Sorry, you need to enable JavaScript to visit this website.

പാലക്കാട് കൊലപാതകം ആഭ്യന്തര വകുപ്പിന്റെ വീഴ്ച-കെ. സുധാകരൻ

തിരുവനന്തപുരം- പാലക്കാട് സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ടത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കൊല്ലപ്പെട്ട ഷാജഹാന് വധഭീഷണിയുള്ള കാര്യം നേരത്തേ പോലീസിനെ അറിയിച്ചിരുന്നെങ്കിലും സംരക്ഷണം നൽകിയില്ലെന്നും സുധാകരൻ ആരോപിച്ചു. അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു രക്തസാക്ഷിയെ സി.പി.എം ഉണ്ടാക്കുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. അവരുടെ നിർഭാഗ്യത്തിന് സി.പി.എം പ്രവർത്തകർ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാൻ ഇത്തവണ അവിടെയൊരു ദൃക്‌സാക്ഷി ഉണ്ടായിപ്പോയി.
ഈ കൊലപാകത്തിൽ കോൺഗ്രസ് ആർ.എസ്.എസിനെതിരെ മിണ്ടുന്നില്ല എന്നാണ് സി.പി.എമ്മിന്റെ പരാതി.  അവരാണ് ഈ കൊല ചെയ്തതെങ്കിൽ അത് പറയേണ്ടത് സി.പി.എം ആണ്, സിപിഎമ്മിന്റെ നേതാക്കളാണ്. കൊലപാതകത്തിനെ തുടർന്ന് സി.പി.എം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പോലും ആർ.എസ്.എസിന്റെ പേര് പറയാൻ ഭയന്നതെന്തുകൊണ്ടാണ്? 
ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന് 'ഔദ്യോഗികമായി കരുതപ്പെടുന്ന ' പിണറായി വിജയൻ പോലും കൊലയാളികളുടെ രാഷ്ട്രീയം പറയാൻ ഭയക്കുന്നു.ഈ കൊലപാതകം ആർ.എസ്.എസ് ആണ് ചെയ്തതെങ്കിൽ എവിടൊക്കെ സിപിഎം പ്രതിഷേധ പ്രകടനം നടത്തി? എത്ര ആർഎസ്എസ് കാര്യാലയങ്ങൾ സിപിഎം തകർത്തു? പൊതുവേ കോൺഗ്രസിനെതിരെ അതാണല്ലോ സിപി എമ്മിന്റെ രീതി. ഈ കൊലപാതകം ആർഎസ്എസ് ആണ് നടത്തിയതെങ്കിൽ പോലും പ്രതികളെ പിണറായി നിഷ്പ്രയാസം രക്ഷിക്കുമെന്ന് ഞങ്ങൾക്കുറപ്പാണ്.
പാലക്കാട്ടെ കൊലപാതകത്തെ  പിണറായി വിജയനെ പോലെതന്നെ ഞങ്ങളും ശക്തമായി അപലപിക്കുന്നു.അദ്ദേഹത്തിന്റെ ഗുരുതര അഴിമതികൾ ജനം ചർച്ച ചെയ്യുന്നത് തടയാനാണ് എ.കെ.ജി സെന്റർ ആക്രമണവും ഈ കൊലപാതകവും ഒക്കെ ആസൂത്രണം ചെയ്തതെങ്കിൽ അതൊന്നും വിലപ്പോവില്ലെന്ന് മാത്രം ഓർമിപ്പിക്കുന്നു.
 

Latest News