യു.പിയിൽ അച്ഛനും കൂട്ടാളികളും ചേർന്ന് യുവതിയെ ബലാൽസംഗം ചെയ്തു

കാൺപൂർ- ബലാൽസംഗം കൊലപാതകങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നുരയുന്നതിനിടെ ഉത്തർപ്രദേശിൽനിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു പീഡനക്കഥ കൂടി പുറത്തു വന്നു. കാൺപൂരിലെ സിതാപൂരിൽ അച്ഛൻ 35കാരിയായ സ്വന്തം മകളെ ബലാൽസംഗം ചെയ്യുകയും രണ്ടു സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുകയും ചെയ്തു. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് അഡീഷണൽ പോലീസ് സുപ്രണ്ട് മാർതാണ്ഡ പ്രകാശ് സിംഗ് പറഞ്ഞു. യുവതി പരാതിയുമായി തിങ്കളാഴ്ച പോലീസിനെ സമീപിച്ചിരുന്നു. കേസിൽ ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യപ്രതിയായ അച്ഛനേയും മറ്റൊരു സുഹൃത്തിനേയും പിടികൂടാനായിട്ടില്ല. 

ഒരു കുട്ടിയുടെ അമ്മ കൂടിയായ യുവതി വിവാഹ മോചിതയായ ശേഷം അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഒരു മേളക്ക് എന്നു പറഞ്ഞാണ് യുവതിയെ അച്ഛൻ കമലാപൂരിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇവിടേക്കു സുഹൃത്തുക്കളെ കൂടി അച്ഛൻ വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ രണ്ടു പ്രതികൾ യുവതിയെ ബൈക്കിലിരുത്തി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടു പോയി. ഇവിടെ 18 മണിക്കൂറോളം മുറിയിൽ അടച്ചിട്ട ശേഷം യുവതിയെ പ്രതികൾ മാറി മാറി ബലാൽസംഗം ചെയ്യുകയായിരുന്നു. മാൻ സിങ് എന്ന പ്രതി യുവതിയുടെ അച്ഛനൊപ്പം നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും പോലീസ് കണ്ടെത്തി.

യുവതി സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടോടിയാണ് വീട്ടിൽ തിരിച്ചെത്തിയത്. സംഭവം അമ്മയോട് വിവരിച്ച ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ അച്ഛനെതിരെ കഴിഞ്ഞ വർഷം നവംബറിൽ മകളുമായി അവിഹിത ബന്ധമുണ്ടെന്ന് ഗ്രാമീണർ ആരോപണമുന്നയിച്ചിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടതായിരുന്നു.
 

Latest News