Sorry, you need to enable JavaScript to visit this website.

കശ്മീരിൽ പുറമെനിന്നുള്ള കാൽക്കോടി വോട്ടർമാരെ കൊണ്ടുവരും, അട്ടിമറി നീക്കമെന്ന് ആക്ഷേപം

ശ്രീനഗർ- ജമ്മു കശ്മീരിൽ അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പുറമെനിന്നുള്ള 25 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയേക്കും. അടുത്ത വർഷം കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. പ്രദേശത്തുകാരല്ലാത്തവർക്ക് വോട്ട് ചെയ്യാൻ പുറമെനിന്നുള്ളവരെ കൂടി അനുവദിക്കുന്നതിന് എതിരെ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുല്ലയും രംഗത്തെത്തി. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ''അപകടകരമായ ശ്രമം'' എന്നാണ് ഇരുവരും നീക്കത്തെ വിശേഷിപ്പിച്ചത്. 
നാല് വർഷത്തിലേറെയായി ജമ്മു കശ്മീരിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ല. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ൽ ആർട്ടിക്കിൾ 370 പ്രകാരം കേന്ദ്രസർക്കാർ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം, കശ്മീരികളല്ലാത്തവർക്ക് വോട്ടുചെയ്യാനും ഭൂമി സ്വന്തമാക്കാനും തദ്ദേശീയരല്ലാത്തവരെ ജമ്മു കശ്മീരിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്യാനും അനുവദിച്ചിരുന്നു. 
തെരഞ്ഞെടുപ്പിന് മുന്നോടിയായി 20 ലക്ഷത്തിലധികം പുതിയ വോട്ടർമാർ ഈ മേഖലയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർ ഹിർദേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ഈ മേഖലയിലെ നിലവിലുള്ള 76 ലക്ഷം വോട്ടർമാരുടെ എണ്ണത്തിൽ മൂന്നിലൊന്ന് വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാനാകും.
'370 റദ്ദാക്കിയതിന് ശേഷം, നേരത്തെ വോട്ടുചെയ്യാൻ കഴിയാത്തവർക്ക് ഇപ്പോൾ വോട്ടർമാരായി രജിസ്റ്റർ ചെയ്യാം. അന്തിമ പട്ടികയിൽ (20-25 ലക്ഷം) പുതിയ വോട്ടർമാരെ ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഹിർദേഷ് കുമാർ പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാനങ്ങൾക്കും എന്നപോലെ ജമ്മു കശ്മീരിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും അവിടെ വോട്ടുചെയ്യാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നു. മേഖലയിൽ ബി.ജെ.പിക്ക് പിന്തുണയില്ലെന്നും ഇത് മറികടക്കാൻ പുറമെ നിന്നുള്ളവരെ കാശ്മീരിലേക്ക് കൊണ്ടുവരികയാണെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു. 'ജമ്മു കശ്മീരിലെ യഥാർത്ഥ വോട്ടർമാരിൽ നിന്നുള്ള പിന്തുണയെക്കുറിച്ച് ബി.ജെ.പിക്ക് തീരെ പ്രതീക്ഷയില്ല. സീറ്റുകൾ നേടുന്നതിന് താൽക്കാലിക വോട്ടർമാരെ ഇറക്കുമതി ചെയ്യുകയാണ്. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കാൻ അവസരം നൽകുമ്പോൾ ഇതൊന്നും ബിജെപിയെ സഹായിക്കില്ലെന്നും ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. 

തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്നതിലാണ് ബി.ജെ.പി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും നാട്ടുകാരല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത് തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്നതിന് വേണ്ടിയാണെന്നും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പറഞ്ഞു. ഉരുക്കുമുഷ്ടി ഉപയോഗിച്ച് ജമ്മു കശ്മീർ ഭരണം തുടരുകയാണ് യഥാർത്ഥ ലക്ഷ്യമെന്നും അവർ ട്വീറ്റ് ചെയ്തു. ജനാധിപത്യം അപകടത്തിലാണ്. 25 ലക്ഷം ബി.ജെ.പി വോട്ടർമാരെ പിൻവാതിലിലൂടെ കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Latest News