Sorry, you need to enable JavaScript to visit this website.

അവരെ ജയിലിലേക്ക് തിരിച്ചയക്കണം, ബില്‍കിസ് ബാനു കേസില്‍ സുപ്രീം കോടതിയോട് ആറായിരം പേര്‍

ന്യൂദല്‍ഹി- ബില്‍ക്കിസ് ബാനു കേസില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പേരുടെ ശിക്ഷാ ഇളവ് റദ്ദാക്കണമെന്ന് തൊഴിലാളികളും സ്ത്രീകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 6,000-ത്തിലധികം പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താനയില്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

കൂട്ടബലാത്സംഗത്തിനും ആള്‍ക്കൂട്ട കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട 11 പേര്‍ക്കുള്ള ശിക്ഷാ ഇളവ് ബലാത്സംഗ ഇരകള്‍ക്ക് രാജ്യത്തെ  വ്യവസ്ഥയിലും നീതിയിലുമുളള വിശ്വാസം തകര്‍ക്കുമെന്ന്  സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ആക്ടിവിസ്റ്റുകളായ സൈദ ഹമീദ്, സഫറുല്‍ ഇസ്ലാം ഖാന്‍, രൂപ് രേഖ, ദേവകി ജെയിന്‍, ഉമാ ചക്രവര്‍ത്തി, സുഭാഷിണി അലി, കവിതാ കൃഷ്ണന്‍, മൈമൂന മൊല്ല, ഹസീന ഖാന്‍, രചന മുദ്രബോയിന, ശബ്നം ഹാഷ്മി തുടങ്ങിയവരുടേതാണ് സംയുക്ത പ്രസ്താവന. സഹേലി വിമന്‍സ് റിസോഴ്സ് സെന്റര്‍, ഗമന മഹിളാ സമൂഹ, ബേബാക്ക് കളക്ടീവ്, ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വിമന്‍സ് അസോസിയേഷന്‍, ഉത്തരാഖണ്ഡ് മഹിളാ മഞ്ച്, സ്ത്രീപീഡനത്തിനെതിരെയുള്ള ഫോറം, പ്രഗതിശീല്‍ മഹിളാ മഞ്ച്, പര്‍ച്ചം കളക്ടീവ്, ജാഗ്രത് ആദിവാസി ദളിത് സംഘടന തുടങ്ങിയ പൗരാവകാശ സംഘടനകളും ആവശ്യം ഉന്നയിച്ചു.

കൊലപാതകികളെയും ബലാത്സംഗ കുറ്റവാളികളേയും നേരത്തെ വിട്ടയക്കുന്നത് ബലാത്സംഗവും സ്ത്രീകള്‍ക്കെതിരായ മറ്റ് അക്രമങ്ങളും ചെയ്യുന്ന പുരുഷന്മാര്‍ക്ക് കൂടുതല്‍ ബലം പകരും.
നീതിയിലുള്ള സ്ത്രീകളുടെ വിശ്വാസം പുനഃസ്ഥാപിക്കപ്പെടാന്‍ 11 കുറ്റവാളികളുടെ ശിക്ഷാ ഇളവ് ഉടനടി റദ്ദാക്കണമെന്നും ജീവപര്യന്തം അനുഭവിക്കാന്‍ ജയിലിലേക്ക് തന്നെ തിരിച്ചയക്കണമെന്നും പ്രസ്താവനയില്‍  ആവശ്യപ്പെട്ടു.  

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പതിനൊന്ന് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ശിക്ഷാ  ഇളവ് നയം അനുസരിച്ചാണ് ഓഗസ്റ്റ് 15 ന് ഗോധ്ര സബ് ജയിലില്‍ നിന്ന് മോചിതരായത്.
ഗുജറാത്ത് കലാപവേളയില്‍ ബില്‍ക്കിസ് ബാനവിനെ ബലാത്സംഗം ചെയ്യകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 2008 ജനുവരി 21-നാണ് മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഗോധ്ര ട്രെയിന്‍ കത്തിച്ചതിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയാകുമ്പോള്‍ 21 വയസ്സായിരുന്ന ബില്‍ക്കിസ്  ബാനു അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ബാനുവിന്റെ മൂന്നു വയസ്സായ മകളും ഉള്‍പ്പെടുന്നു.

 

Latest News