Sorry, you need to enable JavaScript to visit this website.

ജനകീയമാകുന്ന സൗദി റെയിൽവേ

റെയിൽ, റോഡ് ഗതാഗത രംഗത്ത് മാത്രമല്ല, വ്യോമ, കടൽ ഗതാഗത രംഗത്തും സൗദി വൻ കുതിച്ചുചാട്ടമാണ് നടത്തിവരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും പട്ടികയിൽ സൗദിയിലെ നാലു വിമാനത്താവളങ്ങളും മൂന്ന് തുറമുഖങ്ങളുമാണ് ഇടം പിടിച്ചത്. കഴിഞ്ഞ വർഷം സൗദി റെയിൽവേയിലൂടെ മൂന്ന് ദശലക്ഷം പേരും വിമാനത്താവളങ്ങളിലൂടെ 65 ദശലക്ഷം യാത്രക്കാരുമാണ്  സഞ്ചരിച്ചത്. 


പഴയകാല കരിവണ്ടി പോലെ സൗദി റെയിൽവേയുടെ വേഗം അടുത്ത കാലം വരെ മെല്ലെയായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി അതല്ല, കുതിച്ചു പായുകയാണ്. അതിവേഗം ബഹുദൂരം പിന്നിടാനുള്ള പദ്ധതികളും പരിപാടികളുമായി സൗദി അറേബ്യൻ റെയിൽവേ അനുദിനം ശക്തി പ്രാപിക്കുകയാണ്. യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന സൗദി ജനത ആഭ്യന്തര യാത്രക്ക് അധികവും ആശ്രയിച്ചിരുന്നത് റോഡ് ഗതാഗതത്തെയായിരുന്നു. പെട്രോൾ വിലക്കുറവും അതിവിപുലമായ റോഡ് സൗകര്യവും മികച്ച വാഹനങ്ങളുടെ ലഭ്യതയുമായിരുന്നു ഇതിനു കാരണം. ഈ സൗകര്യങ്ങൾ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലെങ്കിലും ഈയിടെയായി ട്രെയിൻ ഗതാഗത സൗകര്യം വർധിക്കാൻ തുടങ്ങിയതോടെ ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. റോഡ് യാത്രയെ അപേക്ഷിച്ച് ചെലവ് കൂടുതലാണെങ്കിലും വേഗത്തിലും സുരക്ഷിതമായും ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുമെന്നതാണ് ട്രെയിൻ യാത്രയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാൻ കാരണം.  ഹൈ സ്പീഡീൽ പായുന്ന ആധുനിക സൗകര്യങ്ങളുള്ള ട്രെയിൻ ഗതാഗതം വിപുലമാവാൻ തുടങ്ങിയതും ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവരുടെ എണ്ണം കൂട്ടി. കഴിഞ്ഞ ആറു മാസത്തിനിടെ ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണത്തിൽ 121 ശതമാനം വർധനയാണ് സൗദിയിലുണ്ടായത്. 
ഈ വർഷം ആദ്യ ആറു മാസത്തിൽ ട്രെയിനുകളിൽ 23 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്.  സൗദിയിൽ നിലവിൽ തെക്കുവടക്ക് പാത, റിയാദ്-ദമാം പാത, ഇരു ഹറമുകളെയും ബന്ധിപ്പിച്ചുള്ള ഹറമൈൻ പാത എന്നിങ്ങനെ മൂന്നു പാതകളാണുള്ളത്. ഇതിലൂടെ ഓടുന്ന ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിലാണ് ആറു മാസത്തിനിടെ വൻവർധന രേഖപ്പെടുത്തിയത്.  കഴിഞ്ഞ വർഷം ഇതേ കാലയളവിൽ യാത്ര ചെയ്തവരേക്കാൾ 121 ശതമാനം വർധന. ചരക്കു ഗതാഗതത്തിലും ഇക്കാലയളവിൽ വൻ കുതിച്ചുചാട്ടമുണ്ടായി.  ആറു മാസത്തിനിടെ ചരക്കു വണ്ടികളിലൂടെ 67.5 ലക്ഷത്തിലേറെ ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധന.  ഇതിലൂടെ ഏറ്റവും വലിയ നേട്ടം ഉണ്ടായത് പരിസ്ഥിതിക്കാണ്. 8,71,000 ലേറെ ലോറികളെ റോഡുകളിൽനിന്ന് മാറ്റി നിർത്താനായതിലൂടെ അത്രയും അന്തരീക്ഷ മലിനീകരണം കുറക്കാൻ കഴിഞ്ഞു. 


ട്രെയിൻ ഗതാഗതത്തിൽ 92 ശതമാനം യാത്രക്കാരും ചരക്കു നീക്കത്തിൽ 96 ശതമാനം  ഉപയോക്താക്കളും സംതൃപ്തരാണ്. മികച്ച സേവനമാണ് മൂന്നു പാതകളിലും ലഭിച്ചു വരുന്നത്.  മക്കയെയും മദീനയെയും ബന്ധിപ്പിച്ചുള്ള ഹൈ സ്പീഡ് ഹറമൈൻ ട്രെയിനിൽ പലപ്പോഴും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. ആഭ്യന്തര യാത്രക്കാർ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാനെത്തുന്ന തീർഥാടകരിൽ അധികം പേരും ഇപ്പോൾ മക്ക-മദീന യാത്രക്ക് ഈ ട്രെയിൻ സർവീസിനെയാണ്  ആശ്രയിക്കുന്നത്. 300 കിലോമീറ്റർ വേഗത്തിൽ കുതിച്ചു പായുന്ന 450 കിലോമീറ്റർ ദൂരം വരുന്ന പാതയിലൂടെയുള്ള ഹറമൈൻ ട്രെയിൻ സർവീസ് മികവുറ്റ സേവനമാണ് യാത്രക്കാർക്കു നൽകി വരുന്നത്. സമയ നിഷ്ഠയും അതിവേഗവും യാത്രക്കാരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. 2750 കിലോമീറ്റർ ദൈർഘ്യം വരുന്ന റിയാദിൽനിന്ന് ജോർദാൻ അതിർത്തി വരെയുള്ള നോർത്ത്-സൗത്ത് ലൈനിലൂടെയും 450 കിലോമീറ്റർ വരുന്ന സൗദിയുടെ പ്രഥമ റെയിൽ പാതയായ റിയാദ്-ദമാം ലൈനിലൂടെയുമുള്ള സർവീസുകളും കൂടുതൽ പേർ പ്രയോജപ്പെടുത്താൻ തുടങ്ങിയതോടെ ഈ ലൈനിലും തിരക്കേറുകയാണ്.


നിലവിലെ 3650 കിലോമീറ്റർ ദൈർഘ്യം വരുന്ന സൗദിയിലെ റെയിൽവേ പാത മൂന്നിരട്ടിയോളമായി വർധിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 8000 കിലോമീറ്റർ കൂടി പുതുതായി റെയിൽ പാതയുണ്ടാക്കാനുള്ള പദ്ധതികൾ ആവിഷകരിച്ചിട്ടുണ്ടെന്ന് നിക്ഷേപ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി ഖാലിദ് ആൽ ഫാലിഹ് ഈ വർഷം ആദ്യം വ്യക്തമാക്കിയിരുന്നു. തലസ്ഥാന നഗരിയായ റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന പാത ഉൾപ്പെടെ വ്യവസായ നഗരികളെ ബന്ധിപ്പിക്കുന്ന ചരക്കു ഗതാഗതത്തിനുള്ള പാതകളും പുതിയ പദ്ധതികളിലുൾപ്പെടും.  ഇതിനു പുറമെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈപർലൂപ് പാതയുടെ നിർമാണം സംബന്ധിച്ച പഠനവും നടന്നു വരികയാണ്. ഇതിനായി വിർജീൻ ഹൈപർലൂപ് വണുമായി സൗദി ധാരണ പത്രം ഒപ്പുവെച്ചിട്ടുണ്ട്. റിയാദിൽനിന്ന് ജിദ്ദയിലെത്താൻ വെറും 46 മിനിറ്റ് മാത്രം വേണ്ടിവരുന്ന ഹൈപർലൂപ് സംവിധാനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. നിയോം സിറ്റിയെ ജിദ്ദയുമായും (40 മിനിറ്റ്), റിയാദ്, ജുബൈൽ നഗരങ്ങളെ ബന്ധിപ്പിക്കുന്ന (28 മിനിറ്റ്) പാതയും റിയാദ് അബുദാബി ഹൈപർലൂപ് പാതയും (48 മിനിറ്റ്)  പരിഗണനയിലാണ്. 


വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാധൂകരിക്കാൻ സഹായിക്കുന്ന ഇത്തരം ഒട്ടേറെ വികസന പദ്ധതികളാണ് സൗദി റെയിൽവേ ലക്ഷ്യമിടുന്നത്. 
പുതിയ പാതകളുടെ നിർമണത്തിലൂടെ ആയിരക്കണക്കിനു തൊഴിൽ സാധ്യതകളാണ് സൃഷ്ടിക്കപ്പെടുക. നിലവിലെ റെയിൽ പാതകളുമായി ബന്ധപ്പെട്ട് നൂറുകണക്കിനു തദ്ദേശീയരായ യുവജനങ്ങൾക്കാണ് ജോലി ലഭിച്ചത്. ഇതിൽ തൊഴിൽ രംഗത്തെ സ്ത്രീകളുടെ മുന്നേറ്റമാണ് എടുത്തു പറയേണ്ടത്. സൗദി റെയിൽവേയിൽ നിരവധി സ്ത്രീകൾ ജീവനക്കാരായുണ്ടെങ്കിലും അതിവേഗ ട്രെയിനിന്റെ നിയന്ത്രണ രംഗത്തേക്ക് അവർ എത്തിപ്പെട്ടിരുന്നില്ല. ഇപ്പോൾ ഈ രംഗത്തും അവരുടെ സാന്നിധ്യമായി. ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ നിയന്ത്രിക്കുന്നതിന് 31 വനിതകളാണ് പരിശീലനം നടത്തി വരുന്നത്. പ്രാഥമിക പരശീലനം പൂർത്തിയാക്കി പ്രായോഗിക പരിശീലനത്തിലാണ് ഇവർ. താമസിയാതെ ഹൈ സ്പീഡ് ട്രെയിനിന്റെ നിയന്ത്രണം പൂർണ തോതിൽ ഇവരുടെ കൈകളിലാവും. ഹൈ സ്പീഡ് റെയിൽ നിയന്ത്രിക്കുന്ന കൺസോർഷ്യത്തിലെ ഏറ്റവും വലിയ ഓഹരി ഉടമയായ സ്പാനിഷ് കമ്പനിയായ റെൻഫെയും സൗദി റെയിൽവേ പോളിടെക്നിക്കും സംയുക്തമായാണ് ഇവർക്കു പരീശീലനം നൽകുന്നത്. വനിത ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള പരസ്യത്തിന് വൻ പ്രതികരണമാണ് ലഭിച്ചത്. 28,000 അപേക്ഷകർ ഈ ജോലിയിൽ താൽപര്യപ്പെട്ട് അപേക്ഷിച്ചിരുന്നു. ഇവരിൽനിന്നുമാണ് 31 പേരെ തെരഞ്ഞെടുത്തത്. 


റെയിൽ, റോഡ് ഗതാഗത രംഗത്തു മാത്രമല്ല, വ്യോമ, കടൽ ഗതാഗത രംഗത്തും സൗദി വൻ കുതിച്ചുചാട്ടമാണ് നടത്തിവരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും പട്ടികയിൽ സൗദിയിലെ നാലു വിമാനത്താവളങ്ങളും മൂന്ന് തുറമുഖങ്ങളുമാണ് ഇടം പിടിച്ചത്. കഴിഞ്ഞ വർഷം സൗദി റെയിൽവേയിലൂടെ മൂന്ന് ദശലക്ഷം പേരും വിമാനത്താവളങ്ങളിലൂടെ 65 ദശലക്ഷം യാത്രക്കാരുമാണ്  സഞ്ചരിച്ചത്.   ലോകത്തിലെ ഏറ്റവും മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ നാല് സൗദി വിമാനത്താവളങ്ങളോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച 100 വിമാന കമ്പനികളുടെ പട്ടികയിൽ ദേശീയ വിമാനക്കമ്പനിയായ സൗദിയയും ഇടം നേടിയെന്നത് ഗതാഗത, ലോജിസ്റ്റിക് സേവനങ്ങളിലെ സൗദിയുടെ മികവിനെയാണ് കാണിക്കുന്നത്. 

Latest News