Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിലേക്ക് തീർത്ഥയാത്ര പോയ സിഖ് യുവതി മതംമാറി പാക് യുവാവിനെ വിവാഹം ചെയ്തു (Video)

ചണ്ഡീഗഡ്- പാക്കിസ്ഥാനിലേക്ക് തീർത്ഥയാത്രപോയ സിക്ക് യുവതി ഇസ്‌ലാം മതം സ്വീകരിച്ച് പാക് പൗരനെ വിവാഹം ചെയ്തു. പഞ്ചാബിലെ ഹൊഷൈർപൂരിൽനിന്ന് പാക്കിസ്ഥാനിലേക്ക് തീർത്ഥയാത്ര പോയ സംഘത്തിലെ കിരൺ ബാല എന്ന യുവതിയാണ് മതംമാറിയ ശേഷം വിവാഹിതയായത്. ഇക്കഴിഞ്ഞ ഏപ്രിൽ പന്ത്രണ്ടിനാണ് എസ്.ജി.പി.സി പ്രതിനിധി സംഘത്തിന്റെ ഭാഗമായി കിരൺബാല പാക്കിസ്ഥാനിലേക്ക് പോയത്. ഏപ്രിൽ പതിനാറിന് ഇവിരെ കാണാതാകയും ചെയ്തു. ഈ മാസം 21 വരെയാണ് ഇവർക്ക് പാക്കിസ്ഥാനിൽ വിസയുള്ളത്. ലാഹോറിലെ ദാറുൽ ഉലൂം ജാമിഅ നഈമിയയിൽനിന്ന് ഇവർ ഇസ്‌ലാം സ്വീകരിക്കുകയും മുഹമ്മദ് അസം എന്നയാളെ വിവാഹം ചെയ്തുവെന്നുമാണ് പാക് മാധ്യമങ്ങൾ നൽകുന്ന വാർത്ത. ലാഹോറിലെ മുൾട്ടാൻ റോഡിലെ ഹഞ്ജർവാൽ സ്വദേശിയാണ് മുഹമ്മദ് അസം. വിസ കാലാവധി ദീർഘിപ്പിക്കുന്നതിനുള്ള അപേക്ഷ ഇവർ നൽകിയിട്ടുണ്ട്. അതേസമയം, ഈ അപേക്ഷയിൽ അംന ബീബി എന്നാണ് ചേർത്തിരിക്കുന്നത്. ആമിന എന്ന പേരിലാണ് കിരൺ ബാല ഒപ്പിട്ടതെന്നും പാക് മാധ്യമങ്ങൾ പറയുന്നു. ഇന്ത്യയിലേക്ക് പോയാൽ കൊല്ലപ്പെടുമെന്നും അതിനാൽ വിസ കാലാവധി ദീർഘിപ്പിക്കണമെന്നുമാണ് അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വിവാഹിതയായ കിരൺ ബാലയുടെ ഭർത്താവ് 2013-ലാണ് മരിച്ചത്. ഈ ബന്ധത്തിൽ അവർക്ക് മൂന്നു മക്കളുണ്ട്. പ്രായമേറിയ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് ഈ കുട്ടികൾ കഴിയുന്നത്. 
പാക്കിസ്ഥാനിലെ സിഖ് ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനായി ഏകദേശം 1,700 തീർത്ഥാടകരാണ് പഞ്ചാബ് അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടത്. എസ്.ജി.പി.സി ഉദ്യോഗസ്ഥരാണ് ഇവരെ കൊണ്ടുപോയിരുന്നത്. മരുമകൾ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുടെ വലയിൽ കുടുങ്ങിയിരിക്കുകയാണെന്നും രക്ഷിക്കണമെന്നും കിരൺബാലയുടെ ആദ്യഭർത്താവിന്റെ അച്ഛൻ തർസീം സിംഗ് ആവശ്യപ്പെട്ടു.
 

Latest News