ആഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ജ്യോത്സ്യന്‍ കണ്ടത്തി, വേലക്കാരിയെ നഗ്നയാക്കി മര്‍ദിച്ചു

ന്യൂദല്‍ഹി- ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ച് ആഭരണ മോഷണം സമ്മതിപ്പിക്കാന്‍ വീട്ടുവേലക്കാരിയെ നഗ്നയാക്കി ക്രൂരമായി മര്‍ദിച്ചു. വീട്ടുടമയുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് സത്ബാരിയിലെ അന്‍സല്‍ വില്ല സ്വദേശിനിയായ വേലക്കാരിയെ വിഷം കഴിച്ച നിലയില്‍ ഛത്താര്‍പുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസിന് തുടക്കത്തില്‍ മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് സ്ത്രീ സംഭവിച്ചതെല്ലാം വിശദീകരിച്ചു.

പത്ത് മാസം മുമ്പ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങള്‍ താനാണ് എടുത്തതെന്ന് സമ്മതിപ്പിക്കാനാണ് വീട്ടുടമയും ബന്ധുക്കളും മര്‍ദിച്ചതെന്ന് വേലക്കാരി പറഞ്ഞു. മര്‍ദനവും പീഡനവും സഹിക്കവയ്യാതെയാണ് താന്‍ വിഷം കഴിച്ചതെന്നും അവര്‍ പറഞ്ഞു.

സ്വര്‍ണം മോഷ്ടിച്ചതാരെന്ന് കണ്ടെത്താന്‍ കുടുംബം ഓഗസ്റ്റ് ഒമ്പതിന് ജ്യോത്സ്യനെ സമീപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനു പിന്നാലെ ജ്യോത്സ്യന്‍ ചുണ്ണാമ്പു കല്ലും അരിയും നല്‍കി. ആരുടെ വായയാണോ ചുവക്കുന്നത്, അയാളായിരിക്കും മോഷ്ടാവെന്നും പറഞ്ഞു.

വേലക്കാരിയുടെ വായ ചുവന്നതോടെ ഒരു മുറിയില്‍ അടച്ച്  മര്‍ദിക്കുകയായിരുന്നു. വസ്ത്രമുരിഞ്ഞാണ് എല്ലാവരും ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനം തുടരുന്നതിനിടെ ശുചിമുറിയില്‍ പോകാന്‍ അനുമതി ചോദിച്ചപ്പോള്‍ വസ്ത്രം നല്‍കി. ഇതിനു പിന്നാലെയാണ് വേലക്കാരി വിഷം കഴിച്ചത്.

മൈദാന്‍ഗഡി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരികയാണ്. അന്‍സല്‍വില്ല താമസക്കാരി സീമ ഖാതൂനാണ് (28) അറസ്റ്റിലായത്. മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

 

Latest News