രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പ്രവർത്തനത്തിൽ സി.പി.എമ്മിനു അതൃപ്തി എന്നാണ് വാർത്ത. കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളിൽ അതു പ്രകടമായിരുന്നു. പ്രവർത്തനം മെച്ചപ്പെടുത്താൻ സംസ്ഥാന സമിതി കർശനമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുമുണ്ടത്രേ. മന്ത്രിമാർ ഓഫീസിലൊതുങ്ങാതെ സംസ്ഥാനത്തൊട്ടാകെ സഞ്ചരിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നാണ് പ്രധാന നിർദേശം. ഭരണത്തിന് ഓൺലൈൻ സംവിധാനങ്ങളെ അമിതമായി ആ്രശയിക്കുന്നത് ഒഴിവാക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിലെത്തിക്കാനും മന്ത്രിമാർ ജനങ്ങളുമായി കൂടുതൽ അടുക്കാനും സംഘടനാതല നടപടികൾ സ്വീകരിക്കാനും സംസ്ഥാന സമിതി തീരുമാനിച്ചു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേയും വിമർശനങ്ങളുണ്ടെന്നും കോടിയേരി സമ്മതിച്ചു.
കോടിയേരിക്കു പിറകെ ഇക്കാര്യം സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. മന്ത്രിമാർ മികച്ച പ്രകടനം നടത്തുന്നുവെന്ന അഭിപ്രായം തനിക്കില്ല, കാര്യങ്ങൾ കൂടുതൽ മെച്ചപ്പെട്ടുവരികയാണ്, മന്ത്രിമാർക്കു പരിചയക്കുറവുണ്ട്, മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ, ഒന്നാം സർക്കാരും രണ്ടു വർഷമൊക്കെ എത്തിയപ്പോഴാണ് മികച്ച നിലയിലേക്കു വന്നത്, പാർട്ടിയുടെ പ്രതീക്ഷക്കൊത്തു വരണമെന്ന നിർദേശം ഉൾക്കൊള്ളുന്നു എന്നിങ്ങനെ പോയി മുഖ്യമന്ത്രിയുടെ വാക്കുകൾ.
ചുരുക്കിപ്പറഞ്ഞാൽ മന്ത്രിമാരുടെ പരിചയക്കുറവാണ് പ്രശ്നമെന്നാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറയുന്നത്. പുതുമുഖങ്ങളെ മിക്കവാറും മന്ത്രിമാരാക്കുമ്പോൾ അതു മുൻകൂട്ടി കാണാനുള്ള കഴിവ് നേതാക്കൾക്കില്ല എന്നാണോ പറയുന്നത്? ചിലരാകട്ടെ, കുറെ കൂടി മുന്നോട്ടു പോയി കഴിഞ്ഞ പിണറായി സർക്കാരിലെ മന്ത്രിമാർ മിടുക്കരാണെന്നും ഇപ്പോഴുള്ളവർ മോശമാണെന്നും പ്രചാരണം നടത്തുന്നുണ്ട്. വാസ്തവത്തിൽ പുതുമുഖങ്ങളെ മന്ത്രിമാരാക്കുക എന്നത് ശരിയായ തീരുമാനമാണ്. കാരണം സ്ഥിരതയല്ല, മാറ്റമാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്നതു തന്നെ. വാസ്തവത്തിൽ മുഖ്യമന്ത്രിയും മാറേണ്ടതായിരുന്നു. എന്നാലതുണ്ടായില്ല. വിഷയം മറ്റൊന്നാണ്. മുഖ്യമന്ത്രിക്കു മുന്നിൽ തന്റേടത്തോടെ നിവർന്നു നിന്ന് സ്വന്തം അഭിപ്രായം പറയാൻ ധൈര്യമുള്ള മന്ത്രിമാർ കുറവാണ് എന്നതാണത്. അതു സർക്കാരിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എന്നൽ പ്രധാന വിഷയം അതുമല്ല. അത് തെരഞ്ഞെടുപ്പു പ്രചാരണ വേളയിൽ തന്നെ സംസ്ഥാനത്ത് വ്യാപകമായി ഉന്നയിക്കപ്പെട്ട ''ഭരണത്തുടർച്ച''യാണ്.
രാജഭരണത്തിലും മതഭരണത്തിലും കമ്യൂണിസ്റ്റ് ഭരണത്തിലുമെല്ലാം സർവസാധാരണമായ തുടർഭരണം ഒരിക്കലും ജനാധിപത്യ സംവിധാനത്തിനു അനുയോജ്യമല്ല. കാരണം ഇതിൽ ജനാധിപത്യത്തിൽ മാത്രേമ ഔപചാരികമായിട്ടെങ്കിലും ജനങ്ങൾ തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്നുള്ളൂ. ആർക്കും ഭരണാധികാരിയാകാവുന്ന സംവിധാനവുമാണത്. ജനങ്ങൾ തെരഞ്ഞെടുക്കുന്ന സംവിധാനത്തിന്റെ മുഖമുദ്ര തന്നെ മാറ്റമായിരിക്കും. അതില്ലാതാകുന്നു എങ്കിൽ അതു നൽകുന്ന സൂചന സമൂഹത്തിൽ ജനാധിപത്യ മൂല്യങ്ങൾ കുറയുന്നു എന്നും സമഗ്രാധിപത്യ മൂല്യങ്ങൾ കൂടുന്നു എന്നുമാണ്. അത് ഭരണത്തിന്റെയും നിലവാരത്തെ ബാധിക്കും. അതാണ് വാസ്തവത്തിൽ കേരളത്തിലിപ്പോൾ നടക്കുന്നത്. അല്ലാതെ മന്ത്രിമാർ യാത്ര ചെയ്യാത്തതോ പുതുമുഖങ്ങളായതോ അല്ല. മന്ത്രിമർ ഓൺലൈനിനെ കൂടുതൽ ആശ്രയിക്കുന്നു, യാത്രകൾ കുറക്കുന്നു എന്ന വിമർശനവും അടിസ്ഥാന രഹിതമാണ്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ഭരണത്തെ കൂടുതൽ ജനോപകാരവും ആയാസരഹിതവും സുതാര്യവുമാക്കാനാണ് ശ്രമിക്കേണ്ടത്.
ഭരണത്തുടർച്ച എന്ന മുദ്രാവാക്യം തന്നെ സ്വന്തം പാർട്ടിക്ക് തുടർഭരണം കൈയാളണം എന്ന താൽപര്യത്തിന്റെ പ്രതിഫലനം മാത്രമാണ്. അധികാര മോഹത്തിനപ്പുറം അതിന് യാതൊരുവിധ നൈതിക, ധാർമിക, രാഷ്ട്രീയ പിൻബലവുമില്ല. തുടർഭരണം എന്നും സമ്മാനിച്ചിട്ടുള്ളത് ജനവിരുദ്ധതയാണെന്നതാണ് ചരിത്രം. ഏറെ കാലത്തെ തുടർഭരണം നഷ്ടപ്പെടുമോ എന്ന ഭീതിയാലായിരുന്നല്ലോ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തുടർഭരണം ഒരു നാടിനെ എങ്ങനെയൊക്കെ നശിപ്പിക്കാം എന്നതിന്റെ മകുടോദാഹരണമാണ് പശ്ചിമ ബംഗാൾ. യു.പി.എ ഭരണത്തിന്റെ രണ്ടാംഘട്ടം ഏറെ അഴിമതി നിറഞ്ഞതായിരുന്നു എന്നതു മറക്കാറായിട്ടില്ലല്ലോ. അതായിരുന്നു സംഘപരിവാറിനെ അധികാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചതെന്നും ആർക്കുമറിയാം. മോഡിയുടെ തന്നെ രണ്ടാം ഘട്ടത്തിലാണ് കർഷക ബില്ലും പൗരത്വ ബില്ലും കശ്മീർ ബില്ലും മറ്റും മറ്റും കൊണ്ടുവന്നത്.
കെട്ടിക്കിടക്കുന്ന ജലം അഴുകും, ഒഴുക്കാണ് ആവശ്യമെന്ന് എല്ലാവർക്കുമറിയാമല്ലോ. അത് ജനാധിപത്യത്തിനും ബാധകമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ഗുണം അതായിരുന്നു. ഏറെക്കുറെ തുല്യശക്തിയുള്ള മുന്നണികൾ. നിലപാടുകളിലും കാര്യമായ അന്തരമില്ല. അവയുടെ മാറിമാറിയുള്ള ഭരണം. അതിനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാറ്റം വന്നത്. അന്നു തന്നെ സംസ്ഥാനത്തെ നിരവധി സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും മറ്റും ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. അവർക്കെതിരെ ഇടതുപക്ഷത്തുനിന്ന് ശക്തമായ ആക്രമണമാണുണ്ടായത്. എന്നാൽ അവർ ആശങ്കപ്പെട്ടതുപോലെ കാര്യങ്ങളെത്തുന്ന അവസ്ഥയാണ് സംസ്ഥാനത്ത് രൂപപ്പെടുന്നതെന്ന് പറയാതിരിക്കാനാവില്ല.
വാസ്തവത്തിൽ ഒരു തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരായി ജനവികാരം രൂപപ്പെടുത്താവുന്ന നിരവധി ഘടകങ്ങൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയേക്കാൾ കൂടുതൽ പേർ പോലീസ് മർദനങ്ങൾക്കിരയായി കൊല ചെയ്യപ്പെട്ട ഒരു കാലയളവാണിത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരെ വ്യാജ ഏറ്റുമുട്ടലുണ്ടാക്കിയും കൊലപ്പെടുത്തിയിരുന്നു. പഴയ കേരളമായിരുന്നെങ്കിൽ ഇക്കാരണം മാത്രം മതി, ഭരണമാറ്റം സംഭവിക്കാൻ. കേരള പോലീസ് സംഘ്പരിവാറിന്റെ ആജ്ഞാനുവർത്തികളായ കാലമാണ് കഴിഞ്ഞുപോയത്. നിരവധി അഴിമതി ആരോപണങ്ങളും ആ സർക്കാരിന്റെ കാലത്തുണ്ടായി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പോലും പദവി ദുരുപയോഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു. സ്പ്രിംഗ്ളർ, ബ്രൂവറി, ഡാറ്റ ചോർച്ച മുതൽ കടൽ വിൽപന വരെയുള്ള സർക്കാർ പദ്ധതികളിലെ അഴിമതി കേരളം കൈയോടെ പിടികൂടിയതാണ്. എതിർക്കുന്നു എന്നവകാശപ്പെടുന്ന കോർപറേറ്റ് നയങ്ങൾ തന്നെയാണ് നടപ്പാക്കിയത്. വികസനത്തിന്റെ ഇരകളെ ശക്തിയുപയോഗിച്ച് അടിച്ചമർത്തുകയും ചെയ്തു. സ്ത്രീ സുരക്ഷ എത്രമാത്രം അപകടത്തിലാണെന്ന് പാലത്തായിയും വാളയാറും പറഞ്ഞുതന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഭൂഅവകാശത്തെ അട്ടിമറിച്ചു. ഹാരിസൺ പോലെ കോർപരേറ്റുകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ നടപടിയെടുത്തില്ല എന്നു മാത്രമല്ല, അതിന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തു.
വിഷയം മന്ത്രിമാരുടെ വൈയക്തിക പ്രശ്നങ്ങളല്ല, രാഷ്ട്രീയം തന്നെയാണ്. ഒരർത്ഥത്തിൽ മുഖ്യമന്ത്രിയും അതു മനസ്സിലാക്കിയെന്നു വേണം കരുതാൻ.
തുടർഭരണം നൽകിയ ജനങ്ങളോട് പ്രതിബദ്ധത വേണമെന്നും വിനയം കൈവിടരുതെന്നും അണികളോട് അദ്ദേഹം നിർദേശിച്ചതിനു കാരണം അതാകണമല്ലോ. അത്രയും നല്ലത്. എന്നാൽ തുടക്കത്തിൽ പറഞ്ഞപോലെ മാറ്റമാണ് ജനാധിപത്യത്തിന്റെ ജീവവായു എന്ന അടിസ്ഥാന വിഷയം തന്നെയാണ് ഇവിടെ പ്രസക്തമാകുന്നത്.






