Sorry, you need to enable JavaScript to visit this website.

സോഡയും ചിപ്‌സും എടുത്തുതരും

  • നിർമിത ബുദ്ധി റോേബാട്ടുകളെ പ്രദർശിപ്പിച്ച് ഗൂഗിൾ 

ഒ.കെ ഗൂഗിളെന്ന് പറഞ്ഞ് ആവശ്യപ്പെട്ടാൽ സോഡയും ചിപ്‌സും എടുത്തുനൽകുന്ന ആർടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടുകളെ പ്രദർശിപ്പിച്ച് ഗൂഗിൾ. വിപണിയിൽ ഇറക്കിയിട്ടില്ലെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് എ.ഐറോബോട്ട് പതിവ് റോബോട്ടുകളിൽനിന്നും കൂടുതൽ മുന്നേറുകയാണ്. 
വിശ്രമ മുറികളിൽ ജീവനക്കാരെ സഹായിക്കുകയാണ് നിലവിൽ ഗൂഗിൾ റോബോട്ടുകളുടെ ദൗത്യം. വിപണിയിലിറക്കി വിൽപന തീരുമാനിക്കാൻ കുറച്ചുകൂടി സയമെടുക്കുമെന്ന് ഗൂഗിളിന്റെ റോബോട്ടിക്‌സ് റിസർച്ച് സീനിയർ ഡയരക്ടർ വിൻസന്റ് വാൻഹൂക്ക് പറഞ്ഞു. 
ഗൂഗിൾ ജീവനക്കാരാണ് ഇപ്പോൾ സോഡയും മറ്റും എടുത്തു നൽകുന്ന റോബോട്ട് പരീക്ഷിക്കുന്നത്. ചാറ്റ്‌ബോട്ടുകളുടെ ആശയവിനിമയ ശേഷിയെ റോബോട്ടുകളുടെ കൈകളിലേക്കും കണ്ണുകളിലേക്കും എത്തിച്ചിരിക്കയാണെന്നു പറയാം.


ക്ലീൻ ചെയ്യുന്നതു മുതൽ കാവൽ നിൽക്കുന്നതു വരെ പലതരം ജോലികൾ ചെയ്യിക്കാൻ റോബോട്ടുകളെ നിർമിത ബുദ്ധി സഹായിക്കുന്നു. ഗൂഗിൾ റോബോട്ടുകൾ നിലവിൽ ഏതാനും കാര്യങ്ങൾ മാത്രമാണ് ചെയ്യുന്നത്. ഉപയോഗത്തിലുള്ള റോബോട്ടുകളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ ഉത്തരവാദിത്തത്തോടെയുള്ള വികസനമാണ് പൂർത്തിയാക്കുന്നതെന്ന് ഗൂഗിൾ അവകാശപ്പെടുന്നു. റോബോട്ടുകളെ ആളുകളെ നിരീക്ഷിക്കുന്നതിനുള്ള യന്ത്രങ്ങളായി ഉപയോഗിക്കുന്നുവെന്നും അവയിൽ കുറ്റകരമായ പ്രതികരണങ്ങൾ നൽകുന്ന ചാറ്റ് സാങ്കേതിക വിദ്യ സജ്ജീകരിച്ചിരിക്കുന്നുവെന്നും പരാതികൾ ഉയർന്നിരുന്നു. പോയ വർഷങ്ങളിൽ ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയും മറ്റു പ്ലാറ്റ്‌ഫോമുകളും  ഈ വെല്ലുവിളി നേരിട്ടു. മൈക്രോസോഫ്റ്റ് കോർപറേഷനും ആമസോണും റോബോട്ടുകളിൽ സമാന ഗവേഷണങ്ങൾ തുടരുന്നുണ്ട്. 


വെള്ളം ചോർന്നത് വൃത്തിയാക്കാൻ ആവശ്യപ്പെടുമ്പോൾ കുഴപ്പം സൃഷ്ടിച്ചതിനു ക്ഷമ ചോദിക്കുന്നതിനു പകരം ഒരു സ്‌പോഞ്ചെടുത്ത് പെട്ടെന്ന് ചെയ്യുന്നതായിരിക്കണം റോബോട്ടെന്ന് ഗൂഗിൾ വിശദീകരിക്കുന്നു. സ്വാഭാവിക നിർദേശങ്ങളോട് യഥാവിധം പ്രതികരിക്കുന്ന രീതി നിർമിത ബുദ്ധി വഴി വെർച്വൽ അസിസ്റ്റന്റിലും ചാറ്റ്‌ബോട്ടിലും വിജയകരമായെങ്കിലും റോബട്ടുകളിൽ ഇനിയും വ്യാപകമായി ഉപയോഗിച്ചിട്ടില്ല. 
വിക്കിപീഡിയ, സോഷ്യൽ മീഡിയ, വെബ് പേജുകൾ എന്നിവയിൽ ഉപയോഗിക്കുന്ന വാക്കുകൾ കൂടി മനസ്സിലാക്കാൻ കഴിയുന്ന ലാംഗ്വേജ് ടെക്‌നോളജിയാണ് റോബോട്ടുകളിൽ സന്നിവേശിപ്പിക്കുന്നത്. ആർടിഫിഷ്യൽ ഇന്റലിജൻസ് വഴി കൂടുതൽ സങ്കീർണമായ ഭാഷ കൂടി ഉൾച്ചേർത്തതിലൂടെ റോബോട്ടുകളുടെ പ്രതികരണം 61 ശതമാനത്തിൽനിന്ന് 74 ശതമാനം  വരെ ഉയർത്തി വിജയിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഈയിടെ ഗവേഷണ പ്രബന്ധത്തിൽ ഗൂഗിൾ വ്യക്തമാക്കിയിരുന്നു. 
ഇപ്പോൾ ജീവനക്കാർക്ക് ലഘുഭക്ഷണം എടുത്തു കൊടുക്കുന്നതിലാണെങ്കിലും ആൽഫെബറ്റ് ഉപകമ്പനിയായ എവരിഡേ റോബോട്ട്‌സ് കൂടുതൽ മികച്ച റോബോട്ടുകളുടെ രൂപകൽപനയാണ് നിർവഹിക്കുന്നത്.

Latest News