Sorry, you need to enable JavaScript to visit this website.

സഹയാത്രികന്റെ മൊബൈലിലെ സന്ദേശത്തില്‍ യുവതിക്ക് സംശയം, മംഗളുരു-മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി

മംഗളൂരു- ഒപ്പമുണ്ടായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍ ലഭിച്ച സന്ദേശത്തില്‍ യുവതിക്ക് ഉണ്ടായ സംശയം കാരണം മംഗളുരു-മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി. സംശയാപ്ദമായ സന്ദേശമാണെന്ന് കരുതി യുവതി അധികൃതരെ വിവരം അറിയിച്ചതാണ് പൊല്ലാപ്പായത്. ഞായറാഴ്ച മംഗളുരുവില്‍നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. യുവതി കാബിന്‍ ക്രൂവിനെ വിവരം അറിയിച്ചതോടെ എല്ലാ യാത്രക്കാരോടും വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ലഗേജുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. വിമാനത്തില്‍ അക്രമം നടത്തുമെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്.

വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന ഒരാളുടെ മൊബൈല്‍ ഫോണില്‍ ഒരു സന്ദേശം കണ്ട യാത്രക്കാരിയാണ് ഇത് ക്യാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ജീവനക്കാര്‍ വിവരം എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും പറന്നുയരാന്‍ തയാറായ വിമാനം പുറപ്പെടേണ്ടെന്ന് അറിയിക്കുകയായിരുന്നു.

ഇതേ വിമാനത്താവളത്തില്‍നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന കാമുകിയുമായി യുവാവ് നടത്തിയ ചാറ്റിങ്ങാണ് സഹയാത്രികയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാരനെ മണിക്കൂറുകളോളം ചോദ്യം ചെയ്തു.  വിമാനത്തില്‍ കയറാന്‍ അനുവദിച്ചതുമില്ല. ഇയാളുടെ കാമുകിയെയും അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇവര്‍ക്ക് ബംഗളുരുവിലേക്കുള്ള വിമാനവും നഷ്ടമായി.

 

Latest News