റിയാദ് - വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും സൗദി പൗരന്മാരും മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധികളുമടക്കം എഴുന്നൂറിലധികം പേരുടെ സാന്നിധ്യത്തില്‍ റിയാദ് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
എംബസി ഡി.സി.എം എന്‍. രാം പ്രസാദ് എംബസി അങ്കണത്തില്‍ രാവിലെ ഇന്ത്യന്‍ പതാകയുയര്‍ത്തിയതോടെയാണ് സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് തുടക്കമായത്. രാഷ്ട്രപതിയുടെ സന്ദേശം ഡി.സി.എം വായിച്ചു. ശേഷം ഇന്ത്യന്‍ എംബസി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു.
ആസാദി കാ അമൃത മഹോത്സവ് എന്ന പേരില്‍ സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ഒരു വര്‍ഷമായി ആഘോഷിച്ചുവരികയായിരുന്നു എംബസി. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, ഗോള്‍ഫ് ടൂര്‍ണമെന്റ്, പ്രഭാഷണ പരമ്പര, വിവിധ എക്‌സിബിഷനുകള്‍ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.






