Sorry, you need to enable JavaScript to visit this website.

തട്ടിപ്പുകൾ തടയാൻ ഗ്രൂപ്പ് എസ്.എം.എസ് നിയന്ത്രിക്കുന്നു; ടെലികോം കമ്പനികൾക്ക് പിഴ

റിയാദ് - നിയമ ലംഘനങ്ങൾക്ക് ടെലികോം കമ്പനികൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പിഴകൾ ചുമത്തി. കമ്പനികൾക്ക് 5,000 റിയാൽ മുതൽ 25,000 റിയാൽ വരെയാണ് പിഴകൾ ചുമത്തിയത്. നിയമ വിരുദ്ധമായി പ്രീപെയ്ഡ് മൊബൈൽ ഫോൺ സിം കണക്ഷനുകൾ അനുവദിക്കൽ, ഉപയോക്താക്കളുടെ പരാതികളുമായി ബന്ധപ്പെട്ട സി.ഐ.ടി.സി തീരുമാനങ്ങൾ നിശ്ചിത സമയത്തിനകം നടപ്പാക്കാതിരിക്കൽ, കഴിഞ്ഞ വർഷത്തെ പ്രവർത്തന വരുമാനങ്ങളും ഓഡിറ്റ് ചെയ്ത ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റുകളും സമർപ്പിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾക്ക് ടെലികോം കമ്പനികൾക്ക് ആകെ 51 പിഴകളാണ് ചുമത്തിയത്. 
അതേസമയം, ഗ്രൂപ്പ് എസ്.എം.എസ് സേവനം ദുരുപയോഗിക്കുന്നത് തടയാനും ഫിഷിംഗ്, സ്പാം എസ്.എം.എസുകൾ വിലക്കാനുമുള്ള പദ്ധതി സി.ഐ.ടി.സി നടപ്പാക്കാൻ തുടങ്ങി. ഗ്രൂപ്പ് എസ്.എം.എസ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന മുഴുവൻ സ്ഥാപനങ്ങളും തങ്ങൾ കരാറുകൾ ഒപ്പുവെച്ച സേവന ദാതാക്കളുമായി ആശയവിനിമയം നടത്തി എസ്.എം.എസ്സുകൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ ഓഗസ്റ്റ് 31 നു മുമ്പായി ഏകീകൃത ഇലക്‌ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഗ്രൂപ്പ് എസ്.എം.എസ് സേവനം പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങളിൽ എസ്.എം.എസ്സുകൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ഇക്കഴിഞ്ഞ മാർച്ച് 20 മുതൽ ഗ്രൂപ്പ് എസ്.എം.എസ് സേവന ദാതാക്കളുമായി ചേർന്ന് സി.ഐ.ടി.സി നടപടികൾ സ്വീകരിച്ചിരുന്നു. 
എസ്.എം.എസ്സുകൾ അയക്കുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ ഓഗസ്റ്റ് 31 വരെ സാവകാശവും നൽകി. ഇതിനകം പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത പക്ഷം ഗ്രൂപ്പ് എസ്.എം.എസ് സേവനം തടസ്സപ്പെടുമെന്ന് സി.ഐ.ടി.സി മുന്നറിയിപ്പ് നൽകി. ഗ്രൂപ്പ് എസ്.എം.എസ് സേവനം പ്രയോജനപ്പെടുത്തുന്ന 85 ശതമാനം സ്ഥാപനങ്ങളും ഇതിനകം എസ്.എം.എസ് അയക്കുന്നവരുടെ പേരുവിവരങ്ങൾ ഏകീകൃത ഇലക്‌ട്രോണിക് സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ പറഞ്ഞു. 
സൗദിയിൽ എസ്.എം.എസുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പ് ശ്രമങ്ങൾ വർധിച്ചുവരികയാണ്. ബാങ്കുകളിൽ നിന്നുള്ളതെന്ന വ്യാജേന അയക്കുന്ന എസ്.എം.എസ്സുകളിലൂടെ ഉപയോക്താക്കളുടെ അക്കൗണ്ടുകളുമായും എ.ടി.എം കാർഡുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിയും വിലപിടിച്ച സമ്മാനങ്ങൾ അടിച്ചതായി അറിയിച്ചും തട്ടിപ്പുകൾക്ക് വ്യാപക ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരം എസ്.എം.എസ്സുകളെ കുറിച്ച് ടോൾഫ്രീ നമ്പറിലൂടെ അറിയിക്കണമെന്ന് കേന്ദ്ര ബാങ്ക് ആവശ്യപ്പെടുന്നു.
 

Latest News