ഡിലീറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും വോയിസുകളും വീണ്ടും ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്‌സാപ്പ് പുതിയ അപ്‌ഡേറ്റിൽ ഉൾപ്പെടുത്തി. 2.18.106, 2.18.110 എന്നീ അപ്‌ഡേറ്റുകളിൽ അധികം പ്രചാരം നൽകാതെ തന്നെയാണ് ഈ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്.
ചിത്രങ്ങളും വീഡിയോകളും വോയിസ് മെസേജുകളും മറ്റും വാട്ട്‌സാപ്പ് ഫോൾഡറിൽനിന്ന് ഡിലീറ്റ് ചെയ്താൽ പിന്നീട് അവ വീണ്ടെടുക്കാൻ സാധ്യമല്ലായിരുന്നു.
മത്സരം കടുത്തതോടെ മുൻനിര സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ വാട്‌സാപ്പ് ഓരോ പതിപ്പിലും മാറ്റങ്ങൾ വരുത്തി പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നുണ്ട്. വരാനിരിക്കുന്ന അടുത്ത പതിപ്പിലും വാട്‌സാപ്പ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി ഫീച്ചറുകളാണ്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡിലീറ്റ് ചെയ്ത മീഡിയ ഫയലുകൾ സെർവറിൽനിന്ന് വീണ്ടു ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ടെന്ന്
വാട്‌സാപ്പ് മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കളിലെത്തിക്കുന്ന വാബീറ്റഇൻഫോ സൈറ്റിൽ പറയുന്നു.
വാട്‌സാപ്പ് വഴി പങ്കുവെക്കുന്ന ഓരോ ഫയലുകളും സർവറിൽ സൂക്ഷിക്കുന്നുണ്ട്. ഈ ഫയലുകൾ നാം നീക്കം ചെയ്താലും വാട്‌സാപ്പ് സർവറുകളിൽ വർഷങ്ങളോളം സൂക്ഷിക്കും. ഈ ഫയലുകൾ വീണ്ടും വേണമെന്ന് തോന്നിയാൽ തിരിച്ചെടുക്കാൻ കഴിയുമെന്ന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. വാട്‌സാപ്പ് ആൻഡ്രോയ്ഡ് വേർഷൻ 2.8.113 പതിപ്പിൽ ഈ ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ വാട്‌സാപ്പിൽ വന്ന ഫയലുകൾ നീക്കം ചെയ്താൽ പിന്നെ ഡൗൺലോഡ് ചെയ്യാൻ കഴിയില്ലായിരുന്നു. നമ്മൾ ഡിലീറ്റ് ചെയ്താലും വാട്‌സാപ്പ് സെർവറിൽ അവ സൂക്ഷിക്കുന്നുവെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഡൗൺലോഡ് ചെയ്യാത്ത മീഡിയ ഫയലുകൾ 30 ദിവസം വരെ നേരത്തെ തന്നെ വാട്‌സാപ്പ് സെർവറിൽ ഉണ്ടാകുമായിരുന്നു. സ്വീകർത്താവ് മീഡിയ ഫയൽ ഡൗൺലോഡ് ചെയ്യുന്നതോടെ അത് വാട്‌സാപ്പ് സെർവറിൽനിന്നും നീക്കുകയാണ് പതിവ്. ഈയടുത്താണ് ഈ രീതിയിൽ മാറ്റം വരുത്തിയത്. ലഭിച്ച മീഡിയ ഫയലുകൾ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാലും വാട്‌സാപ്പ് അവ സെർവറിൽനിന്ന് നീക്കം ചെയ്യുന്നില്ല. എസ്ഡി കാർഡിലോ വാട്‌സാപ്പ് ഫോൾഡറിലോ സേവ് ചെയ്യുമ്പോൾ നഷ്ടപ്പെട്ടുപോയാൽ ഫയലുകൾ വീണ്ടും ഡൗൺലോഡ് ചെയ്യുന്നതിന് അനുവദിക്കാനാണിത്. രണ്ടും മൂന്നും മാസം മുമ്പ് അയച്ച വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ ഡൗൺലോഡ് ചെയ്തതായി വാബീറ്റഇൻഫോ പറയുന്നു.
എന്നാൽ വർഷങ്ങൾക്ക് മുമ്പ് നീക്കം ചെയ്ത ഫയലുകൾ കിട്ടാൻ സാധ്യതയില്ല. 2017 ഓഗസ്റ്റിൽ അയച്ച ഒരു മീഡിയാ ഫയൽ ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ അയച്ചയാളോട് വീണ്ടും അയക്കാൻ നിർദേശിക്കാനാണ് വാട്‌സാപ്പ് നൽകിയ മറുപടി. നമ്മൾ തന്നെ വാട്‌സാപ്പിൽനിന്ന് ഡിലീറ്റ് ചെയ്താലും ഫയലുകൾ വീണ്ടെടുക്കാനാവില്ല. എസ്ഡി കാർഡിൽനിന്നും ഫോണിൽനിന്നും ഡിലീറ്റ് ചെയ്ത ഫയലുകളാണ് വീണ്ടും ഡൗൺലോഡ് ചെയ്യാൻ സാധിക്കുക. നിങ്ങൾ നടത്തിയ ചാറ്റിൽ മെസേജ് ഉണ്ടെങ്കിൽ അത് മാസങ്ങൾ പഴകിയാലും ഡൗൺലോഡ് ചെയ്യാം. അയക്കുന്നതു മുതൽ സ്വീകരിക്കന്നതു വരെ മീഡിയ ഫയലുകൾ എൻക്രിപ്റ്റ് ചെയ്തതിനാൽ അവ വാട്‌സാപ്പ് സെർവറുകളിൽ ഉണ്ടെന്നുവെച്ച് ആശങ്കപ്പെടാനൊന്നുമില്ല. ആപ്പിൾ ഉപയോക്താക്കൾക്ക് ഈ സൗകര്യം ലഭിക്കില്ല.