Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

ചങ്കിടിപ്പോടെ മുഖ്യമന്ത്രിയും സർക്കാറും, കോടതി ഇടപെടലുകൾ നിർണായകമാകും

കോഴിക്കോട്- ആശങ്കയോടെയും അതിലുപരി അൽപം ചങ്കിടിപ്പോടെയും അടുത്ത ദിവസങ്ങളിൽ വരാനിരിക്കുന്ന രണ്ട് കോടതി തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയും. ഈ രണ്ടു വിധികളും പ്രതികൂലമാണെങ്കിൽ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാറിനെയും സംബന്ധിച്ചിടത്തോളം അത് ഏറ്റവും വലിയ തിരിച്ചടിയാകും. മാത്രമല്ല സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ പോലും നിലച്ചു പോകുന്ന സ്ഥിതിയുണ്ടാകും. രണ്ടു കേസുകളിലും അപ്പുറത്തുള്ളത് കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണെന്നത് സർക്കാറിന്റെ ചങ്കിടിപ്പ് വർധിപ്പിക്കുന്നുണ്ട്. 
സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഏജൻസിയായ കിഫ്ബിയെ ഉന്നം വെച്ചുകൊണ്ട് ഇ.ഡി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട നിയമനടപടികളാണ് ആദ്യത്തേത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുയർന്ന നയതന്ത്ര സ്വർണക്കടത്ത് കേസിലെ കോടതിമാറ്റ ആവശ്യവുമായി ഇ.ഡി സുപ്രീം കോടതിയിൽ നൽകിയ ഹരജിയാണ് രണ്ടാമത്തേത്. കൃത്യമായ മുന്നൊരുക്കത്തോടെയാണ് ഈ കേസുകളിൽ ഇ.ഡി സംസ്ഥാന സർക്കാറിനെതിരെ വലവിരിച്ചിട്ടുള്ളത്. രണ്ടു കേസുകളിലും അടുത്ത ദിവസങ്ങളിൽ കോടതി ഇടപെടലുണ്ടാകും. സംസ്ഥാന സർക്കാറിനും ഇ.ഡിക്കും ഒരുപോലെ നിർണായകമാണ് കോടതി ഉത്തരവുകൾ. 


കിഫ്ബി വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് ഇ.ഡി നടത്തുന്ന അന്വേഷണത്തിൽ മുൻമന്ത്രി തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം തവണയും ഇ.ഡി നോട്ടീസയച്ചതാണ് വിവാദങ്ങളിലേക്ക് നീങ്ങിയത്. തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ ഇ.ഡിക്ക് അവകാശമില്ലെന്നും തന്റെ വ്യക്തിപരമായ വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടത് നിയമത്തിന്റെ ലംഘനമാണെന്നും തന്നെ അന്വേഷണത്തിൽ പ്രതിയോ സാക്ഷിയോ ആക്കാൻ കഴിയില്ലെന്നും കാണിച്ചാണ് തോമസ് ഐസക് ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. ഈ കേസിൽ പ്രാഥമിക വാദങ്ങൾ പൂർത്തിയായി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. 
എന്നാൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുകയെന്നതല്ല ഇ.ഡി യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നതെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. മറിച്ച് കിഫ്ബിക്കെതിരെയുള്ള അന്വേഷണം നിയമത്തിന്റെ വഴിയിലൂടെ കൊണ്ടുപോകുകയെന്നതാണ്. അതിനുള്ള അംഗീകാരം കോടതിയിൽ നിന്ന് നേടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇ.ഡി നടത്തുന്നത്. അതിന് തോമസ് ഐസക്കിനെ കരുവാക്കുന്നുവെന്ന് മാത്രം. രണ്ടു തവണ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നെങ്കിലും തോമസ് ഐസക് ഇതുവരെ ഇ.ഡിയ്ക്ക് മുന്നിൽ ഹാജരായിട്ടില്ല. 


ധനസമാഹരണത്തിനായി കിഫ്ബി മസാല ബോണ്ടുകൾ ഇറക്കിയത് വിദേശ നാണ്യവിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ചാണ് ഇ.ഡി കിഫ്ബിക്കെതിരെ അന്വേഷണം ആരംഭിച്ചത്. എന്നാൽ കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ചട്ടപ്രകാരം അന്വേഷണം നടത്താൻ പാടില്ലെന്നും അന്വേഷണം തടയണമെന്നുമാവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒയായ കെ.എം. എബ്രഹാം ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഇതിൽ തങ്ങൾക്ക് അനുകൂല വിധിയുണ്ടാക്കിയെടുക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം.
കോടതിയുടെ നിയമപരമായ പിന്തുണയോടെ അന്വേഷണം നടത്തിയില്ലെങ്കിൽ ഏതെങ്കിലും സാഹചര്യത്തിൽ അന്വേഷണത്തെ തടയുന്ന നീക്കങ്ങൾ ഉണ്ടായേക്കാം എന്ന ബോധ്യം ഇ.ഡിക്കുണ്ട്. അതുകൊണ്ട് തന്നെ തോമസ് ഐസക്കിനെ ചൂണ്ടയിൽ കോർത്തുകൊണ്ട് നിയമപരമായ ചില ഉത്തരവുകൾ ഹൈക്കോടതിയിൽനിന്ന് നേടിയെടുക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. അതേസമയം ഐസക്കിനെ ചോദ്യം ചെയ്യാനോ വിവരങ്ങൾ ശേഖരിക്കുന്നതിനോ വിളിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി വിധിക്കുകയാണെങ്കിൽ ഇ.ഡിയെ സംബന്ധിച്ചിടത്തോളം അത് ബംബർ വിജയമാകും. ഇനി അഥവാ ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് കോടതി പറഞ്ഞാലും കേസിൽ അന്വേഷണം നടക്കട്ടെയെന്ന് കോടതിയിൽ നിന്ന് ഉത്തരവ് കിട്ടിയാൽ തന്നെ ഇ.ഡിക്ക് അത് വലിയ നേട്ടമാണ്. തോമസ് ഐസക്കിനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെയും കിഫ്ബിക്കെതിരെ ഇ.ഡി നടത്തുന്ന അന്വേഷണത്തെയും കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ പോലും എതിർക്കുന്നുണ്ട്. 


കിഫ്ബിയുടെ പ്രവർത്തനത്തെപ്പറ്റി ഒരുപാട് ആക്ഷേപങ്ങൾ തങ്ങൾക്കുണ്ടെങ്കിലും വിദേശ വിനിമയ ചട്ടലംഘനത്തിന്റെ പേരിൽ ഇ.ഡിക്ക് അന്വേഷിക്കാനാവില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. 
കിഫ്ബിക്കെതിരെയുള്ള അന്വേഷണത്തെ കോടതി ശരിവെച്ചാൽ അത് കേരളത്തിലെ വികസന പ്രവർത്തനങ്ങളാകെ തകിടം മറിയുന്ന സ്ഥിതിയുണ്ടാക്കുമെന്നാണ് സർക്കാറിന്റെ ഭയം. 
കേരളത്തിൽ 32,118 കോടി രൂപയുടെ പ്രധാന പദ്ധതികളാണ് കിഫ്ബി ഇപ്പോൾ ഏറ്റെടുത്ത് നടത്തി വരുന്നത് ഇതാകെ തകിടം മറിഞ്ഞാൽ സർക്കാർ വെട്ടിലാകും.
നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിയും കുടുംബവും സംശയത്തിന്റെ നിഴലിലായ കേസ് കർണാടകയിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിച്ചുകൊണ്ടാണ് ഇ.ഡി മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാറിനെയും ഞെട്ടിച്ചത്. ഈ കേസും അടുത്ത ദിവസങ്ങളിൽ പരിഗണനക്കെടുക്കും. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇതിന്റെ വിധി നിർണായകമാണ്.


മുഖ്യമന്ത്രിയെ എങ്ങനെയും ചോദ്യം ചെയ്യലിന് വിധേയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേസ് ബംഗളൂരുവിലെ കോടതിയിലേക്ക് മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെടുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ കേസ് കേരളത്തിലെ കോടതിയിൽ നിലനിൽക്കുന്നത് അന്വേഷണത്തിന് വലിയ തടസ്സം സൃഷ്ടിക്കുമെന്ന് ഇ.ഡി കണക്കു കൂട്ടുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് കോടതിയിൽ നൽകിയ പുതിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷമാണ് ഇ.ഡി കോടതി മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കും സർക്കാറിനും അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന് ഭയന്ന് കേസന്വേഷിക്കുന്ന മലയാളിയായ ഉദ്യോഗസ്ഥനെ കേരളത്തിൽ നിന്ന് ഇ.ഡി സ്ഥലം മാറ്റുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ടാർജറ്റെന്ന് സൂചിപ്പിക്കുന്ന പരസ്യമായ നീക്കങ്ങളാണ് ഇ.ഡി നടത്തിക്കൊണ്ടിരിക്കുന്നത്.

Latest News