Sorry, you need to enable JavaScript to visit this website.

മുസ്‌ലിം ഉന്മൂലനമോ നിങ്ങളുടെ ലക്ഷ്യം, സി.പി.എമ്മിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു

തിരുവനന്തപുരം- പാലക്കാട് സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മുസ്്‌ലിം നാമധാരികളായ പാര്‍ട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നതെന്ന് രാഹുല്‍ ചോദിക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് രാഹുല്‍ പറഞ്ഞു.

കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം സി.പി.എം മറ്റു പാര്‍ട്ടികളില്‍ ആരോപിക്കുകയും അന്വേഷണവും ആരോപണവും സി.പി.എമ്മിലേക്ക് തന്നെയാണ് എത്തിച്ചേരുന്നതെന്നും ആഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്യുന്നതായി രാഹുല്‍ പോസ്റ്റില്‍ പറയുന്നു.

'മുസ്്‌ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?' എന്ന് രാഹുല്‍ ചോദിക്കുന്നു. സമാന ഫേസ്ബുക്ക് പോസ്റ്റുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രനും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സാധാരണ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്ലീം സഖാക്കള്‍ക്ക് എന്നും ആവശ്യം വന്നാല്‍ ഏത് നിമിഷവും തട്ടും എന്നുമാണ് പോസ്റ്റില്‍ പറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാന്‍,
വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട മിഥ്‌ലാജ്, ഹക്ക്,
കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,
പട്ടാമ്പിയില്‍ കൊല്ലപ്പെട്ട സെയ്താലി.....

എത്ര മുസ്ലിം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നത്. സി.പി.എം ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്തം ആദ്യം ഇതര പാര്‍ട്ടികളില്‍ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും അവരിലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാര്‍ട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാര്‍ട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാര്‍ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മറുപടി പറയണം.
നിങ്ങള്‍ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങള്‍ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല... മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സി.പി.എമ്മെ ?

 

Latest News