കൊച്ചി- മകനുനേരെ സ്വകാര്യ ബസ് ജീവനക്കാര്‍ കത്തിയെടുത്തതു കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. ഫോര്‍ട്ട്കൊച്ചി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് (54) മരിച്ചത്. പറവൂര്‍ കണ്ണന്‍കുളങ്ങരയിലാണ് സംഭവം.
വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് ബസ് ജീവനക്കാരന്‍ കത്തിയെടുക്കുന്നതിലെത്തിച്ചത്.
ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചിരുന്നത്. കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന 'നര്‍മദ' ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ കണ്ണാടിയില്‍ മുട്ടിയെന്നാണു ഫര്‍ഹാന്റെ മൊഴി. അമിത വേഗത്തിലായിരുന്നു ബസ്. ഇത് ചോദ്യം ചെയ്തപ്പോള്‍ ബസ് ജീവനക്കാര്‍ ആക്രമിച്ചുവെന്ന് ഫര്‍ഹാന്‍ പറഞ്ഞു.
ബസ് നിര്‍ത്താതെ പോയതോടെ ഫര്‍ഹാന്‍ ബസിനു മുന്‍പില്‍ കാര്‍ കൊണ്ടുവന്നിട്ടു തടഞ്ഞിരുന്നു. വാക്കുതര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരന്‍ വാഹനത്തില്‍നിന്ന്് കത്തിയെടുത്തു ഫര്‍ഹാനെ കുത്താന്‍ ശ്രമിച്ചു. ഫര്‍ഹാന്റെ കൈക്ക് മുറിവേറ്റതോടെയാണ് കാറിലുണ്ടായിരുന്ന ഫസലുദ്ദീന്‍ കുഴഞ്ഞുവീണത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ വാഹനവുമായി സ്ഥലം വിട്ടു. ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.






