Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

പ്രക്ഷോഭം തിരയടിക്കുന്ന വിഴിഞ്ഞം തുറമുഖം

കാടിന്റെ അവകാശികൾ ആദിവാസികളും മണ്ണിന്റെ അവകാശികൾ ദളിതരും തോട്ടങ്ങളുടെ അവകാശികൾ തോട്ടം തൊഴിലാളികളും എന്നൊക്കെ പറയുന്നതു പോലെയുള്ള ഏറ്റവും അടിസ്ഥാനപരമായ ഒരു ജനാധിപത്യാവകാശ പ്രശ്‌നമാണ് ഈ സമരമുയർത്തുന്നത്. അതിനാലത് പരാജയപ്പെടരുത്. അദാനി വിഴിഞ്ഞം വിടുക എന്ന ആവശ്യം തന്നെയാണ് ഇപ്പോൾ ഉയർത്തിപ്പിടിക്കേണ്ടത് എന്നർത്ഥം.

 

വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം തുടരുകയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ  31 ാം തീയതി വരെ സമരം തുടരാനാണ്  തീരുമാനം. പതിവുപോലെ പുറമേനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നാണ് സർക്കാരിന്റെ ആക്ഷേപം. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാതെ, ജില്ല ഭരണകൂടത്തെക്കൊണ്ട് ക്രമസമാധാന പ്രശ്‌നം ചർച്ച ചെയ്യിക്കാനാണ് സർക്കാർ നീക്കം. അതിന് സമരത്തിനു നേതൃത്വം കൊടുക്കുന്ന ലത്തീൻ അതിരൂപത നേതൃത്വം തയാറായിട്ടില്ല. അതേസമയം വിഴിഞ്ഞമടക്കം കേരളത്തിലെ കടൽതീരം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളെ കുറിച്ച് സംസ്ഥാന - കേന്ദ്ര മന്ത്രിമാരടക്കം പങ്കെടുക്കുന്ന ചർച്ച ദൽഹിയിൽ നടക്കുന്നുണ്ട്. സമരത്തെ തുടർന്ന് വിഴിഞ്ഞം അദാനി തുറമുഖ നിർമാണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

രൂക്ഷമായ കടലേറ്റവും തീരം കടൽ എടുക്കുന്നതു മൂലവും നിരവധി പേരാണ് ഭവനരഹിതരായതെന്നും വിഴിഞ്ഞം അദാനി തുറമുഖ നിർമാണം ആരംഭിച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണമെന്നുമാണ് മത്സ്യത്തൊഴിലാളികളും ലത്തീൻ രൂപതയും പറയുന്നത്. തീരശോഷണം മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് താത്കാലികമായി സർക്കാർ നേതൃത്വത്തിൽ വാടക ഒഴിവാക്കി താമസ സൗകര്യം ഒരുക്കുക, തത്തുല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക, തീരശോഷണത്തിന്റെ കാരണം അറിയാൻ തുറമുഖ നിർമാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക,   മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് മോഡൽ സബ്‌സിഡി നൽകുക, കാലാവസ്ഥ മുന്നറിയിപ്പ് മൂലം ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകുക,  മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് ഉൾപ്പെടെ നടത്തി  മത്സ്യബന്ധനത്തിന് യോഗ്യമാക്കുക  തുടങ്ങിയവയാണ് ഇവരുന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. 22 ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോൾ സമരം അങ്ങോട്ടേക്കും വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനം.  

വിഴിഞ്ഞം അദാനി തുറമുഖ നിർമാണം മൂലം തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളിൽ ഉണ്ടായിരിക്കുന്ന കെടുതികൾക്കെതിരെ  ജൂൺ 5 മുതലാണ് ശംഖുമുഖത്ത് അദാനിയുടെ വിമാനത്താവള ഗേറ്റിന് മുമ്പിൽ  ഇപ്പോഴത്തെ സമരമാരംഭിച്ചത്. ജൂലൈ 20 മുതൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ''അതിജീവന ഭീഷണി നേരിടുന്ന തീരദേശം'' സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചു. തീരശോഷണത്തിനു പ്രധാന കാരണം തുറമുഖ നിർമാണമെന്നു വ്യക്തമായിട്ടും അതംഗീകരിക്കാൻ സർക്കാരോ അദാനിയോ തയാറാകാത്തതിനു കാരണം മറ്റൊന്നല്ല, തീരശോഷണം നിരീക്ഷിക്കപ്പെടുകയാണെങ്കിൽ പദ്ധതി നടത്തുന്നവർ ഉചിതമായ പരിഹാര നടപടികൾ പദ്ധതി നടത്തുന്നവരുടെ ചെലവിൽ ചെയ്യണം എന്നാണ് ഹരിത ട്രൈബ്യൂണൽ നൽകിയിട്ടുള്ള വിധിയിലുള്ളത് എന്നതു തന്നെ. 2015 ഡിസംബറിൽ അദാനി തുറമുഖ നിർമാണം ആരംഭിച്ചപ്പോൾ മുതൽ തന്നെ  വിഴിഞ്ഞത്തിന് വടക്കുള്ള  പനത്തുറ മുതൽ വേളി വരെയുള്ള തീരപ്രദേശങ്ങളിലെ കടൽതീര ശോഷണം പതിന്മടങ്ങ് വർധിക്കുകയും നൂറുകണക്കിന് വീടുകൾ കടലേറ്റത്തിൽ തകരുകയും ചെയ്തിരുന്നു. അവർ ഇന്നും അഭയാർത്ഥികളെ പോലെ സ്‌കൂളുകളിലും ഗോഡൗണുകളിലുമായി കഴിയുകയാണ്. 
ഭരണാധികാരികൾ അദാനിയുടെ വാണിജ്യ തുറമുഖ നിർമാണമാണ് ഈ നാശനഷ്ടങ്ങൾക്ക് കാരണമെന്ന് അംഗീകരിക്കാൻ തയാറാകുന്നില്ല. പകരം അവർക്ക് കൂടുതൽ കടൽ മേഖലയും കടൽതീരങ്ങളും ഭൂമിയും സൗജന്യമായി നൽകുന്ന നടപടികളാണ് തുടരുന്നത്.  പശ്ചിമഘട്ട മലനിരകളിൽ നിന്നും പദ്ധതിക്ക് വേണ്ടി പാറക്കല്ലുകൾ ഖനനം ചെയ്തെടുക്കാൻ നേരിട്ട് അദാനിക്ക് നിരവധി ക്വാറികൾ അനുവദിച്ചതും ഓർക്കേണ്ടതുണ്ട്. 
ഏറെ ചർച്ച ചെയ്തതാണെങ്കിലും തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് സർക്കാരും അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ഇപ്പോൾ ഓർക്കുന്നത് നന്നായിരിക്കും.  
വിഴിഞ്ഞം പോർട്ട് അദാനിക്ക് നൽകിയിരിക്കുന്നത് 40 വർഷത്തേക്കാണ്. ഇത് 60 വർഷത്തേക്ക് നീട്ടുകയും ആകാം. രാജ്യത്തെ മറ്റു തുറമുഖങ്ങളുടെ സ്വകാര്യ കമ്പനികളുമായുള്ള കരാർ 30 വർഷത്തേക്കാണ്. സംസ്ഥാന സർക്കാരിന് വിഴിഞ്ഞം പദ്ധതിയിൽ പ്രതിവർഷം ലഭിക്കാൻ പോകുന്ന ലാഭം 20 വർഷങ്ങൾക്ക് ശേഷം 1% ആണ്. അതുവരെ ലാഭം കമ്പനിക്കാണ്. നിയമപരമായി പടിഞ്ഞാറൻ തീരത്ത് വിനോദ സഞ്ചാര മേഖലയായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മേഖലയിൽ യാതൊരു നിർമാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ല എന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഒരു ഘട്ടത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം സ്റ്റേ ചെയ്തിരുന്നു. അന്ന് സർക്കാർ ഹരിത ട്രിബ്യൂണലിൽ കൊടുത്ത ഉറപ്പ് ഈ പദ്ധതിയുമായി ഇനി മുന്നോട്ടു പോവില്ല എന്നായിരുന്നു. എന്നാൽ അതെല്ലാം ലംഘിച്ചാണ് പിന്നീട് പദ്ധതിയുമായി  മുന്നോട്ടു പോയത്. പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ ആകെ 2650 പേർക്കാണ് നേരിട്ടും പരോക്ഷമായും തൊഴിൽ ലഭിക്കാൻ പോകുന്നത് എന്നതാണ് സർക്കാരിന്റെ കണക്ക്. മറുവശത്ത് 18,929 മത്സ്യ ത്തൊഴിലാളി കുടുംബങ്ങളെയാണ് പദ്ധതി വിപരീതമായി ബാധിക്കുക എന്നാണ് സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ് വ്യക്തമാക്കുന്നത്. പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും തൊഴിലിനും സംരക്ഷണം ഉറപ്പു വരുത്തിക്കൊണ്ട് പ്രഖ്യാപിച്ച  പാക്കേജുകൾ പോലും നടപ്പാക്കിയില്ല.  പദ്ധതിയുടെ നിർമാണ സമയത്ത് 2000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇതിൽ 50 ശതമാനം പ്രദേശവാസികൾക്ക് സംവരണം ചെയ്യുമെന്നും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഒന്നും നടന്നില്ല.  അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് പദ്ധതി പ്രദേശം നേരിടുന്നത്.  പ്രദേശത്തെ പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നിവ ശക്തിപ്പെടുത്തുമെന്നുള്ള വാഗ്ദാനങ്ങളും കടലാസിൽ ഒതുങ്ങി.  
ഈ സാഹചര്യത്തിൽ അതിജീവനത്തിനായുള്ള ഈ പോരാട്ടത്തോട് സഹകരിക്കുകയാണ് ജനാധിപത്യ വിശ്വാസികൾ ചെയ്യേണ്ടത്. അതോടൊപ്പം തീരങ്ങളുടെ യഥാർത്ഥ അവകാശികൾ ആരെന്ന ചോദ്യത്തിന് അത് മത്സ്യത്തൊഴിലാളികൾ എന്നു തന്നെ വിളിച്ചു പറയണം. കാടിന്റെ അവകാശികൾ ആദിവാസികളും മണ്ണിന്റെ അവകാശികൾ ദളിതരും തോട്ടങ്ങളുടെ അവകാശികൾ തോട്ടം തൊഴിലാളികളും എന്നൊക്കെ പറയുന്നതു പോലെയുള്ള ഏറ്റവും അടിസ്ഥാനപരമായ ഒരു ജനാധിപത്യാവകാശ പ്രശ്‌നമാണ് ഈ സമരമുയർത്തുന്നത്. അതിനാലത് പരാജയപ്പെടരുത്. അദാനി വിഴിഞ്ഞം വിടുക എന്ന ആവശ്യം തന്നെയാണ് ഇപ്പോൾ ഉയർത്തിപ്പിടിക്കേണ്ടത് എന്നർത്ഥം.

Latest News