Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസിനെതിരായ വിമര്‍ശം ഒഴിവാക്കി യെച്ചൂരി 

ഹൈദരാബാദ്- ബി.ജെ.പിയെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒരു കുടക്കീഴില്‍ നില്‍ക്കണമെന്ന ആഹ്വാനവുമായി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പൊതുശത്രുവായ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ സീതാറാം യെച്ചൂരി ഉദ്ഘാടന പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം ബി.ജെ.പിയെയും മോഡി സര്‍ക്കാരിനെയും കടന്നാക്രമിച്ച യെച്ചൂരി കോണ്‍ഗ്രസിനെതിരായ വിമര്‍ശം
പൂര്‍ണമായും ഒഴിവാക്കി.  
രാജ്യത്തെ ജനങ്ങള്‍ക്കു മുന്നിലുള്ള വെല്ലുവിളികള്‍ നേരിടുന്നതിനും മതേതര, ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും ഇടതുകക്ഷികള്‍ ഒരുമിച്ചു നില്‍ക്കേണ്ടത് അനിവാര്യമാണെന്ന് യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി ധാരണ വേണോ എന്ന വിഷയത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ ഭിന്നത നിലനില്‍ക്കുമ്പോഴും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകുമോ എന്നതിലും ആശങ്ക നിഴലിച്ചു നില്‍ക്കുമ്പോഴും അതേക്കുറിച്ചുള്ള സൂചനകളൊന്നും നേരിട്ടു നല്‍കാതെ സിപിഎമ്മിന്റെ 22 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ എഴുതി തയാറാക്കിയ പ്രസംഗം വായിക്കുക മാത്രമാണ് യെച്ചൂരി ചെയ്തത്. 
അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനത്തിന് തൊട്ടു മുമ്പ് ബിജെപിയെ തോല്‍പിക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുകയാണെന്നാണ് യെച്ചൂരി പക്ഷത്ത് ഉറച്ചു നില്‍ക്കുന്ന നേതാക്കള്‍ പറഞ്ഞത്. ഇതിനെ കോണ്‍ഗ്രസ് ബന്ധമെന്ന തരത്തില്‍ ഒതുക്കുകയാണ്. ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ് ബന്ധത്തിനായി വാദിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇത്തരം പ്രചാരണങ്ങള്‍ സീതാറം യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കാന്‍ ലക്ഷ്യമിട്ടാണെന്നും അവര്‍ ആരോപിച്ചു.
പശു സംരക്ഷണത്തിന്റെ മറവില്‍ രാജ്യത്ത്  ദളിതരും മുസ്ലിംകളും ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. യുവാക്കള്‍ എന്തു ധരിക്കണം, എന്തു കഴിക്കണം, ആരോടു സൗഹൃദം സ്ഥാപിക്കണം എന്ന നിര്‍ദേശങ്ങളുമായി സദാചാര പോലീസുകാരും അഴിഞ്ഞാടുന്നു. ഇവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ ആക്രമിക്കപ്പെടുന്നു. ഇത്തരം സ്വകാര്യ സേനകള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും തണലില്‍ രാജ്യത്ത് അഴിഞ്ഞാടുകയാണെന്നും യെച്ചൂരി ആരോപിച്ചു. പട്ടികജാതി, പട്ടികവര്‍ഗ, മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരും സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയാന്‍ നിര്‍ബന്ധിതരാകുന്നു. ജമ്മു കശ്മീരിലും അനുദിനം സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. താഴ്‌വരിയില്‍ മുമ്പൊന്നുമില്ലാത്ത വിധം ജനങ്ങള്‍ പരിഭ്രാന്തരാണ്. ഇന്ത്യയുടെ ചരിത്രത്തെ തന്നെ ഹിന്ദുത്വ വാദങ്ങളിലേക്കു ചുരുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇന്ത്യന്‍ തത്വശാസ്ത്രത്തെ മാറ്റി പകരം ഹിന്ദുത്വത്തെ അടിച്ചേല്‍പിക്കുന്നു. എല്ലാ പുരോഗമന ചിന്തകള്‍ക്കും നേരേ ആക്രമണങ്ങള്‍ നടക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
രാജ്യവും ജനങ്ങളും വിവിധ തരത്തിലുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയത്താണ് സിപിഎമ്മിന്റെ 22 ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമൂഹ്യ കെട്ടുറപ്പിനെ തന്നെ തകര്‍ക്കുന്ന വിധത്തിലാണ് ഭരിക്കുന്ന ബിജെപിയും സംഘപരിവാറും തങ്ങളുടെ ഓരോ നയങ്ങളെയും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നത്. കതുവ, ഉന്നാവ് എന്നിവിടങ്ങളില്‍ നടന്ന ക്രൂര സംഭവങ്ങള്‍ സമൂഹത്തിലെ മനുഷ്യത്വമില്ലായ്മ വെളിപ്പെടുത്തുന്നതാണ്. കുട്ടികള്‍ ഉള്‍പ്പെടെ മാനംഭംഗത്തിനിരയാകുന്ന ക്രൂര സംഭവങ്ങള്‍ ഉള്‍പ്പെടെ ബിജെപിയും സംഘപരിവാറും വര്‍ഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഇത്തരം പ്രവണതകളെ ചെറുത്തു തോല്‍പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
രാജ്യത്തെ കര്‍ഷകര്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. ഇതിന്റെ പ്രതിഫലനമാണ് നാസിക്കില്‍ നിന്നും മുംബൈയിലേക്കു നടന്ന ലോംഗ് മാര്‍ച്ചില്‍ കണ്ടത്. കര്‍ഷക ആത്മഹത്യ തടയുന്നതിനായി കടങ്ങള്‍ എഴുതിത്തള്ളുമെന്നും കുറഞ്ഞ താങ്ങുവില ഉറപ്പാക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ ബിജെപി തന്നെ ലംഘിക്കുകയാണ്. രാജ്യത്ത് രണ്ടു കോടി തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുമെന്നു യുവാക്കള്‍ക്കു നല്‍കിയ വാഗ്ദാനവും ലംഘിക്കപ്പെട്ടു. സംഘടിത മേഖലകളില്‍ പോലും തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. 
    

Latest News