Sorry, you need to enable JavaScript to visit this website.

ഇതാണോ മോഡീ നാരീശക്തി; ബില്‍കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധം

ന്യൂദല്‍ഹി-ഗുജറാത്ത് കലാപത്തിലെ ബില്‍കിസ് ബാനു കേസില്‍ ബലാത്സംഗത്തിനും കൊലപാതകത്തിനും  ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ച നടപടിക്കെതിരെ വ്യാപക വിമര്‍ശം. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നാരിശക്തിയെ കുറിച്ച് പ്രകീര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഞ്ഞടിച്ചു.
ബി.ജെ.പിക്കു കീഴിലുള്ള  പുതിയ ഇന്ത്യയുടെ യഥാര്‍ഥ മുഖമാണ് ഗുജറാത്തില്‍ ദൃശ്യമായതെന്ന് വിവിധ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.


ഗര്‍ഭിണി ആയിരുന്ന ബില്‍കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയം ചെയ്ത പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ചത്. ഗര്‍ഭിണിയായ മുസ്ലിം സ്ത്രീയുടെ മൂന്നര വയസ്സായ മകളേയും കൊലപ്പെടുത്തിയ പ്രതികളെ ജയലിനു പുറത്ത് പൂമാലയിട്ടും മധുരം വിതരണം ചെയ്തുമാണ് സ്വീകരിച്ചത്.


കൊലയാളികളെ വിട്ടയച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കാണ് ഉത്തരവാദിത്തമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
സ്ത്രീകളുടെ അന്തസ്സ് ഇടിച്ചതാക്കുന്ന യാതൊന്നും ചെയ്യരുതെന്നാണ് മോഡി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്. നാരിശക്തിയെ പിന്തുണക്കുന്നതിനെ കുറിച്ചായിരുന്നു പ്രസംഗം. കൂട്ടബലാത്സംഗത്തില്‍ ശിക്ഷിക്കപ്പെട്ട ക്രിമിനലുകളെ അതേ ദിവസം തന്നെ മോചിപ്പിച്ചിരിക്കുന്നു. സന്ദേശം വ്യക്തമാണ്- ഉവൈസി ട്വീറ്റ് ചെയ്തു.
താന്‍ പറഞ്ഞ വാക്കുകളില്‍ വിശ്വസിക്കുന്നുണ്ടോയെന്ന് പ്രധാനമന്ത്രി മോഡി രാജ്യത്തോട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ബില്‍കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ചതിലൂടെ ബി.ജെ.പി സര്‍ക്കാരുകളുടെ മനോനിലയാണ് വ്യക്തമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2002 ലെ ഗുജറാത്ത് കലാപകാലത്ത് അഞ്ചുമാസം ഗര്‍ഭിണി ആയിരിക്കെയാണ് ബില്‍കിസ് ബാനുവിനെ പ്രതികള്‍ കൂട്ടബലത്സംഗം ചെയ്തത്.

മൂന്ന് വയസുള്ള മകള്‍ അടക്കം കുടുംബാംഗങ്ങളെ കണ്‍മുന്നിലിട്ട് ക്രൂരമായി കൊന്നു. മരിച്ചെന്ന് കരുതി പ്രതികള്‍ ഉപേക്ഷിച്ച് പോയ ബില്‍കിസ് ബാനുവാണ് പിന്നീട് നിയമപോരാട്ടം നടത്തുകയും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയത്.

 

 

 

Latest News