വലിയ അസ്വസ്ഥതകൾക്ക് ഇത് കാരണമാകും. 2019 ൽ കേന്ദ്ര സർക്കാർ കശ്മീരിന് ഭരണഘടനയുടെ 370 ാം അനുഛേദപ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്.
ജമ്മു കശ്മീരിലെ പ്രദേശിക പാർട്ടികളായ ഫാറൂഖ് അബ്ദുള്ള നേതൃത്വം നൽകുന്ന ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി, ജമ്മു ആന്റ് കശ്മീർ അവാമി നാഷണൽ കോൺഫറൻസ് തുടങ്ങിയ കക്ഷികളും സി.പി.എമ്മും ഉൾപ്പെട്ട ഗുപ്കർ സഖ്യം തദ്ദേശീയരല്ലാത്തവർക്ക് വോട്ടവകാശം നൽകാനുള്ള നീക്കത്തെ വളരെ ശക്തമായി തന്നെ എതിർക്കുന്നുണ്ട്. കശ്മീർ ജനതയുടെ ആഗ്രഹങ്ങളെ പരാജയപ്പെടുത്തി ഭരണചക്രം കൈപ്പിടിയിലൊതുക്കാനാണ് ഇങ്ങനെയൊരു നീക്കമെന്നാണ് ഗുപ്കർ സഖ്യം നേതാക്കൾ അഭിപ്രായപ്പെടുന്നത്. ഈ നീക്കത്തെ ചെറുക്കുന്നതിനുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനായി ഓഗസ്റ്റ് 22 നു ബി.ജെ.പി ഒഴികെയുള്ള കശ്മിരിലെ പാർട്ടി നേതാക്കൾ ഒന്നിച്ച് യോഗം ചേരുന്നുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ തന്നെ ഇവിടെ പാർട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കാനും സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അധികാരം പിടിക്കാനുമുള്ള വഴികൾ ബി.ജെ.പി ആലോചിച്ചു തുടങ്ങിയിരുന്നു. കശ്മീരിന്റെ ഭരണം പിടിക്കുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആവശ്യമാണ്. അല്ലാത്ത പക്ഷം കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന രീതിയിൽ ജമ്മു കശ്മീരിനെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.
പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനം തന്നെ ബി.െജ.പിയുടെ ദീർഘകാല രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുന്നു. ഇവിടെ സമാധാനം സ്ഥാപിക്കാൻ പ്രത്യേക പദവി എടുത്തു കളയണമെന്നാണ് നേരത്തെ മുതൽ ബി.ജെ.പി വാദിച്ചുകൊണ്ടിരുന്നത്. ഇത് നടപ്പായതോടെ കശ്മിരിൽ കാര്യങ്ങൾ സമാധാനപരമായാണ് നടക്കുന്നതെന്നാണ് ബി.ജെ.പിയുടെയും കേന്ദ്ര സർക്കാരിന്റെയും അവകാശവാദം. എന്നാൽ ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ട് അധികാരം സ്ഥാപിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളതെന്നും സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടന്നാൽ ജനങ്ങൾ ബി.ജെ.പിക്കെതിരെ വിധിയെഴുതുമെന്നുമാണ് ഇവിടുത്തെ പ്രാദേശിക പാർട്ടികളുടെ നേതാക്കൾ അവകാശപ്പെടുന്നത്. വോട്ടെടുപ്പ് അട്ടിമറിച്ചുകൊണ്ട് ഇത് മറികടക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കമെന്നാണ് ഇവരുടെ പ്രധാന ആരോപണം.
ഈ വർഷം അവസാനത്തോടെ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയാണ്. അതോടൊപ്പം തന്നെ കശ്മീരിലും തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അതിന് താൽപര്യമുണ്ടായിരുന്നില്ല. കശ്മീർ തെരഞ്ഞെടുപ്പ് അടുത്ത വർഷത്തിലേക്ക് നീങ്ങുന്നതിനാണ് ബി.ജെ.പി ആഗ്രഹിച്ചത്. മണ്ഡലങ്ങൾ പുനർനിർണയിച്ചതിലൂടെ വിജയ പ്രതീക്ഷ കൈവന്നിരുന്നെങ്കിലും കശ്മീരിൽ വേണ്ട രീതിയിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന ആശങ്ക ബി.ജെ.പി നേതൃത്വത്തിനുണ്ട്. പ്രത്യേകിച്ച് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിന്റെ വിലയിരുത്തൽ കൂടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പെന്ന് പൂർണ ബോധ്യം നേതൃത്വത്തിനുണ്ട്. അവരുടെ ആഗ്രഹ പ്രകാരം തന്നെ തെരഞ്ഞെടുപ്പ് അടുത്ത വർഷത്തേക്ക് നീളാനാണ് സാധ്യത കൂടുതലുള്ളത്. കർണാടക, ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലേക്ക് അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനൊപ്പം കശ്മീർ തെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. ജമ്മുകശ്മീർ നിയമസഭ സീറ്റുകളുടെ എണ്ണം നേരത്തെയുണ്ടായിരുന്ന 83 ൽ നിന്ന് 90 ആയി പുനർനിർണയം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യമുണ്ടാകുന്ന രീതിയിലാണ് നിയമസഭ മണ്ഡലങ്ങളെ വെട്ടിമുറിച്ചതെന്ന ആരോപണവും ബി.ജെ.പി ഇതര കക്ഷികൾ ഉന്നയിക്കുന്നുണ്ട്.
ഗുപ്കർ കക്ഷികൾ ഒരുമിച്ച് ചേർന്ന് ബി.ജെ.പിക്കെതിരെ മത്സരിക്കാനുള്ള സാധ്യത ബി.ജെ.പി നേതൃത്വം തള്ളിക്കളയുന്നില്ല. ഇക്കാര്യത്തിൽ സഖ്യകക്ഷികൾ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെങ്കിലും ബി.ജെ.പിക്ക് മുൻതൂക്കം കിട്ടുമെന്ന സാധ്യത ഉരുത്തിരിഞ്ഞാൽ ഗുപ്കർ സഖ്യകക്ഷികളുടെ ഒത്തൊരുമ തെരഞ്ഞെടുപ്പിലും പ്രകടമാകാനിടയുണ്ട്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം നൽകിയത്.






