Sorry, you need to enable JavaScript to visit this website.

ആനകളുടെ സുരക്ഷിത യാത്രക്ക് നിർമിത ബുദ്ധി സംവിധാനം

  • തമിഴ്‌നാട്ടിൽ ആനകൾ പാളങ്ങൾ മുറിച്ച് കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിർമിത ബുദ്ധി സംവിധാനം വിന്യസിക്കും. 

ട്രെയിൻ അപകടങ്ങളിൽ ആനകളുടെ മരണം തടയാൻ നിർമിത ബുദ്ധി (ആർടിഫിഷ്യൽ ഇന്റലിജൻസ്-എ.ഐ) സംവിധാനം ഉപയോഗിക്കാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ. കോയമ്പത്തൂരിലെ മദുക്കരയിലും വാളയാറിലും ആനകളെ ട്രെയിൻ അപകടങ്ങളിൽനിന്ന് സുരക്ഷിതരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പ് നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്നത്. ട്രാക്കിനു ചുറ്റുമുള്ള 150 മീറ്റർ പ്രദേശം റെഡ്, ഓറഞ്ച്, യെല്ലോ എന്നീ സോണുകളായി വിഭജിക്കും. ആന ഇവയിൽ ഏതെങ്കിലും സോണിൽ പ്രവേശിച്ചാൽ ബന്ധപ്പെട്ട അധികൃതർക്ക് വിവരം ലഭിക്കുന്ന രീതയിലാണ് സംവിധാനം. 
പദ്ധതിക്കു വേണ്ടി ഏഴു കോടി രൂപയാണ് അനുവദിച്ചത്. മേഖലയിൽ എ.ഐ സംവിധാനം സ്ഥാപിക്കുന്നതിന് വനം വകുപ്പ് വിവിധ ഏജൻസികളിൽനിന്ന് ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ടെണ്ടർ നൽകാനുള്ള അവസാന തീയതി സെപ്റ്റംബർ എട്ടാണ്. മദുക്കര റേഞ്ച് വനത്തിൽ മദുക്കരക്കും വാളയാറിനുമിടയിൽ രണ്ട് റെയിൽ പാതകളാണ് കടന്നു പോകുന്നത്. രണ്ട് പാതയിലും ആനകൾ മുറിച്ചുകടക്കുന്ന നിരവധി സ്ഥലങ്ങളുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കഞ്ചിക്കോടിനും മദുക്കര റെയിൽവേ സ്‌റ്റേഷനുമിടയിൽ മാത്രം എട്ട് കാട്ടനകൾ ട്രെയിൻ തട്ടി ചത്തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. 


വനംവകുപ്പും റെയിൽവേയും നടത്തിയ വിശദമായ പഠനത്തിൽ ആനകൾക്ക് ഏറ്റവും  അപകടം പിടിച്ച 13 കി.മീ പാത കണ്ടെത്തിയിരുന്നു. ആനകൾ മുറിച്ചു കടക്കുന്ന ഇടവേളകൾ പരിശോധിച്ചായിരുന്നു പഠനം. 
ഈ 13 കി.മീ പാതയിൽ പാളം മുറിച്ചു കടക്കാനായി ആനകൾ എത്തുമ്പോൾ മുന്നറിയിപ്പ് സന്ദേശം നൽകാനായാൽ അപകടങ്ങൾ വലിയൊരളവിൽ കുറയ്ക്കാൻ സാധിക്കും. ഒരു ആന യെല്ലോ സോണിൽ പ്രവേശിച്ചാൽ കൺസോൾ റൂമിൽനിന്ന് അലർട്ട് ഫോറസ്റ്റ് വാച്ചറിലെത്തും. ആന ഓറഞ്ച് സോണിൽ എത്തിയാൽ സന്ദേശങ്ങൾ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും റെയിൽവേ സ്‌റ്റേഷൻ മാസ്റ്റർക്കും ലഭിക്കും. ഇതും കടന്ന് ആന റെഡ് സോണിലെത്തിയാൽ അലർട്ട് ജില്ല വനംവകുപ്പ് ഉദ്യോഗസ്ഥർക്കും റെയിൽവേ ഡിവിഷണൽ എൻജിനീയർമാർക്കും ലഭിക്കും. ഇവർ ലോകോ പൈലറ്റിനെ അറിയിക്കും. ആന എവിടെയാണെന്ന വിവരങ്ങളും എത്ര കി.മീ ദൂരമുണ്ടെന്നും ലോകോ പൈലറ്റിന് അറിയാൻ കഴിയും. ടെണ്ടർ അംഗീകരിച്ചാൽ രണ്ട് മാസത്തിനകം തന്നെ എ.ഐ സംവിധാനം ഏർപ്പെടുത്തുന്ന ജോലി തുടങ്ങുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. 

Latest News