ന്യൂദൽഹി- ബിഹാർ മന്ത്രിസഭയിലെ നിയമമന്ത്രി കാർത്തികേയ സിംഗിനെതിരെ തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റ് വാറണ്ട്. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ആർ.ജെ.ഡിയിൽനിന്നുള്ള അംഗമാണ് കാർത്തികേയ സിംഗ്. അതേസമയം, അത്തരത്തിലുള്ള ഒരു കേസിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ പുതിയ മന്ത്രിസഭയിൽ കൂടുതൽ മന്ത്രിമാർ അധികാരമേൽക്കുന്ന പതിനാറിനായിരുന്നു കാർത്തികേയ സിംഗ് കോടതിയിൽ ഹാജരാകേണ്ടിയിരുന്നത്. എന്നാൽ അതേദിവസം തന്നെയാണ് സിംഗ് നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ കാർത്തികേയ സിംഗ് മറ്റ് 17 പേർക്കൊപ്പം 2014 ലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതിയാണ്. ബിൽഡറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. എന്നാൽ തനിക്കെതിരെ കള്ളക്കേസ് ചുമത്തിയിട്ടുണ്ടെന്നും വാറണ്ട് ഇല്ലെന്നുമാണ് സിംഗ് പറയുന്നത്.