Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

നീതിയുടെ വെളിച്ചം അണയുകയാണ്


രാഷ്ട്രീയ സമ്മർദങ്ങളുടെ അടിസ്ഥാനത്തിൽ അതിന് മുൻപ് മോചിപ്പിക്കാനാകില്ലെന്നും കീഴ്‌കോടതികളെ പലവട്ടം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന സുപ്രീം കോടതി തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്കൊപ്പം നിന്നതെന്നത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത അധ്യായമായി അവശേഷിക്കും. രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെപ്പോലും വിലയ്‌ക്കെടുക്കാൻ കഴിയുന്ന രീതിയിലേക്ക് സംഘപരിവാർ ഭരണകൂടം ആധിപത്യം പുലർത്തുമ്പോൾ തകർന്നു പോകുന്നത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക് ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. 

 

ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി മുസ്‌ലിം വംശഹത്യക്ക് നേതൃത്വം നൽകുകയും ബിൽക്കീസ് ബാനുവെന്ന മുസ്‌ലിം യുവതിയെ കുട്ടബലാൽസംഗത്തിനിരയാക്കുകയും ചെയ്ത കേസിലെ കൊടുംകുറ്റവാളികളെ കഴിഞ്ഞ ദിവസം ജയിൽ മോചിതരാക്കിയപ്പോൾ തകർന്നുപോയത് ഇന്ത്യയിലെ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയിൽ അൽപമെങ്കിലും അവശേഷിച്ചുവെന്ന് കരുതിയിരുന്ന വിശ്വാസ്യതയുമാണ്. 
ബിൽക്കീസ് ബാനുവിനെ അതിക്രൂരമായി കൂട്ടബലാൽസംഗത്തിനിരയാക്കുകയും അവരുടെ പിഞ്ചു മകൾ  ഉൾപ്പെടെയുള്ള ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളും ജയിൽ മോചിതരാകുമ്പോൾ സംഘപരിവാർ ഭരണകൂടം അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണ്. മുസ്‌ലിംകളെ ആക്രമിക്കുകയും അവർക്കെതിരെ കലാപം അഴിച്ചുവിട്ട് വംശഹത്യ നടത്തുകയും ചെയ്യുന്നവരെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ ഭരണകൂടം മുന്നോട്ട് വെയ്ക്കുന്നത്. അതുകൊണ്ടാണല്ലോ ഗോധ്ര ജയിലിന് പുറത്തെത്തിയ കൊടുംകുറ്റവാളികളെ വീരപരിവേഷത്തോടെ  ജയിലിനു മുന്നിൽ മധുരം നൽകി വരവേൽക്കുകയും ഹിന്ദുത്വവാദികൾ കാൽ തൊട്ട് വന്ദിക്കുകയും ചെയ്തത്. രാജ്യം 75 ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സംഭവത്തിലെ ഇരകൾക്ക് കിട്ടേണ്ട എല്ലാ നീതിയും ഇല്ലാതാക്കിക്കൊണ്ട് ഈ കുറ്റവാളികളെ തുറന്നു വിട്ടത്. 


ഇതിനേക്കാൾ ഗൗരവം കുറഞ്ഞ കേസുകളിൽ വിചാരണ പോലും നടത്താതെ ആയിരക്കണക്കിനാളുകളെ രാജ്യത്തെ ജയിലറകളിൽ വർഷങ്ങളായി അടച്ചിടുമ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യങ്ങളിലെ പ്രതികളെ നീതിന്യായ വ്യവസ്ഥയിലെ പഴുതുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ജയിൽ മോചിതരാക്കിയത്. അതിന് കാരണം ഒന്നേയുള്ളൂ, കൂട്ടബലാൽസംഗത്തിനിരയായതും നിഷ്ഠുരമായി കൊല്ലപ്പെട്ടതും മുസ്‌ലിംകളാണ്. കേസിലെ പ്രതികളെല്ലാം സംഘപരിവാറുകാരും. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി, നാരീശക്തിയെയും ജനാധിപത്യത്തിന്റെ മൂല്യങ്ങളെക്കുറിച്ചുമെല്ലാം വാതോരാതെ പ്രസംഗം നടത്തി മണിക്കൂറുകൾക്കകം തന്നെ കൊടുംകുറ്റവാളികളെ പുറത്ത് വിട്ടപ്പോൾ ലോകത്തിന് മുന്നിൽ  ഇന്ത്യ നാണം കെടുകയാണുണ്ടായത്. 
എത്ര വേഗത്തിലാണ് കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ജയിൽ മോചിതരാക്കാനായി കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും രാജ്യത്തെ നീതിന്യായ വ്യവസ്ഥയുമെല്ലാം ഗൂഢാലോചന നടത്തിയത്.  കുറ്റവാളികളെ മോചിപ്പിക്കുന്ന കാര്യത്തിൽ മുൻപ് കേന്ദ്ര സർക്കാരും ഗുജറാത്ത് സർക്കാരും കൊണ്ടുവന്ന നിബന്ധനകൾ പോലും സംഘപരിവാറിന്റെ ഈ പ്രിയപുത്രൻമാർക്ക് വേണ്ടി മാറ്റിമറിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം പ്രമാണിച്ച് ജയിലിൽ കിടക്കുന്നവർക്ക് ശിക്ഷ കാലാവധിയിൽ ഇളവു നൽകുമ്പോൾ കൂട്ടബലാൽസംഗ കേസിലും കലാപക്കേസുകളിലും ശിക്ഷിക്കപ്പെട്ടവരെ ഉൾപ്പെടുത്തരുതെന്ന് കേന്ദ്ര സർക്കാർ പ്രത്യേക നിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ സംഘപരിവാർ ആസൂത്രണം ചെയ്ത ഗുജറാത്ത് കലാപത്തിന്റെ ഭാഗമായുള്ള അക്രമങ്ങളിലെ പ്രതികൾ ഭരണകൂടത്തിന് ശിക്ഷ ഇളവ് കിട്ടേണ്ട നല്ലനടപ്പുകാരായി മാറി. 


നീതിക്ക് വേണ്ടി നീണ്ട വർഷങ്ങൾ ബിൽക്കീസ് ബാനുവും കുടുംബാംഗങ്ങളും സഹിച്ച ത്യാഗത്തെയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മറവിൽ ഭരണകൂടം കശാപ്പ് ചെയ്തത്. കുറ്റവാളികൾ ജയിലിനു പുറത്തെത്തി താരപരിവേഷം ഏറ്റുവാങ്ങുമ്പോൾ സംഘപരിവാറിനെ പേടിച്ച് സ്ഥിരം മേൽവിലാസം പോലും പറയാനാകാതെ ഗുജറാത്തിലെ പലയിടങ്ങളിലായി താമസിച്ചുകൊണ്ട് ഒളിജീവിതം നയിക്കുകയാണ് ബിൽക്കീസിന്റെ കുടുംബം. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലൂടെ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകിയ അവരോട് രാജ്യത്തെ നീതിപീഠത്തിന് എന്ത് സമാധാനമാണ് പറയാനുള്ളത്? സുപ്രീം കോടതിയുടെ കൂടി അറിവോടെയാണ് കുറ്റവാളികളുടെ മോചനം സാധ്യമായതെന്നറിയുമ്പോൾ ഇരയാക്കപ്പെട്ടവർക്കൊപ്പമല്ല രാജ്യത്തെ നീതിന്യായ വ്യവസ്ഥയെന്ന് വീണ്ടും വീണ്ടും തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.
2002 മാർച്ച് മൂന്നിനാണ് സംഘപരിവാർ കലാപകാരികളുടെ അക്രമം ഭയന്ന് ഗുജറാത്തിലെ രൺധിക്പൂരിലെ വയലിൽ ഒളിച്ചിരുന്ന ബിൽക്കീസ് ബാനുവിനെയും കുടുംബത്തെയും മുപ്പതിലേറെ ഹിന്ദു കലാപകാരികൾ ചേർന്ന് ആക്രമിച്ചത്. ബിൽക്കീസ് ഉൾപ്പെടെയുള്ള സ്ത്രീകളെ കൂട്ടബലാൽസംഗത്തിനിരയാക്കുകയും ഇവരുടെ മൂന്നര വയസ്സസുള്ള കുഞ്ഞിനെയടക്കം ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. 2008 ജനുവരിയിലാണ് കേസിലെ 11 പ്രതികൾക്ക് മുംബൈ സി.ബി.ഐ കോടതി ശിക്ഷ വിധിച്ചത്. 


ജയിലിൽ 14 വർഷത്തിലേറെ കഴിഞ്ഞുവെന്നതിന്റെ പേരിലാണ് ഇവരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്താൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോടാവശ്യപ്പെട്ടത്. ജീവപര്യന്തമെന്നാൽ ജീവിതകാലം അവസാനിക്കുന്നത് വരെയുള്ളതാണെന്നും കൊടുംകുറ്റവാളികളെ രാഷ്ട്രീയ സമ്മർദങ്ങളുടെ അടിസ്ഥാനത്തിൽ അതിന് മുൻപ് മോചിപ്പിക്കാനാകില്ലെന്നും കീഴ്‌കോടതികളെ പലവട്ടം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന സുപ്രീം കോടതി തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്കൊപ്പം നിന്നതെന്നത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത അധ്യായമായി അവശേഷിക്കും. രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെപ്പോലും വിലയ്‌ക്കെടുക്കാൻ കഴിയുന്ന രീതിയിലേക്ക് സംഘപരിവാർ ഭരണകൂടം ആധിപത്യം പുലർത്തുമ്പോൾ തകർന്നു പോകുന്നത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക് ഭരണകൂടത്തിലും നീതിന്യായ വ്യവസ്ഥയിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. അത് തന്നെയാണ് ഭരണകൂടം ആഗ്രഹിക്കുന്നതും. രാജ്യത്തെ നടുക്കിയ ക്രൂരകൃത്യങ്ങളിലെ കുറ്റവാളികൾ പോലും ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന നിലയിൽ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെടുകയും അവരെ വീരാരാധനയോടെ സംഘപരിവാർ സ്വീകരിക്കുകയും ചെയ്യുമ്പോൾ കലാപത്തിലും മറ്റും ഇരകളാകേണ്ടി വന്ന് നീതിനിഷേധിക്കപ്പെടുന്നവർക്ക് രാജ്യത്തെ വ്യവസ്ഥിതിയുടെ മുഖത്തേക്ക് നീട്ടിത്തുപ്പുക മാത്രമേ നിവൃത്തിയുള്ളൂ. കാരണം,  നീതിയുടെ ജാലകങ്ങളെയെല്ലാം ഹിന്ദുത്വത്തിന്റെ കാവൽക്കാർ കൊട്ടിയടച്ചിരിക്കുന്നു.

Latest News