Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ  ഭാര്യയുടെ നിയമനം ലജ്ജാകരം- ഗവര്‍ണര്‍ 

തിരുവനന്തപുരം-കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസി പാര്‍ട്ടി കേഡറിനെപ്പോലെയാണ് പെരുമാറുന്നത്. വിസിയുടെ നടപടികള്‍ ലജ്ജാകരമാണ്. ഭരണകക്ഷി അംഗത്തെപ്പോലെയാണ് വിസി പ്രവര്‍ത്തിക്കുന്നത്. പദവിക്ക് യോജിച്ച രീതിയിലല്ല പ്രവര്‍ത്തനം. സര്‍വകലാശാലയിലെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അധികാരത്തിലിരിക്കുന്നവരുടെ പ്രീതി സമ്പാദിക്കാനാണ് കണ്ണൂര്‍ വിസി ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രൈ്‌വറ്റ്   സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം. ഇത് വളരെ ലജ്ജാകരമാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളെപ്പറ്റിയും അന്വേഷിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തനിക്ക് ലഭിച്ചത്. സര്‍കലാശാലകള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയ ഗൂഢാലോചനയാണ് നടക്കുന്നത്. നിയമപരമായും ധാര്‍മ്മികമായും ശരിയായ രീതിയിലല്ല പ്രവര്‍ത്തനം. ഇത് അനുവദിക്കാനാവില്ല. ഇത്തരം പ്രവര്‍ത്തനം മൂലമാണ് സംസ്ഥാനത്തെ മിടുക്കരായ പല വിദ്യാര്‍ത്ഥികളും പുറത്തെ സര്‍വകലാശാലകളിലേക്ക് പോകുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കേരള സര്‍വകലാശാ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ച് പാനലിന്റെ നിയമനം നിയമപരമായിട്ടുള്ളതാണ്. കേരള സര്‍വവകലാശാലയില്‍ താന്‍ ചെയ്തതെല്ലാം നിയമപരമായിട്ടാണ്. തനിക്കെതിരെ സര്‍വകലാശാല പ്രമേയം പാസ്സാക്കുന്നെങ്കില്‍ പാസ്സാക്കട്ടെ. തന്റെ ചുമതലയാണ് നിര്‍വഹിക്കുന്നത്. ഇതുവരെ സര്‍വകലാശാല നോമിനിയെ നിയോഗിക്കാത്തത് സര്‍വകലാശാലയുടെ കഴിവുകേടാണ് വ്യക്തമാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
 

Latest News