17 ലക്ഷം രൂപയുടെ ചോക്ലേറ്റുകള്‍  കള്ളന്മാര്‍ കൊണ്ടു പോയി  

ലഖ്‌നൗ- കാഡ്ബറിയുടെ ഉത്തര്‍പ്രദേശിലെ ഗോഡൗണില്‍ നിന്ന് 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് മോഷണം പോയി. ലഖ്‌നൗവിലെ ചിന്‍ഹട്ട് ഏരിയയിലെ ഗോഡൗണിലാണ് മോഷണം. ലഖ്‌നൗവിലെ വിതരണക്കാരനായ രാജേന്ദ്ര സിങ് എന്നയാളുടെ ഗോമതി നഗറിലെ വീടിനോട് ചേര്‍ന്നുള്ള ഗോഡൗണില്‍ നിന്നാണ് ചോക്ലേറ്റ് മോഷണം പോയത്.
മോഷണം നടന്ന സംഭവത്തില്‍ ചിന്‍ഹട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെന്ന് രാജേന്ദ്ര സിങ് അറിയിച്ചു. മോഷണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ വിവരമറിയിക്കണമെന്ന് അദ്ദേഹം പ്രദേശവാസികളോട് അഭ്യര്‍ഥിച്ചു. 
ചോക്ലേറ്റുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിന്റെ വാതില്‍ തകര്‍ത്താണ് മോഷണം നടന്നത്. ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. ഗോഡൗണില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയി.
ഗോഡൗണ്‍ പരിസരത്ത് നിന്നും രാത്രിയില്‍ വാഹനത്തിന്റെ ശബ്ദം കേട്ടിരുന്നതായി സമീപവാസികള്‍ പോലീസിനോട് പറഞ്ഞു. ഗോഡൗണില്‍ നിന്നും ലോഡ് എടുക്കുന്നതിനായി വാഹനങ്ങള്‍ എത്തിയതാണെന്നാണ് കരുതിയതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഗോഡൗണില്‍ സ്ഥാപിച്ചിരുന്ന സിസിടിവി മോഷണം പോയ സാഹചര്യത്തില്‍ ഗോഡൗണിലേക്കുള്ള റോഡിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
 

Latest News