രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടുക: ജനകീയ ഒപ്പ് ശേഖരണവുമായി വെൽഫെയർ പാർട്ടി 

കോഴിക്കോട് - രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി സുപ്രീം കോടതി ഇടപെടുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ആഗസ്റ്റ് 19, 20, 21 തിയതികളിൽ ഒപ്പ് ശേഖരണം നടത്തി സുപ്രീം കോടതി ജസ്റ്റിസിന് ജനകീയ ഹർജി സമർപ്പിക്കുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് സംസ്ഥാന  യൂണിയൻ സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുന്ന ആയിരക്കണക്കിന് വ്യക്തികളെയാണ് യു.എ.പി.എ, എൻ.എസ്.എ തുടങ്ങിയ ഡ്രക്കോണിയൻ നിയമങ്ങളുപയോഗിച്ച് കള്ളക്കേസ് ചുമത്തി തടങ്കലിൽ വെച്ചിരിക്കുന്നത്. നിലവിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാർ തുടർന്നുവരുന്ന മുസ്!ലിം വംശഹത്യ അജണ്ടയുടെ ഭാഗമായി വ്യാപകമായി ഇത്തരം നിയമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ജനകീയ സമരങ്ങൾ നടത്തിയവരെയും ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന അക്കാദമീഷ്യർ, വിദ്യാർഥികൾ, പത്രപ്രവർത്തകർ തുടങ്ങി നിരവധിപേരെയാണ് രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നു എന്നാരോപിച്ച് ജയിലിലടക്കുന്നത്.


ആനന്ദ് തെൽതുംബ്‌ഡെ, ടീസ്റ്റ സെതൽവാദ്, ഗൌതം നവ്!ലഖെ, പ്രൊഫ. ഹാനി ബാബു, പ്രൊഫ. ജി.എസ് സായിബാബ, ആർ.ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട്, സിദ്ധീഖ് കാപ്പൻ, ജാവേദ് മുഹമ്മദ്, റഊഫ് ശെരീഫ്, വിജിത് വിജയൻ, ഷോമാ സെൻ, സക്കരിയ, ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഷർജീൽ ഇമാം, റോണാ വിൽസൺ, ഫിറോസ് വടകര, അൻശാദ് പന്തളം, രൂപേഷ് കുമാർ, സക്കരിയ പരപ്പനങ്ങാടി തുടങ്ങി വളരെ നീണ്ട പട്ടികയാണ് ഉള്ളത്. ഇത്തരത്തിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരുടെ സ്വാഭാവിക നീതിയായ ജാമ്യം പോലും നിഷേധിക്കപ്പെടുന്നു. ജാമ്യാപേക്ഷയിൽ വാദം പോലും കേട്ടു തീരുമ്പോൾ വർഷങ്ങൾ കഴിയുന്നു. ഇത്തരം അനീതിയുടെ രക്തസാക്ഷിയാണ് ഫാ. സ്റ്റാൻ സ്വാമി.


മലയാളിയായ അബ്ദുൽ നാസർ മഅ്ദനി ഭരണകൂട വേട്ടയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. അദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണെങ്കിലും ബാംഗ്ലൂരിൽ വീട്ട് തടങ്കലിന് സമാനമായാണ് കഴിയുന്നത്. അദ്ദേഹത്തിന്റെ കേസിന്റെ 12 വർഷമായി തുടരുന്ന വിചാരണ ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയപ്പോൾ  പുതിയ തെളിവുകൾ ലഭ്യമായി എന്ന് പറഞ്ഞ് വീണ്ടും വിചാരണ അനന്തമായി നീട്ടാനുള്ള നീക്കവുമായി കർണാടക സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ഹരിയാന പോലെയുള്ള സംസ്ഥാനങ്ങൾ പൗരത്വ പ്രക്ഷോഭത്തിലും മറ്റ് ജനാധിപത്യ പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നവരുടെ ഭവനങ്ങൾ ബുൾഡോസ് ചെയ്യുകയാണ്. നിയമപരമായ ഇടപെടുലകൾ നടത്തുന്നവരെപ്പോലും ടാർഗറ്റ് ചെയ്യുന്നു. അലഹബാദിലെ വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദ് പ്രവാചക നിന്ദക്കെതിരെ നടന്ന പ്രതിഷേധ സമരത്തിൽ അക്രമത്തിന് നേതൃത്വം നൽകിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള വീട് യു.പി സർക്കാർ ബുൾഡോസറുപയോഗിച്ച് തകർത്തത്.


രാജ്യത്ത് പ്രതിഷേധിക്കാനും ഭരണകൂടങ്ങളെ ജനാധിപത്യപരമായി തിരുത്താനുമുള്ള അവകാശം എല്ലാ പൗരൻമാർക്കുമുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളും യൂണിയൻ സർക്കാരും പല സന്ദർഭങ്ങളിലും പൗരാവകാശങ്ങളെ ഹനിക്കുകയാണ്. യു.എ.പി.എ പോലുള്ള ഭീകര നിയമം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാനുള്ള ഉപാധിയാക്കുന്നു. വിയ്യൂർ ജയിലിൽ കഴിയുന്ന രൂപേഷിന് മേൽ പ്രയോഗിച്ച യു.എ.പിഎ റദ്ദാക്കിയ ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്ന കേരള സർക്കാർ ഇക്കാര്യത്തിൽ ജനാധിപത്യ വിരുദ്ധ സമീപനവും ഇരട്ടത്താപ്പുമാണ് കാട്ടുന്നത്.
ഇത്തരം പ്രശ്‌നങ്ങളുയർത്തി രാജ്യത്താകമാനം നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് വെൽഫെയർ പാർട്ടി ജനകീയ ഹർജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കുന്നത്. യു.എ.പി.എ, അഫ്‌സ്പ പോലെയുള്ള ഭീകര നിയമങ്ങൾ റദ്ദാക്കുകയും ഫെഡറൽ വ്യവസ്ഥയെ തകർക്കുന്ന എൻ.ഐ.എ എന്ന സംവിധാനത്തെ പിരിച്ചുവിടുകയും ചെയ്യുക, ജനകീയ സമരം നടത്തുന്നവരുടെ ഭവനങ്ങൾ തകർക്കുന്ന ഭരണകൂടത്തിന്റെ നീക്കം തടയുക, രാഷ്ട്രീയ തടവുകാർക്ക് അടിയന്തിര സ്വഭാവത്തിൽ ജാമ്യം നൽകുക, ഭരണകൂടത്തിനോട് എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവർക്കെതിരെ വ്യാജകേസുകൾ ചമയ്ക്കുന്ന ഉദേ്യാഗസ്ഥരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്.  
കേരളത്തിൽ ആയിരം കേന്ദ്രങ്ങളിൽ ഒപ്പ് ശേഖരണം നടക്കും. ഒപ്പ് ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം റിട്ട. ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ നിർവ്വഹിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 

Latest News