മലമ്പുഴയില്‍ ഷാജഹാനെ വെട്ടിയവരില്‍ തന്റെ മകനുമെന്ന് പിതാവ്

പാലക്കാട്- മലമ്പുഴയില്‍ സി.പി.എം പ്രദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ഷാജഹാനെ കൊലപ്പെടുത്തിയവരില്‍ മകനും ഉണ്ടെന്നാണ് ദൃക്‌സാക്ഷിയായ സുരേഷ് വെളിപ്പെടുത്തിയത്. മരുത റോഡ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം മലമ്പുഴ കുന്നങ്കാട് സ്വദേശി ഷാജഹാന്‍ ഇന്നലെ രാത്രി 9.15 ഓടെയാണ് കൊല്ലപ്പെട്ടത്.

'ദേശീയ പതാക ഉയര്‍ത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ഞങ്ങള്‍. കുട്ടികള്‍ക്ക് മിഠായി വാങ്ങാനും മറ്റും പൈസ പിരിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ കൈയില്‍ രാഖി കെട്ടിയിട്ടുണ്ടായിരുന്നു. എന്താണിതെന്ന് ചോദിച്ചപ്പോള്‍ ഷാജഹാനോട് മാറിനില്‍ക്കാന്‍ പറഞ്ഞു. ഇതിനിടെയില്‍ നവീന്‍ എന്നൊരാള്‍ നിനക്ക് പണിയുണ്ടെന്ന് ഷാജഹാനോട് പറഞ്ഞു. പിന്നാലെ ശബരി ഓടിവന്ന് കാലിന് വെട്ടി. തുടര്‍ന്ന് അനീഷും സുജീഷും വെട്ടി. ഇത് കണ്ട് എന്നെയും വെട്ടൂ എന്ന് പറഞ്ഞ് ഞാന്‍ ഷാജഹാന്റെ പുറത്തേക്ക് വീണു. ഈ സമയം സുജീഷ് പറഞ്ഞു, അത് അച്ഛനാണ് മാറ്റൂവെന്ന്' പിന്നാലെ പ്രതികള്‍ അവിടെനിന്ന് ഓടിരക്ഷപ്പെട്ടുവെന്നും സുരേഷ് വെളിപ്പെടുത്തി. താനും മറ്റൊരു മകനും സുകുമാരന്‍ എന്നൊരാളും ചേര്‍ന്നാണ് ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചതെന്നും സുരേഷ് പറഞ്ഞു.

ഷാജഹാനെ ആദ്യം വെട്ടിയത് പാര്‍ട്ടി മെമ്പറായ ശബരിയാണെന്ന് സുരേഷ് പറഞ്ഞു. പിന്നാലെ ഷാജഹാനെ അനീഷ് വെട്ടി. ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകരാണ്. അക്രമിസംഘത്തില്‍ എട്ട് പേരുണ്ടായിരുന്നു. ദേശാഭിമാനി വരുത്തിയതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നും സുരേഷ് പറഞ്ഞു. വീട്ടിന് മുന്നില്‍ ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.

 

Latest News