Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

സ്‌നാപ്ചാറ്റ് പ്ലസിൽ പത്ത് ലക്ഷം പെയ്ഡ് വരിക്കാർ, പുതിയ ഫീച്ചറുകൾ

ആറാഴ്ച പിന്നിട്ടപ്പോഴേക്കും സമൂഹ മാധ്യമ ആപായ സ്‌നാപ്ചാറ്റ് പ്ലസിൽ പെയ്ഡ് വരിക്കാരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞതായി മാതൃകമ്പനിയായ സ്‌നാപ് അറിയിച്ചു. ജൂണിൽ ആരംഭിച്ച് പ്ലസിൽ ഇപ്പോൾ ലോകത്തെമ്പാടുമായി പത്ത് ലക്ഷത്തിലേറെ വരിക്കാറുണ്ട്. സ്‌നാപ്ചാറ്റ് പ്ലസ് ഉദ്ഘാടനം ചെയ്ത് 30 ദിവസത്തിനകം 73 ലക്ഷം ഡോളർ വരുമാനമാണ് നേടിയത്. പ്ലസുകാർക്കായി നാല് പുതിയ ഫീച്ചറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 
പ്രയോറിറ്റി സ്റ്റോറി റിപ്ലൈസ്, പോസ്റ്റ് വ്യൂ ഇമോജി, പുതിയ ബിറ്റ്‌മോജി ബാക്ക്ഗ്രൗണ്ട്, പുതിയ കസ്റ്റം ഐക്കോൺ എന്നിവയാണ് പ്ലസിൽ പുതുതായി ചേർത്തത്.
ബെസ്റ്റ് ഫ്രണ്ട്‌സ് ഫോർ എവർ, ഫ്രണ്ട് സോളാർ സിസ്റ്റം, വെബ് സ്‌നാപ് ചാറ്റ് മെസേജ് തുടങ്ങിയ ഏഴ് ആകർഷകമായ ഫീച്ചറുകൾക്ക് പുറമേയാണിത്. 


ഹൈബ്രിഡ് വർക്ക് മോഡൽ അടുത്ത മാസം അഞ്ച് മുതൽ
കോർപറേറ്റ് ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസ് ജോലി നിർബന്ധമാക്കി ആപ്പിൾ. പ്രതിവാരം മൂന്ന് ദിവസം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിന് ഹാജരാകണമെന്നാണ് കോർപേറ്റ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. സെപ്റ്റംബർ അഞ്ച് മുതൽ ത്രിദിന ജോലി ആരംഭിക്കണമെന്ന് ഉത്തരവ് നൽകിയിട്ടുമുണ്ട്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഓഫീസിൽ എത്തണമെന്നും മൂന്നാമത്തെ ദിവസം ജീവനക്കാരന് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് ആപ്പിളിന്റെ ഹൈബ്രിഡ് വർക് മോഡൽ ആപ്പിൾ പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ഈ വർഷത്തേക്ക് നീട്ടുകയായിരുന്നു.

100 കരാർ ജോലിക്കാരെ ഒഴിവാക്കി ആപ്പിൾ 
കരാറടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 100 പേരെ ആപ്പിൾ പുറത്താക്കി. ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ആപ്പിളിന്റെ ഭാഗത്തുനിന്നുള്ള അപൂർവ നീക്കമാണിത്. പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാർക്ക് രണ്ടാഴ്ചത്തെ വേതനവും മെഡിക്കൽ ആനുകൂല്യങ്ങളും ലഭിക്കും. സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ ചെലവ് കുറയ്ക്കുന്നതിന് കമ്പനി നിർണായക തീരുമാനങ്ങളെടുക്കുമെന്ന് സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. 

വീഡിയോകളുടെ പേരിൽ പിരിച്ചുവിടുമെന്ന് ഭീഷണി

ഐഫോണിന്റെ സുരക്ഷ ടിപ്പുകളെ കുറിച്ച് ടിക് ടോക്കിൽ വൈറൽ വീഡിയോ ചെയ്തതിന് ആപ്പിൾ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കയാണെന്ന് ജീവനക്കാരിയുടെ പരാതി. ബ്ലാക് മെയിൽ ചെയ്യുന്നവരുടെ ഭീഷണിക്കു വഴങ്ങി ആപ്പിൾ ഐ.ഡിയിൽനിന്ന് നഷ്ടപ്പെട്ട ഐഫോൺ മാറ്റരുതെന്ന് പാരിസ് കാംപ്‌ബെൽ എന്ന ജീവനക്കാരി നൽകിയ നിർദേശമാണ് വിവാദമായത്. ആപ്പിൾ ജീവനക്കാരിയാണെന്ന് വെളിപ്പെടുത്തി സുരക്ഷ ടിപ്പ് നൽകിയതാണ് കമ്പനിയെ ചൊടിപ്പിച്ചത്. 

കൂടുതൽ 5 ജി സ്‌പെക്ട്രം നൽകാൻ നടപടി തുടങ്ങി 

പുതുതായി 5000 മെഗാഹെട#്‌സ് 5 ജി സ്‌പെക്ട്രം കൂടി ലേലം ചെയ്യുന്നതിനുള്ള നടപടികൾ കേന്ദ്ര ടെലികമ്യൂണിേേക്കഷൻസ് മന്ത്രാലയം ആരംഭിച്ചു. ഒന്നര ലക്ഷം കോടി രൂപയുടെ ലേലം ഈയിടെ പൂർത്തിയാക്കിയിരുന്നു. ഇന്റർനാഷണൽ മൊബൈൽ ടെലികമ്യൂണിക്കേഷൻസ് (ഐ.എം.ടി) ബാൻഡുകൾക്കായി  37.0-42.5 ഗെഗാഹെട്‌സ് ഉൾപ്പെടുത്തുന്നതിനുള്ള പ്ലാനിന് രൂപം നൽകാൻ ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 5 ജി ഫിക്‌സഡ്, വയർലസ് സേവനങ്ങൾക്ക് ഇത് കൂടുതൽ സഹായകമാകും.

പരസ്യങ്ങളിലെ തെറ്റ് കണ്ടെത്തുന്നതിൽ എഫ്.ബി പരാജയം 

ബ്രസീൽ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരസ്യങ്ങളിലെ തെറ്റായ വിവരങ്ങൾ കണ്ടെത്തുന്നതിൽ ഫേസ്ബുക്ക് പരാജയപ്പെട്ടെന്ന് റിപ്പോർട്ട്. ലണ്ടൻ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഗ്ലോബൽ വിറ്റ്‌നസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫേസ്ബുക്ക് അംഗീകാരം നൽകിയ പരസ്യങ്ങളാണ് പരിശോധിച്ചത്. ഇവ റിലീസ് ചെയ്തിട്ടില്ലെന്ന് ഫേസ്ബുക്ക് പറയുന്നു. തെറ്റായ തെരഞ്ഞെടുപ്പ് തീയതിയും തെറ്റായ തെരഞ്ഞെടുപ്പ് രീതികളുമാണ് പരസ്യങ്ങളിലുള്ളത്. ശരിയായ വസ്തുതകൾ മാത്രം ജനങ്ങളിലെത്തിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ആവർത്തിക്കുന്ന ഫേസ്ബുക്ക് ഇതിനായി പ്രത്യേക ടൂളുകൾ ഏർപ്പെടുത്തിയതായും നിക്ഷേപം നടത്തിയതായും അവകാശപ്പട്ടിരുന്നു. ശരിയായ വിവരങ്ങൾ ഉറപ്പു വരുത്തുന്നതിനായി ശ്രമം തുടരുമെന്ന് മാതൃകമ്പനിയായ മെറ്റ പറഞ്ഞു. 

ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധം 
ആധാർ നമ്പറോ എൻറോൾമെന്റ് സ്ലിപ്പോ ഇല്ലാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങളും സബ്സിഡികളും തടയണമെന്ന് ആധാർ അധികൃതരായ യൂനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) കർശന നിർദേശം നൽകി. ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രാലയങ്ങൾക്കും സംസ്ഥാന സർക്കാരുകൾക്കും സർക്കുലർ അയച്ചിട്ടുണ്ട്.
സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ആധാർ നമ്പറില്ലാത്തവർക്ക് തടയണമെന്നാണ് സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സബ്സിഡികൾക്കും സേവനങ്ങൾക്കും സർക്കാരിന്റെ മറ്റു ആനുകൂല്യങ്ങൾക്കും അർഹരായവരെ കണ്ടെത്താൻ സർട്ടിഫിക്കറ്റ് ആവശ്യമാണെങ്കിൽ അവർക്ക് ആധാർ നമ്പർ ഉണ്ടായിരിക്കണമെന്ന് സർക്കുലറിൽ പറയുന്നു.
ആധാർ നമ്പറില്ലാത്തവർക്ക് സബ്സിഡികൾ നൽകാൻ മറ്റു തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാൽ മതിയെന്ന് ആധാർ നിയമത്തിലെ സെക്ഷൻ ഏഴ് വ്യക്തമാക്കന്നുണ്ട്. രാജ്യത്തെ 99 ശതമാനം പ്രായപൂർത്തിയായവർക്കും ആധാർ നൽകിക്കഴിഞ്ഞുവെന്നാണ് ആധാർ അതോറിറ്റി വ്യക്തമാക്കുന്നത്. ഇതുകൊണ്ടാണ് ഇനി മുതൽ ആനുകൂല്യങ്ങൾക്കും സബ്സിഡികൾക്കും ആധാർ തന്നെ നിർബന്ധമാക്കുന്നത്.

അഞ്ചു മിനിറ്റെങ്കിലും നടക്കണം 
ഭക്ഷണം കഴിച്ച ശേഷം അൽപം നടന്നാൽ ദഹനത്തിനും മനസ്സിനും നല്ലതാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഭക്ഷണത്തിനു ശേഷം 15 മിനിറ്റ് നടന്നാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായകമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ടൈപ് 2 പ്രമേഹത്തിന്റെ സങ്കീർണതകൾ ഒഴിവാക്കാൻ ഭക്ഷണ ശേഷമുള്ള നടത്തം സഹായകുമെന്നാണ് അവർ പറയുന്നത്. ഭക്ഷണം കഴിച്ച ശേഷം അൽപം നടന്നാലും ഈ നേട്ടങ്ങൾ കൈവരിക്കാം.
ഏഴ് പഠനങ്ങൾ താരതമ്യം ചെയ്താണ് ഇതു സംബന്ധിച്ച വിശകലനം സ്പോർട്സ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ചത്.
നിൽക്കുന്നതിന്റെയും ഇരിക്കുന്നതിന്റെയും ഫലങ്ങളാണ് ഹൃദയാരോഗ്യം, ഇൻസുലിൻ, ബ്ലഡ് ഷുഗർ എന്നിവയിൽ താരതമ്യം ചെയ്തത്. ഭക്ഷണത്തിനു ശേഷം രണ്ട് മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ നടന്നാൽ പോലും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ അത് ബാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.