സ്വാതന്ത്ര്യദിന റാലിയില്‍ സവര്‍ക്കര്‍, പ്രതിഷേധവുമായി നാട്ടുകാര്‍

മലപ്പുറം- അരീക്കോട് കീഴുപറമ്പ് ജി.വി.എച്ച്.എസിന്റെ സ്വാതന്ത്ര്യ ദിന റാലിയില്‍ വി.ഡി സവര്‍ക്കറെ ഉള്‍പ്പെടുത്തിയതിന് എതിരെ പ്രതിഷേധം.  യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും എസ് ഡി പി ഐ യും ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ചുമതലയുള്ള  അധ്യാപകനോട് വിശദീകരണം തേടിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനികളുടെ വേഷം ധരിപ്പിച്ച് കുട്ടികളെ ഒരുക്കിയ റാലിയില്‍ വി.ഡി സവര്‍ക്കറെ കൂടി ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം.

എഴുപത് സ്വാതന്ത്ര്യ സമര സേനാനികളെ അണിനിരത്തിയായിരുന്നു റാലി. ഡ്രസിങ്ങ് റൂമില്‍ നിന്ന് അണിയിച്ചൊരുക്കി സവര്‍ക്കറുടെ പേരെഴുതിയ ബോര്‍ഡ് ശരീരത്തില്‍ തൂക്കി പുറത്തിറങ്ങിയ വിദ്യാര്‍ഥിയെ കണ്ട ഒരു അധ്യാപകന്‍ പേര് മാറ്റിയെങ്കിലും അതേ വേഷവിധാനത്തില്‍ റാലിയില്‍ മുഴുവനായി കുട്ടി പങ്കെടുത്തു എന്ന് ആണ് പ്രതിഷേധക്കാര്‍ പറയുന്നത്. വൈകിട്ടോടെ ഒരു രക്ഷിതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാടെയാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഇതോടെ സ്‌കൂളിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ പ്രകടനവുമായി എത്തി. യൂത്ത് കോണ്‍ഗ്രസും എസ്.ഡി.പി.ഐയും വിഷയത്തില്‍ പ്രതിഷേധിച്ചു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

 

Latest News