Sorry, you need to enable JavaScript to visit this website.

വിവാഹ വിരുന്നില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ച് മുസ്ലിം മധ്യവയസ്‌ക്കനെ ആക്രമിച്ചു; ഏഴു പേര്‍ പിടിയില്‍

കോഡെര്‍മ- ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ നവാദിയില്‍ വിവാഹ വിരുന്നില്‍ ഗോമാംസം വിളമ്പി എന്നാരോപിച്ച് ഗോരക്ഷാ ഗുണ്ടകള്‍ അടങ്ങുന്ന ആള്‍ക്കൂട്ടം പ്രദേശത്ത് ആക്രമണമഴിച്ചു വിട്ടു. ജുമന്‍ മിയാന്‍ എന്ന മധ്യവയ്ക്കന്റെ മകന്റെ വിവാഹ വിരുന്നില്‍ ഗോമാംസം വിളമ്പി എന്നാരോപിച്ചായിരുന്നു ആക്രമണം.  ഇവരുടെ ആക്രമത്തിനിരയായി ഗുരുതരമായി പരിക്കേറ്റ ജുമന്‍ മിയാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മിയാന്റെ വീടിനു പുറമെ പ്രദേശത്തെ മറ്റു മുസ്ലിം വീടുകളും ഒരു ആരാധാനാലയത്തിലെ മൈക്കും ആക്രമികള്‍ തകര്‍ത്തു. ചൊവ്വാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിരവധി വാഹനങ്ങളും ആക്രമികള്‍ തീയിട്ടു നശിപ്പിച്ചു. കലാപം ആളിപ്പടരുന്നത് തടഞ്ഞ പോലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് കനത്ത സുരക്ഷയുമൊരുക്കിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മധയവയസ്‌ക്കനായ ജുമന്‍ മിയാന്‍ തിങ്കളാഴ്ച രാത്രിയാണ് നവാദിയിലെ വീട്ടില്‍ മകന്റെ വിവാഹ വരുന്നൊരുക്കിയത്. ചൊവ്വാഴ്ച രാവിലെ മിയാന്റെ വീടിനു സമീപം ഗോമാംസ കഷ്ണം കണ്ടെന്ന് ആരോപിച്ച് ചിലര്‍ രംഗത്തെത്തി. ഗോമാംസത്തിന് സംസ്ഥാനത്ത് നിരോധനമുണ്ട്. സംഭവം പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസെത്തുന്നതിനു മുമ്പ് തന്നെ നാട്ടുകാരും അയല്‍ ഗ്രാമങ്ങളില്‍ നിന്നെത്തിയ ചിലരും ചേര്‍ന്ന് മിയാനെ പിടികൂടി മര്‍ദ്ദിക്കുകയും വീടുകള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. പോലീസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെങ്കിലും അതിനു മുമ്പെ വ്യാപകമായ  ആക്രമണം നടന്നിരുന്നു. മിയാനന്റെ വീടിനു പുറമെ അയല്‍പ്പക്കത്തെ മറ്റു മുസ്ലിം വീടുകളും ആക്രമിക്കപ്പെട്ടു. ആക്രമികള്‍ നടത്തിയ കല്ലേറില്‍ പലര്‍ക്കും പരിക്കേറ്റു. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി ബൈക്കുകളും കാറുകളും ഓട്ടോറിക്ഷകളും തകര്‍ത്തു.

പോലീസ് ലാത്തി വീശീയാണ് ആക്രമികളെ തുരത്തിയത്. പ്രദേശത്ത് ക്രമസമാധാന നില സാധാരണ പോലെയായിട്ടുണ്ടെന്ന് കൊഡെര്‍മ ജില്ലാ പോലീസ് മേധാവി ശിവാനി തിവാരി അറിയിച്ചു. ഗോമാംസം കണ്ടെന്ന ആരോപണം അന്വേഷിച്ചു വരികയാണ്. മാസ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

Latest News