ന്യൂദല്‍ഹി- രാാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ പീഡനമില്ലെന്നും തെറ്റിദ്ധാരണ പരത്തുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന പൊതുതാല്‍പര്യ ഹരജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ക്രിസ്തുമത വിശ്വാസികള്‍ക്കെതിരെ ഇന്ത്യയില്‍ യാതൊരുവിധ അതിക്രമവും നടക്കുന്നില്ല. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ വേണ്ടി വ്യാജമായി ഇത്തരത്തില്‍ പ്രചരിപ്പിക്കുകയാണ്. നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഭാഗമായാണ് ഇത്തരം അസത്യ പ്രചരണങ്ങളെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ബാംഗ്ലൂര്‍ രൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാദോ, നാഷണല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഡെപ്യൂട്ടി സെക്രട്ടറി ഹരജിയില്‍ വിയോജിപ്പ് വ്യക്തമാക്കിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണ് കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
്‌കേന്ദ്രത്തിന്റെ നിലപാടിന് മറുപടി പറയാന്‍ സമയം വേണമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഡോ. കോളിന്‍ ഗോണ്‍സാല്‍വസകോടതിയോട് അഭ്യര്‍ഥിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.
പത്ര വാര്‍ത്തകള്‍ വിശ്വസിച്ചാണ് ഹരജിയെന്ന് കേന്ദ്രം വ്യക്തമാക്കി. ക്രൈസ്തവര്‍ക്കെതിരെ പീഡനങ്ങള്‍ നടക്കുന്നുവെന്ന് പറയുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലതും വളച്ചൊടിച്ചതോ തെറ്റായതോ ആണെന്നാണ് തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാല്‍ ഉണ്ടായിട്ടുള്ള ക്രിമിനല്‍ കേസുകള്‍ക്കും വര്‍ഗീയനിറം ചാര്‍ത്തുകയാണ്. ക്രൈസ്തവര്‍ക്കെതിരെ എന്തെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അതൊക്കെയും ക്രൈസ്തവര്‍ക്കെതിരായ അതിക്രമമായി വളച്ചൊടിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കട്ടി.






