അമേരിക്കൻ യാത്ര അനുഭവങ്ങൾ പങ്കുവെക്കുന്ന സമയത്ത് വെള്ളിയാഴ്ച, ജുമുഅ എന്നൊക്കെ കേൾക്കുമ്പോൾ പലരും ചോദിച്ച ചോദ്യമാണ് 'അവിടെ പള്ളികളുണ്ടോ?, ജുമുഅ ഉണ്ടോ? അതിനൊക്കെ അനുവാദമുണ്ടോ? 'ഉത്തരം. ഉണ്ട്. ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാനങ്ങളും അതാതിന്റേതായ ശരിയായ രീതിയിൽ സംഘം ചേർന്നോ ഒറ്റക്കോ അനുഷ്ഠിക്കുന്നതിനോ, സമൂഹത്തിൽ ഇസ്‌ലാമികമായി ഇടപെടുന്നതിനോ യാതൊരു തടസ്സവുമില്ല.
മിക്കവാറും നഗരങ്ങളിലൊക്കെത്തന്നെ പള്ളികളുണ്ട്. ദിവസവും അഞ്ചു നേരവും ജമാഅത്തും വെള്ളിയാഴ്ച ജുമുഅയും റമദാനിലും മറ്റുമുള്ള പ്രത്യേക പ്രാർത്ഥനകളും ഇവിടങ്ങളിൽ സജീവമായി നടക്കുന്നു. ആദ്യ കാലത്ത് നിലവിലുള്ള കെട്ടിടങ്ങൾ വാങ്ങി പള്ളിയായി ഉപയോഗിക്കുകയായിരുന്നു. ചർച്ചുകൾ, സിനിമാശാലകൾ, വാണിജ്യ, വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന കെട്ടിടങ്ങൾ വരെ പളളിയായി ഉപയോഗിച്ച് വന്നു. അടുത്ത കാലത്ത് പള്ളിക്കായി സ്വന്തമായി കെട്ടിടങ്ങൾ നിർമിച്ച് ഉപയോഗിക്കുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ കെട്ടിട നിർമാണചട്ടങ്ങൾ അനുസരിച്ചായിരിക്കണം എന്ന നിബന്ധന മാത്രമേ ഉള്ളൂ.
ഖുർആൻ പഠനം, ഇസ്‌ലാമിക വിദ്യാഭ്യാസം, കൗൺസലിംഗ് തുടങ്ങി സമൂഹത്തിന് ആവശ്യമായ എല്ലാ രംഗത്തും ഇസ്‌ലാമിക ഇടപെടലുകൾ ഈ പള്ളികൾ നടത്തുന്നു. അമേരിക്കൻ സിലബസിനു പുറമെ ഇസ്‌ലാമിക വിദ്യാഭ്യാസം കൂടി നൽകുന്ന സ്‌കൂളുകൾ പള്ളികളുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ഖുർആൻ മനഃപാഠമാക്കുന്നതിനായി താമസിച്ച് പഠിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ പള്ളികളുടെ നിയന്ത്രണത്തിൽ ഉണ്ടാക്കിയിട്ടുണ്ട്.
ചെറിയ വരുമാനക്കാർക്ക് ചികിത്സ ചെലവുകളിൽ ആശ്വാസം ലഭിക്കുന്നതിനായി പല പളളികളിലും ക്ലിനിക്കുകൾ നടത്തുന്നു. വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്നവരും റിട്ടയർ ചെയ്തവരുമായ അനേകം മുസ്‌ലിം ഡോക്ടർമാർ ഈ ക്ലിനിക്കുകളിൽ രോഗികളെ പരിശോധിച്ച് പരിഹാരം നിർദേശിക്കുന്നു. സൗജന്യമായി മരുന്നുകൾ കൊടുക്കുന്ന ക്ലിനിക്കുകളുമുണ്ട്.
ആദ്യകാല കുടിയേറ്റക്കാരിൽ പെട്ട ഡോക്ടർമാരിൽ പലരും ചെറിയ ഉൾനാടൻ പട്ടണങ്ങളിൽ ജോലി ചെയ്യുന്നവരായുണ്ടായിരുന്നു. അവിടങ്ങളിൽ കെട്ടിടങ്ങൾ വാടകക്ക് വാങ്ങിയും വില കൊടുത്തു വാങ്ങിയും പലപ്പോഴും എല്ലാ ചെലവുകളും സ്വയം വഹിച്ചുകൊണ്ട്, ഒറ്റക്കും കൂട്ടായും അവർ ആരാധന കാര്യങ്ങളും മതാധ്യാപന കാര്യങ്ങളും നിർവഹിച്ചു പോന്നു. എല്ലാത്തിനും നേതൃത്വം കൊടുക്കുന്നതിനു വേണ്ടി ഉസ്താദുമാരെ നിയമിക്കുകയും ചെയ്തു.
കോളേജുകൾ, യൂനിവേഴ്‌സിറ്റികൾ, കമ്പനികൾ, ഫാക്ടറികൾ തുടങ്ങി കൂടുതൽ ആളുകൾ ഉണ്ടാവുന്നിടത്തൊക്കെ നമസ്‌കാരം നിർവഹിക്കുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ സംഘം ചേർന്ന് റമദാനിലെ പ്രാർത്ഥനകൾക്കും ഭക്ഷണത്തിനുമുള്ള സംവിധാനമൊരുക്കുന്നു.
കമ്യൂണിറ്റി ഹാളുകൾ, ചെറിയ കുട്ടികൾക്ക് വിവിധ തരം കളികളിലേർപ്പെടാനുള്ള സൗകര്യം, മുതിർന്ന കുട്ടികളെ ഉദ്ദേശിച്ച് അമേരിക്കയിലെ ജനപ്രിയ കളിയായ ബാസ്‌കറ്റ് ബോൾ കോർട്ടുകൾ എന്നിവ മിക്കവാറും പള്ളികളോടനുബന്ധിച്ച് കാണാം.
റമദാനിൽ രാത്രി മുഴുവൻ കുടുംബത്തോടൊപ്പം പള്ളികളിൽ ചെലവഴിക്കുന്നതാണ് ശീലം. ഇസ്‌ലാമിനെപ്പറ്റി അറിയുവാൻ താൽപര്യം കാണിക്കുന്ന മറ്റു മതസ്ഥരായ സഹപ്രവർത്തകരെയും
ചങ്ങാതിമാരെയും പരിചയക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണ പരിപാടികൾ റമദാനിലെ വൈകുന്നേരങ്ങളിൽ പല പളളികളിലും നടത്തുന്നു. നോമ്പുതുറ ഭക്ഷണത്തിനു ശേഷം അതിഥികൾ പിരിയുന്നതോടു കൂടി ആരാധന കാര്യങ്ങളിലേക്ക് കടക്കുകയായി. മഗ്‌രിബ്, ഇശാ നമസ്‌കാരങ്ങൾ, തറാവീഹ്, കിയാമുല്ലൈലയും കഴിഞ്ഞ്, അത്താഴം കഴിച്ച് സുബ്ഹി നമസ്‌കാരത്തോടു കൂടി വീടുകളിലേക്ക് മടങ്ങുന്നു. മുതിർന്നവർക്ക് സൗകര്യപ്പെടുമാറ് ചെറിയ കുട്ടികളെ പല തരം കളികളിലേർപ്പെടുത്തിയും ഭക്ഷണം കൊടുത്തും ഉറക്കിയും അവരുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്നതിനുമായി ഈ കാലത്ത് ആയമാരെ പ്രത്യേകം നിയമിക്കുകയും ചെയ്യുന്നു.
രാവിലെ നേരത്തെ ആരംഭിക്കുന്ന ഓഫീസുകളിൽ പലതിലും 11 മണിയോടെ ആരംഭിക്കുന്ന ലഞ്ച് ബ്രെയ്ക്ക് ഉപയോഗപ്പെടുത്തി, അവർക്ക് കൂടി പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ചകളിൽ രണ്ട് ജുമുഅ നമസ്‌കാരങ്ങൾ നടത്തുന്ന പള്ളികളുമുണ്ട്.
പഴമയുടെ പ്രതീകമായി മദർ മോസ്‌ക്
ഇന്നത്തെ സിറിയയും ലെബനോനുമടങ്ങുന്ന പ്രദേശത്ത് നിന്ന് കുടിയേറിയവരാണ് അയോവ സംസ്ഥാനത്തെ സെഡാർ റാപിഡ്‌സിൽ മദർ മോസ്‌ക് എന്ന് വിളിക്കുന്ന ഈ പള്ളി നിർമിച്ചത്. നമസ്‌കാരം ലക്ഷ്യം വെച്ച് ഉണ്ടാക്കിയതും ഇന്നും ആരാധനകൾ തുടരുന്നതുമായ പള്ളികളിൽ വെച്ച് ഏറ്റവും പഴക്കം ചെന്നതാണ് 1934 ൽ നിർമിച്ച മദർ മോസ്‌ക്.
1971 ൽ ഈ പള്ളിക്കെട്ടിടം വിറ്റു. തുടർന്ന് 20 വർഷക്കാലം പല ഉടമസ്ഥൻമാരുടെ കൈയിലായിരുന്നു. 1991 ൽ ഇസ്‌ലാമിക് സെന്റർ ഓഫ് അയോവ ഈ കെട്ടിടം തിരിച്ചു വാങ്ങുകയും പള്ളിയായി ഉപയോഗം തുടരുകയും ചെയ്തു വരുന്നു.
1996 ൽ അമേരിക്കൻ ഫെഡറൽ ഗവൺമെന്റ് മദർ മോസ്‌കിനെ ഒരു ദേശീയ സ്മാരക മായി പ്രഖ്യാപിച്ചു. 2008 ലെ വെളളപ്പൊക്കത്തിൽ പള്ളിയുടെ ബെയ്‌സ്‌മെന്റിൽ സൂക്ഷിച്ചിരുന്ന അനേകം ഗ്രന്ഥങ്ങളും വിലപ്പെട്ട രേഖകളും നഷ്ടപ്പെടുകയുണ്ടായി.
2. മസ്ജിദ് ഈമാൻ
സോമാലിയ, ഘാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി എത്തിയവരെ കുടിയിരുത്തിയ പ്രദേശമാണ് അയോവ സിറ്റി. താരതമ്യേന താഴ്ന്ന വരുമാനക്കാർ താമസിക്കുന്ന സ്ഥലമാണെങ്കിലും എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പള്ളിയാണ് അവർ ഉണ്ടാക്കിയിട്ടുളള മസ്ജിദ് ഈമാൻ എന്ന പള്ളി. മദർ മോസ്‌കിലേക്കുള്ള യാത്രയിൽ ജുമുഅ നമസ്‌കാരം ഞങ്ങൾ നിർവഹിച്ചത് ഈ പള്ളിയിൽ ആയിരുന്നു.
3. കമ്യൂണിറ്റി മോസ്‌ക് (വിൻസ്റ്റൻ സേലം, നോർത്ത് കരോലിന)
ഡൗൺടൗണിനടുത്ത് ബ്രൂസ് ബിൽഡിംഗിൽ 1980 ലാണ് ഇതിന്റെ ആരംഭം. മുസ്‌ലിം അംഗസംഖ്യ കൂടിയപ്പോൾ 1987 ൽ തേഡ് സ്ട്രീറ്റിലെ മറ്റൊരു കെട്ടിടത്തിലേക്ക് മാറി. ചുറ്റുവട്ടത്ത് ഒഴിഞ്ഞു കിടന്നിരുന്ന വസ്തുവകകളിൽ സജീവമായിരുന്ന മയക്കുമരുന്ന് കച്ചവടവും സാമൂഹ്യ വിരുദ്ധരും പള്ളിയിലേക്ക് വരുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന വിശ്വാസികൾക്ക് ഭീഷണി ആയപ്പോൾ വസ്തു ഉടമകളുടെ അനുവാദത്തോടെ പള്ളി വക ഒരു സെക്യൂരിറ്റി ടീം ഉണ്ടാക്കി. ആ ടീമിന്റെ ഇടപെടൽ കാരണം മയക്കുമരുന്ന് കച്ചവടവും മറ്റു പ്രവർത്തനങ്ങളും പാടെ തുടച്ചു നീക്കാൻ കഴിഞ്ഞു. 2002 ൽ വൗട്ടൺ സ്ട്രീറ്റിൽ മുമ്പ് ചർച്ച് ആയിരുന്ന കെട്ടിടം വാങ്ങി. അതിലാണ് ഇന്ന് കമ്യൂണിറ്റി മോസ്‌ക് ഉളളത്. ജുമുഅ നമസ്‌കാരം നടക്കുമ്പോൾ രണ്ട് പേർ നമസ്‌കാരത്തിൽ പങ്കെടുക്കാതെ കാവൽ നിൽക്കുന്ന 1987 ലെ പതിവ് ഇന്നും തുടരുന്നു.
4. അന്നൂർ ഇസ്‌ലാമിക് സെന്റർ (വിൻസ്റ്റൻ സേലം, നോർത്ത് കരോലിന)
ടൗണിൽ നിന്ന് അൽപം മാറി ക്ലെമൺസിൽ സ്ഥിതി ചെയ്യുന്ന അന്നൂർ ഇസ്‌ലാമിക് സെന്റർ 2004 ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. നാല് ഏക്കർ വസ്തുവിലുണ്ടായിരുന്ന ചർച്ച് കെട്ടിടം പുതുക്കിപ്പണിതു. നമസ്‌കാരത്തിനുളള ഹാളുകൾ, വിവിധോദ്ദേശ്യ ഹാൾ, ഓഫീസ്, ലൈബ്രറി, അടുക്കളയും സ്‌റ്റോറും, പിക്‌നിക് ഷെഡ്, കുട്ടികൾക്ക് കളിക്കാൻ പാർക്ക് എന്നീ സൗകര്യങ്ങൾ ഏർപ്പെടുത്തി. പള്ളിയുടെ നിയന്ത്രണത്തിൽ ഒരു ഖബർ സ്ഥാനുമുണ്ട്.
(തുടരും)






