വടകര സജീവന്റെ കസ്റ്റഡി  മരണം;  രണ്ട് പോലീസുകാര്‍ അറസ്റ്റില്‍

വടകര- സജീവന്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ത്ത രണ്ട് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഐ നിജീഷ്, സി.പി.ഒ പ്രജീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ ഇരുവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.  രണ്ട് പേര്‍ക്കും നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇരുവരും ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു.ജൂലൈ 21ന് രാത്രിയാണ് വാഹനാപകട തര്‍ക്കവുമായി ബന്ധപ്പെട്ട് വടകര കല്ലേരി സ്വദേശി സജീവനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചെങ്കിലും, സജീവന്‍ സ്‌റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണു മരിച്ചു. സംഭവത്തില്‍ എസ്‌ഐ എം.നിജീഷ്, സിപിഒ പ്രജീഷ് എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് മനഃപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി. സംഭവത്തിനു പിന്നാലെ, എസ്‌ഐ എം.നിജീഷ്, എഎസ്‌ഐ അരുണ്‍ കുമാര്‍, സിപിഒ ഗിരീഷ് എന്നിവരെ കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍.നായര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest News