ബിരിയാണി കഴിച്ചതിനുപിന്നാലെ കൗമാരക്കാരന്‍ മരിച്ചു, ഭക്ഷ്യവിഷബാധ സംശയിച്ച് കേസ്

ഹൈദരാബാദ്- റെസ്‌റ്റോറന്റില്‍നിന്നുള്ള ബിരിയാണി കഴിച്ചതിനു തൊട്ടുപിന്നലെ കൗമാരക്കാരന്‍ മരിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഹൈദരാബാദിലെ ലക്ഡികാപുല്‍ പ്രദേശത്തെ റെസ്റ്ററന്റില്‍നിന്ന് ബിരിയാണി കഴിച്ച പിതാവും സഹോദരിയും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്. ഒരാഴ്ച മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് പുറത്തറിയുന്നതും കേസാകുന്നതും.
മരണകാരണം ഉറപ്പുവരുത്താന്‍ ബിരിയാണിയുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിരിക്കയാണെന്ന് സഫിയാബാദ് പോലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ പറഞ്ഞു. സംശയാസ്പദ മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
സൂര്യപേട്ടില്‍നിന്ന് മടങ്ങുംവഴി ലക്ഡികാപുലില്‍ നിര്‍ത്തിയാണ് ബിരായാണി വാങ്ങിയതെന്നും വീട്ടിലെത്തിയ ശേഷമാണ് നാ്‌ല് പേരും കഴിച്ചതെന്നും പോലീസ് പറഞ്ഞു. ഉറങ്ങാന്‍ കിടന്ന കുടുംബാംഗങ്ങളിലാരും ഉച്ചവരെ ഉണര്‍ന്നില്ല. അയല്‍ക്കാരെത്തി വാതിലില്‍ മുട്ടിയപ്പോഴാണ് സ്ത്രീയും പിന്നാലെ ഭര്‍ത്തവും മകളും ഉണര്‍ന്നത്. മകനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് റെസ്റ്റോറന്റില്‍നിന്ന് വാങ്ങിയ ബിരിയാണി മാത്രമേ കഴിച്ചിട്ടുള്ളൂവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഭക്ഷ്യവിഷബാധയാണ് കാരണമെന്നും അവര്‍ പറയുന്നു.

 

Latest News