സൗജന്യമായി താമസ സൗകര്യം വാഗ്ദാനം ചെയ്ത് ലണ്ടനിൽ യുവതികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ഞെട്ടിക്കുന്ന വാർത്ത ഗാർഡിയനാണ് റിപ്പോർട്ട് ചെയ്തത്. രൂക്ഷമായ പാർപ്പിട ക്ഷാമം മുതലെടുത്താണ് കെട്ടിട ഉടമകൾ കെണിയൊരുക്കുന്നത്. ലണ്ടനിലും ബ്രിട്ടനിലെ മറ്റു നഗരങ്ങളിലും വ്യാപകമാണ് ഇത്തരം ചൂഷണങ്ങൾ. ആയിരക്കണക്കിന് യുവതികൾ ഇതിൽ പെട്ടുപോയിട്ടുണ്ടെന്ന് വാർത്താ ചാനലുകളും റിപ്പോർട്ട് ചെയ്തു. പരസ്യം നൽകിയാണ് ഇരകളെ കണ്ടെത്തുന്നത്. വാടകയും ഭക്ഷണവും സൗജന്യമെന്ന് കാണിച്ചാണ് പരസ്യം നൽകുക. പങ്കാളിയായി താമസിച്ച് ക്ലീനിംഗും കുക്കിംഗും മറ്റും ചെയ്യാൻ താൽപര്യമുള്ളവർ ബന്ധപ്പെടണമെന്ന് വ്യക്തമായി കാണിക്കുന്നതാണ് പരസ്യങ്ങൾ. രണ്ടാഴ്ച ഒരുമിച്ച് താമസിക്കാനെത്തുന്ന വനിതകളുടെ താൽപര്യമനുസരിച്ച് കാലാവധി നീട്ടാവുന്നതാണെന്നും പരസ്യത്തിലുണ്ട്. ഭരണത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിൽ വനിതകളുള്ള ബ്രിട്ടനിലാണ് ഏറ്റവും സ്ത്രീ വിരുദ്ധമായ ഏർപ്പാട് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. വ്യഭിചാരത്തിന് പ്രേരിപ്പിക്കുന്നതിന് തുല്യമായ ഇത്തരം പരസ്യങ്ങളിലൂടെ വനിതകളെ ക്ഷണിക്കുന്നവർക്ക് ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്. ലണ്ടൻ നഗരത്തിൽ ഭവനങ്ങൾ ആവശ്യത്തിനില്ലെന്ന് മേയർ സാദിഖും വ്യക്തമാക്കി.






