സർക്കാർ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതികൾ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ട ഒന്നല്ല. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് വിവിധ സൗജന്യ ചികിൽസ സംവിധാനങ്ങൾ ഉണ്ട്. അതേസമയം, വലിയൊരു വിഭാഗം വരുന്ന ഇടത്തരക്കാർ ചികിൽസ ചെലവുകൾ വഹിക്കാനാകാതെ ബുദ്ധിമുട്ടുന്നവരാണ്. പല സർക്കാർ ആശുപത്രികളിലും അടിയന്തര ചികിൽസക്കോ കിടത്തി ചികിൽസക്കോ സംവിധാനങ്ങളുമില്ല. എല്ലാ ജനവിഭാഗങ്ങൾക്കും ചെലവു കുറഞ്ഞതോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോ ആയ പദ്ധതിയാണ് സർക്കാർ നടപ്പാക്കേണ്ടത്. ഇതിനായി സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയുള്ള ബൃഹദ്പദ്ധതിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. നിലവിലുള്ള പദ്ധതികളുടെ പോരായ്മകൾ പരിഹരിച്ചുകൊണ്ടായിരിക്കണം ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടത്.
സംസ്ഥാന സർക്കാർ ജീവനക്കാർക്കായി നടപ്പാക്കിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നു തുടങ്ങിയിരിക്കുന്നു. ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താതെയാണ് പദ്ധതി ആരംഭിച്ചതെന്നും ചികിൽസ ആവശ്യമായി വരുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് കൂടുതലും പരാതികൾ വരുന്നത്. ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സർക്കാർ ഏറെ പുതുമയോടെ അവതരിപ്പിച്ച പദ്ധതി തുടക്കത്തിലേ പരാതികൾക്കിടയാക്കുന്നത് നിരാശാജനകമാണ്.
സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ സർക്കാരുകൾ ശ്രദ്ധ നൽകുകയെന്നത് ക്ഷേമരാഷ്ട്രം ലക്ഷ്യം വെക്കുന്ന സർക്കാരുകളുടെ പ്രഥമ പരിഗണനയിൽ വരേണ്ട കാര്യം തന്നെയാണ്. പലതരം രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ഭാരിച്ച ചികിൽസ ചെലവുകൾ വഹിക്കാൻ സർക്കാരിന്റെ പിന്തുണയുണ്ടാകേണ്ടത് അനിവാര്യമാണ്. അതേസമയം, ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പാക്കുമ്പോൾ അവയുടെ പ്രായോഗികതയും കാര്യക്ഷമമതയും ഉറപ്പാക്കേണ്ടതുണ്ട്.
നേരത്തെ സർക്കാർ ജീവനക്കാർക്ക് ചികിൽസ സഹായമായി പ്രതിമാസം നൽകിയിരുന്ന അഞ്ഞൂറ് രൂപയുടെ അലവൻസ് നിർത്തിലാക്കിയാണ് സർക്കാർ പുതിയ പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് പൊതുമേഖല ഇൻഷുറൻസ് കമ്പനിയുമായി ധാരണയുണ്ടാക്കി. പ്രതിമാസം ജീവനക്കാർ അഞ്ഞൂറ് രൂപ ഇൻഷുറൻസിലേക്ക അടയ്ക്കുകയും വർഷം തോറും മൂന്നു ലക്ഷം രൂപ വരെ ചികിൽസ സഹായം ലഭിക്കുന്ന പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു.ഈ പദ്ധതിക്ക് കീഴിൽ ചികിൽസ ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കണ്ടെത്തിയാണ് പദ്ധതി ആരംഭിച്ചത്.
പദ്ധതിക്കെതിരെ ആദ്യം ഉയർന്ന പരാതികളിലൊന്ന് കാഷ്ലെസ് സൗകര്യം പല ആശുപത്രികളിലും ലഭിക്കുന്നില്ല എന്നതാണ്. മറ്റൊരു പ്രശ്നം, ഇൻഷുറൻസ് ലഭിക്കാൻ ആശുപത്രിയിൽ 24 മണിക്കൂർ റൂം അഡ്മിഷൻ വേണമെന്ന നിബന്ധനയാണ്. ഈ രണ്ടു കാര്യത്തിലും ആദ്യഘട്ടത്തിൽ തന്നെ ജീവനക്കാർക്ക് നേരിടേണ്ടി വരുന്നത് വലിയ കടമ്പകളാണ്. ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ കാഷ്ലെസ് സംവിധാനം വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും പല ആശുപത്രികളും ഇതിന് വിമുഖത കാട്ടുന്നതായാണ് സമീപകാല അനുഭവം. ചികിൽസ തേടുന്നയാൾ പണം മുടക്കാതെ, ചികിൽസ ചെലവ് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ആശുപത്രിയിലേക്ക് നേരിട്ട് ലഭിക്കുന്ന സംവിധാനമാണ് ഇത്. എന്നാൽ പലപ്പോഴും ക്ലെയിമുകളിൽ പണം ലഭിക്കാൻ മാസങ്ങളോളം കാലതാമസം വരുന്നെന്നാണ് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇതു മൂലം കാഷ്ലെസ് അനുവദിക്കാനാകില്ലെന്ന് പല ആശുപത്രികളും രോഗികളോട് പറയുന്നു. മെഡി ക്ലെയിം സംവിധാനത്തിൽ ചികിൽസ തേടാനും രോഗികളോ ബന്ധുക്കളോ ആശുപത്രിയിൽ പണം അടച്ച് ബില്ലുകൾ ഇൻഷുറൻസ് കമ്പനിക്ക് നൽകി പണം കൈപ്പറ്റാനാണ് ആശുപത്രിക്കാർ നിർദേശിക്കുന്നത്. ഇത് രോഗികൾക്ക് പെട്ടെന്നുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിട്ടും അടിയന്തര ചികിൽസക്ക് പണം കണ്ടെത്താനായി നെട്ടോട്ടമോടേണ്ടി വരുന്നു. ബില്ലുകൾ ഇൻഷുറൻസ് കമ്പനിക്ക് നൽകിയാൽ തന്നെ, മാസങ്ങൾക്ക് ശേഷം ബിൽ തുകയിൽ വലിയ കുറവു വരുത്തിയുള്ള തുകയാണ് നൽകുന്നത്. പലപ്പോഴും താഴ്ന്ന വരുമാനക്കാരായ ജീവനക്കാർക്ക് ഇത് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു. ആശുപത്രികളിൽ മുറികൾ ലഭ്യമല്ലാത്തതിനാൽ അടിയന്തര സമയങ്ങളിൽ വാർഡുകളിൽ അഡ്മിഷൻ എടുക്കേണ്ട സാഹചര്യങ്ങളും രോഗികൾക്കുണ്ടാകും. എന്നാൽ വാർഡിൽ കിടന്നുള്ള ചികിൽസക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതും വ്യാപകമായ പരാതികൾക്ക് ഇട നൽകുന്നുണ്ട്.
മെഡിസെപ് ആരോഗ്യ പരിരക്ഷ പദ്ധതി സർക്കാർ ജീവനക്കാരുടെ ആരോഗ്യ രംഗത്ത് വലിയ സഹായമാകുമെന്ന വാഗ്ദാനമാണ് സർക്കാർ നൽകുന്നത്. എന്നാൽ ഇതേ രൂപത്തിലുള്ള പദ്ധതികൾ പലതും സ്വകാര്യ മേഖലയിൽ ഏറെ പരാതികൾ ഉയർത്തിക്കൊണ്ടിരിക്കുന്നതാണെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. അംഗങ്ങൾ ഏറെയുള്ള പല സംഘടനകളും നടപ്പാക്കിയ ഇത്തരം പദ്ധതികളിലും സമാന സ്വഭാവമുള്ള പരാതികൾ ഏറെക്കാലമായി ഉയരുന്നുണ്ട്. ഈ സാഹചര്യങ്ങളെ കുറിച്ച് കൂടി പഠിച്ച് അവക്ക് പരിഹാരമാകുന്ന രീതിയിലുള്ള ചട്ടങ്ങളാണ് മെഡിസെപ് പദ്ധതിക്കും ആവശ്യം. ഗ്രാമീണ മേഖലയിലെ ജീവനക്കാർക്ക് സമീപ സ്ഥലങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ആശുപത്രികൾ ലഭ്യമല്ലെന്നതും പദ്ധതിയുടെ പരിമിതിയാണ്. നഗരങ്ങളിൽ തന്നെ പല പ്രമുഖ ആശുപത്രികളെയും പദ്ധതിയുടെ ഭാഗമാക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ വിഷയത്തിൽ ചർച്ചകൾ തുടരുകയാണ്.
സർക്കാർ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതികൾ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ട ഒന്നല്ല. ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് വിവിധ സൗജന്യ ചികിൽസ സംവിധാനങ്ങൾ ഉണ്ട്. അതേസമയം, വലിയൊരു വിഭാഗം വരുന്ന ഇടത്തരക്കാർ ചികിൽസ ചെലവുകൾ വഹിക്കാനാകാതെ ബുദ്ധിമുട്ടുന്നവരാണ്. പല സർക്കാർ ആശുപത്രികളിലും അടിയന്തര ചികിൽസക്കോ കിടത്തി ചികിൽസക്കോ സംവിധാനങ്ങളുമില്ല. എല്ലാ ജനവിഭാഗങ്ങൾക്കും ചെലവു കുറഞ്ഞതോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതോ ആയ പദ്ധതിയാണ് സർക്കാർ നടപ്പാക്കേണ്ടത്. ഇതിനായി സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയുള്ള ബൃഹദ്പദ്ധതിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. നിലവിലുള്ള പദ്ധതികളുടെ പോരായ്മകൾ പരിഹരിച്ചുകൊണ്ടായിരിക്കണം ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടത്. പുത്തൻ രോഗങ്ങളുടെ ഭീഷണിയിലേക്ക് വളരുന്ന തലമുറകൾക്കായി സർക്കാരിന് നടത്താവുന്ന വലിയ ക്ഷേമപ്രവർത്തനമാകും അത്.






