Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തങ്ങളുടേതല്ലാത്ത രാഷ്ട്രീയ ഉണർവുകളെ  അംഗീകരിക്കില്ലെന്ന നിലപാടിന്റെ സൂചന -ഫ്രറ്റേണിറ്റി

തിരുവനന്തപുരം : സംഘടനാ ചട്ടക്കൂടുകൾക്കു പുറത്തു നടക്കുന്ന രാഷ്ട്രീയമായ ഉണർവ്വുകളും സംഘാടനങ്ങളും അംഗീകരിക്കില്ലെന്ന സാമ്പ്രദായിക പാർട്ടികളുടെ സങ്കുചിതത്വവും ജനാധിപത്യവിരുദ്ധതയുമാണ് ഹർത്താലുമായി ബന്ധപ്പെട്ട വ്യാപക പോലീസ് നടപടിയിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എസ്. ഇർഷാദ് പറഞ്ഞു. ഇത്തരം ഉണർവുകളെ സാമുദായിക ധ്രുവീകരണ ശ്രമമെന്നും വർഗീയ കലാപത്തിനുള്ള ഗൂഡാലോചനയെന്നും ചിത്രീകരിക്കുന്ന ഭരണകൂട ഭാഷ്യങ്ങൾ പ്രതിഷേധാർഹമാണ്. 
ഏപ്രിൽ 16 ന് ആസിഫ ബാനു വിഷയത്തിൽ നടന്ന ഹർത്താലുമായി ബന്ധപ്പെട്ട് മലബാർ മേഖലയിൽ വ്യാപകമായ അറസ്റ്റുകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഹർത്താലാഹ്വാനവും ആചരണവും മുസ്‌ലിം യുവാക്കൾ നടത്തിയ ആസൂത്രിതമായ ഗൂഡാലോചനയായി വരുത്തിത്തീർക്കാനാണ് സി പി എമ്മും കോൺഗ്രസും ലീഗും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. 
സമീപകാലത്തു കൂടുതൽ പ്രത്യക്ഷവത്കരിക്കപ്പെട്ട മുസ്‌ലിം രാഷ്ട്രീയ ഉണർവുകളെ അരികുവത്കരിക്കാനുള്ള ഭരണകൂടശ്രമത്തിന്റെ ഭാഗം കൂടിയാണിത്.  വർഗീയ കലാപശ്രമവും സാമുദായിക ധ്രുവീകരണശ്രമവും ആരോപിച്ച്  ജാമ്യമില്ലാ വകുപ്പുകൾ ചാർത്തി അർദ്ധരാത്രിയിലും മറ്റും പോലീസ് തുടരുന്ന നരനായാട്ട് ഉടൻ അവസാനിപ്പിക്കണം. 
നിലനിൽക്കുന്ന സംഘടനാ ചട്ടക്കൂടുകൾക്കകത്തും പുറത്തുമുള്ള യുവസമൂഹം പ്രാദേശികമായി ഒത്തു ചേർന്ന് ഉയർത്തിയ ഒരു പ്രതിഷേധം മുസ്‌ലിം യുവാക്കളുടെ അക്രമമായി വ്യാഖ്യാനിക്കപ്പെടുന്നത് ദുരുദ്ദേശ്യപരമാണ്. 
ഗെയ്ൽ സമരത്തിലും ദേശീയപാത സമരത്തിലും ആരോപിച്ചതു പോലെ മുസ്‌ലിം തീവ്രവാദ ആരോപണങ്ങളാണ് ഹർത്താൽ അനുകൂലികളായ ചെറുപ്പക്കാർക്കെതിരിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ചിരിക്കുന്നത്. ആർ എസ് എസിനെതിരിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും ഹിന്ദു മതസമൂഹത്തിനെതിരിലാണെന്നു വരുത്തിത്തീർക്കുന്നതിലൂടെയും അക്രമസംഭവങ്ങൾ ഊതിപ്പെരുപ്പിച്ചു അവതരിപ്പിക്കുന്നതിലൂടെയും സംഘ്പരിവാർ പ്രചരണങ്ങളെയാണ് ഇവർ ശക്തിപ്പെടുത്തുന്നത്.
ഈ പോലീസ് വേട്ടയെ ചെറുത്തു തോൽപ്പിക്കൽ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണ്. പൗരാവകാശങ്ങൾ റദ്ദ് ചെയ്യുന്ന പോലീസ് രാജിനെയും കൂട്ട് നിൽക്കുന്ന പരമ്പരാഗത പാർട്ടി ആഖ്യാനങ്ങളെയും ചെറുക്കുവാൻ പൊതുസമൂഹം മുന്നിട്ടിറങ്ങണമെന്നും ഇർഷാദ് ആവശ്യപ്പെട്ടു. 

Latest News