Sorry, you need to enable JavaScript to visit this website.

VIDEO അവര്‍ ബ്രാഹ്‌മണരാണ്, ബില്‍കിസ് ബാനു കേസില്‍ മോചിതരായ കുറ്റവാളികളെ ന്യായീകരിച്ച് ശുപാര്‍ശ ചെയ്ത ബി.ജെ.പി എം.എല്‍.എ

ഗാന്ധിനഗര്‍- അവര്‍ ബ്രാഹ്‌മണരും സംസ്‌കാര സമ്പന്നരുമാണെന്ന് ബില്‍കിസ് ബാനു ബലാത്സംഗക്കേസില്‍ ജയില്‍ മോചിതരായ പ്രതികളെ ന്യായീകരിച്ച് ബി.ജെ.പി എം.എല്‍.എ സി.കെ. റൗള്‍ജി.
ബലാത്സംഗ, കൊലപാതക ക്കേസുകളില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലിലടച്ചിരുന്ന 11 കുറ്റവാളികളെ മോചിപ്പിക്കുന്നതിന് ശുപാര്‍ശ ചെയതവരില്‍ സി.കെ. റൗള്‍ജിയുമുണ്ട്.
അവര്‍ ബ്രാഹ്‌മണരാണ്, നല്ല സംസ്‌കാരമുള്ളവര്‍-  മോജോ സ്‌റ്റോറിക്ക് നല്‍കിയ അഭിമുഖത്തില്‍ റൗള്‍ജി പറയുന്നത് കേള്‍ക്കാം.
അവര്‍ കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു നമുക്ക് അറിയില്ല. പക്ഷേ ജയിലില്‍ അവരുടെ സ്വഭാവം നല്ലതായിരുന്നു. ബ്രാഹ്‌മണരാണ്. നല്ല സംസ്‌കാരമുള്ളവര്‍- ഗുജറാത്തിലെ ഗോധ്രയില്‍നിന്നുള്ള എം.എല്‍.എ ആയ റൗള്‍ജി പറഞ്ഞു.
ബില്‍കിസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കാന്‍ ശുപാര്‍ശ ചെയ്ത സമിതിയില്‍ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞിരുന്നു.
സി.കെ. റൗള്‍ജി, സുമന്‍ ചൗഹന്‍ എന്നീ എം.എല്‍.എമാര്‍ക്കു പുറമെ, ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ പ്രോസിക്യൂഷന്റെ മുഖ്യസാക്ഷി ആയിരുന് മുരളി മള്‍ചന്ദാനിയും സമിതിയില്‍ ഉണ്ടായിരുന്നു.
2002 ഗുജറാത്ത് കലാപവേളയിലാണ് അന്ന് 21 വയസ്സനു താഴെ പ്രായമുണ്ടായിരുന്ന ഗര്‍ഭിണിയായ ബില്‍കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും മൂന്നു വയസ്സായ മകള്‍ സഹേല ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കൊലപ്പെടുത്തകയും ചെയ്തത്.
ബില്‍കിസ് ബാനു നീണ്ട ആറു വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് 2008 ജനുവരി 18ന് മുംബൈയിലെ പ്രത്യേക കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഒരാള്‍ പിന്നീട് മരിച്ചു.  

 

Latest News