മോസ്‌കോ-രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധി മറികടക്കാൻ കൂടുതൽ കുട്ടികളുള്ള അമ്മമാർക്ക് പത്തു ലക്ഷം റൂബിൾ സമ്മാന പദ്ധതി പ്രഖ്യാപിച്ച് പ്രസിഡന്റ് വഌദമിർ പുട്ടിൻ. പത്തോ അതിലധികമോ മക്കളുള്ള അമ്മമാർക്കാണ് പത്തു ലക്ഷം റൂബിൾ സമ്മാനം നൽകുന്നത്. സോവിയറ്റ് യൂണിയൻ നിലവിലുണ്ടായിരുന്ന കാലത്തെ 'മദർ ഹീറോയിൻ' അവാർഡ് പുനരുജ്ജീവിപ്പിക്കുന്ന ഉത്തരവിൽ പുടിൻ ഒപ്പുവച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് ജനസംഖ്യ പതിനായിരക്കണക്കിന് ഇടിഞ്ഞപ്പോൾ ജോസഫ് സ്റ്റാലിനാണ് മദർ ഹീറോയിൻ കൊണ്ടുവന്നത്. 1991-ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയുണ്ടാകുന്നത് വരെ ഈ അവാർഡ് നിലവിലുണ്ടായിരുന്നു. റഷ്യയിൽ ഒരു സ്ത്രീക്ക് പത്താമത്തെ കുട്ടി ജനിച്ചാൽ ഒരു ദശലക്ഷം റൂബിൾ നൽകും.
ഏറ്റവും പുതിയ കണക്കുപ്രകാരം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ റഷ്യയിലെ ജനസംഖ്യ പ്രതിമാസം ശരാശരി 86,000 വീതം കുറയുകയാണ്. ഇത് ഒരു റെക്കോർഡാണ്.
കൂടാതെ, ഉക്രൈനിലെ സൈനിക നടപടി കാരണം നിരവധി പട്ടാളക്കാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ യഥാർത്ഥ എണ്ണം വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം 75,300 കുടിയേറ്റക്കാർ റഷ്യ വിട്ടു. ഉക്രേനിയൻ യുദ്ധത്തിന്റെയും ആഭ്യന്തര രാഷ്ട്രീയ അടിച്ചമർത്തലിന്റെയും വെളിച്ചത്തിൽ ചില പൗരന്മാരും രാജ്യം വിടുകയാണ്. 'റഷ്യയിൽ നിന്ന് എങ്ങനെ പോകാം?' എന്ന വാക്കാണ് റഷ്യയിൽനിന്ന് ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞുകൊണ്ടിരിക്കുന്നത്. ഗൂഗിളിൽ കുടിയേറ്റം എന്ന വാക്ക് സെർച്ച് ചെയ്യുന്നവരുടെ എണ്ണവും നാലിരട്ടിയായി. 'ട്രാവൽ വിസ' യെ ചുറ്റിപ്പറ്റിയുള്ള തിരയലുകൾ ഏകദേശം ഇരട്ടിയായി.