Sorry, you need to enable JavaScript to visit this website.

പള്ളിയില്‍ ഹിന്ദു ദമ്പതിമാരുടെ വിവാഹം; പ്രതിഷേധത്തെ തുടര്‍ന്ന് ഇമാമും രണ്ടുപേരും കസ്റ്റഡിയില്‍

ഉന്നാവ്- ഉത്തര്‍പ്രദേശില്‍ പള്ളിയില്‍ കയറി വിവാഹം തടസ്സപ്പെടുത്തിയതിനു പിന്നാലെ പള്ളി ഇമാമിനേയും മറ്റു രണ്ടുപേരേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഉന്നാവ് ജില്ലയിലാണ് സംഭവം. 15 വയസ്സായ ഹിന്ദു പെണ്‍കുട്ടിയെ ഹിന്ദുവിന് നിര്‍ബന്ധിച്ച് വിവാഹം ചെയ്തുകൊടുത്തുവെന്നാണ് ആരോപണം.
ഇമാമിനു പുറമെ, വിവാഹം ചെയ്തയാളെയും നേപ്പാളി പെണ്‍കുട്ടിയെ വളര്‍ത്തിയ മുസ്ലിം സ്ത്രീയുമാണ് കസ്റ്റഡിയിലാത്.
പള്ളിക്കു പുറത്തും പോലീസ് സ്‌റ്റേഷനിലും ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ബഹളം സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടിയെ വില്‍ക്കുകയാണെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ആരോപണം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ അശുതോഷ് പാണ്ഡെ പറഞ്ഞു. നേപ്പാളിലെ ജ്യോതിപുര്‍ സ്വദേശിനിയാണ് പെണ്‍കുട്ടിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിയുടെ പിതാവും ഒരു സഹോദരിയുമടങ്ങുന്ന കുടുംബം കാണ്‍പൂരിലെ ആസാദ്‌നഗര്‍ ചേരിയിലായിരുന്നു താമസം. ഇപ്പോള്‍ 15 വയസ്സായ പെണ്‍കുട്ടിയെ എട്ട് വര്‍ഷം മുമ്പാണ് ഗംഗ്ഘട്ടിലെ ലാല്‍ ബാനുവെന്ന മുസ്ലിം സ്ത്രീയെ വളര്‍ത്താന്‍ ഏല്‍പിച്ചത്.
ഫിറോസാബാദിലെ ഫൂലന്‍ സിംഗ് എന്ന 25 കാരന്‍ പെണ്‍കുട്ടിയെ കെണിയില്‍ പെടുത്തി രാജ്ഥാനി റോഡിലെ മസ്ജിദില്‍ നിക്കാഹ് നടത്താന്‍ എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മൗലനാ ശമീം അഹ്്മദിനോട് ഫൂലന്‍ സിംഗ് നിക്കാഹ് നടത്തിക്കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവും പെണ്‍കുട്ടിയും ഹിന്ദുക്കളയാതിനാല്‍ ആദ്യം ഇമാം വിസമ്മതിച്ചുവെങ്കിലും ഫൂലന്‍ സമ്മര്‍ദം ചെലുത്തിയെന്ന് പറയുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ പിതാവിനോടൊപ്പം ഒരു ഡസനോളം ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറിയത്. ഇമാം പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതിനുശേഷമാണ് വിവാഹം നടത്തുന്നതെന്ന് ആരോപണമുയര്‍ന്നു.

കസ്റ്റഡിയിലെടുത്ത മൗലാന ശമീം, ലാല്‍ ബാനു, ഫൂലന്‍ സിംഗ് എന്നിവരെ ചോദ്യം ചെയ്തുവരികയാണ്. താന്‍ ഇതിനുമുമ്പ് ഒരിക്കലും കാണാത്ത യുവാവുമായി വിവാഹത്തിനു നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതായി പോലീസ് പറയുന്നു. ഹിന്ദു പെണ്‍കുട്ടിയെ സ്വന്തം മകളെ പോലെയാണ് വളര്‍ത്തിയതെന്ന് ലാല്‍ബാനു പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് നിക്കാഹ് നടത്തുന്നുവെന്ന വിവരം ലഭിച്ചതിനാലാണ് ഒരു സംഘത്തെ അയച്ചതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് റീജ്യനല്‍ സെക്രട്ടറി വിമല്‍ തിവാരി പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍നിന്ന് പണം അയച്ചതായി യുവാവിന്റെ ഫോണിലുണ്ടെന്നും തിവാരി പറഞ്ഞു.

 

 

Latest News