Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

'പൂർവ മണ്ഡലത്തിൽ ഉദിച്ച' താരത്തിന് 75 വയസ്സ്

1947 ഓഗസ്റ്റ് 14- അന്നേ ദിവസം സന്ധ്യയോടെ തന്നെ ഇന്ത്യയിലെ സർക്കാർ ഓഫീസുകളിലും സൈനിക കേന്ദ്രങ്ങളിലും അത്രയും നാൾ  അധികാര ഹുങ്കോടെ പാറിക്കളിച്ച യൂനിയൻ ജാക്ക് (ബ്രിട്ടീഷ് പതാക) താഴ്ത്തിയിരുന്നു.  ഇരൂന്നൂറ് നീണ്ട വർഷങ്ങൾ തുടർന്ന ആ കൊടിതാഴ്ത്തൽ ചടങ്ങ് സാധാരണ ചടങ്ങായേ തോന്നുമായിരുന്നുള്ളൂ. ഇനിയൊരിക്കലും ആ പതാക ഇന്ത്യൻ ജനതയുടെ അഭിമാനത്തിന്റെ നെഞ്ചത്ത് കുത്താൻ ആകില്ലെന്ന് ബ്രിട്ടീഷുകാർക്കറിയാമായിരുന്നു. അതുകൊണ്ടാണവർ തങ്ങൾക്കധികാരമുണ്ടായിരുന്ന 14 ന് തന്നെ അവരുടെ കൊടി അഴിച്ചു മാറ്റിയത്. ബ്രിട്ടീഷ് പതാക താഴ്ത്തിയ ഉടൻ ഇന്ത്യൻ പതാക ഉയർത്തുക എന്നത് ബ്രിട്ടന് വലിയ അപമാനമാകുമായിരുന്നു. അവരുടെ കാഞ്ഞ ബുദ്ധിയിൽ അതൊഴിവായിക്കിട്ടി.   പക്ഷേ ഘടികാരം 12  അടിക്കുമ്പോൾ  ഇന്ത്യയുടെ രാഷ്ട്രീയ പാരതന്ത്ര്യം അവസാനിപ്പിക്കാൻ ബ്രിട്ടൻ ബാധ്യസ്ഥമായിരുന്നു.  ആ   അസുലഭ നിമിഷമാണ്  വന്നുചേർന്നിരിക്കുന്നത്. ഇപ്പോൾ  ജനപ്രതിനിധി സഭയുടെ സമ്മേളനം നടക്കുന്നു.  അംഗങ്ങളെല്ലാം സ്വാതന്ത്ര്യ തിളക്കത്തിന്റെ   കർമാവേശവുമായി അവരുടെ സീറ്റുകളിൽ ഉപവിഷ്ടർ.  സത്യപ്രതിജ്ഞ ചൊല്ലാനായി യോഗാധ്യക്ഷൻ ബാബു രാജേന്ദ്ര പ്രസാദ് എഴുന്നേറ്റു.
''ഈ ഗൗരവ മുഹൂർത്തത്തിൽ, യാതനകളിലൂടെയും ത്യാഗങ്ങളിലൂടെയും ഇന്ത്യൻ ജനത സ്വാതന്ത്ര്യം നേടുകയും തങ്ങളുടെ സ്വന്തം ഭാഗധേയങ്ങളുടെ നിർമാതാക്കളായിത്തീരുകയും ചെയ്തിട്ടുള്ള ഈ ശുഭമുഹൂർത്തത്തിൽ ഇന്ത്യൻ ജനപ്രതിനിധി സഭയിലെ അംഗമായ ഈ ഞാൻ, ഈ മഹാനാടിനവകാശപ്പെട്ട മാന്യസ്ഥാനം ലോകത്തിന് മുന്നിൽ പ്രാപ്യമാക്കുന്നതിനു വേണ്ടിയും ലോകസമാധാനത്തിനു വേണ്ടിയും  മനുഷ്യ സമുദായത്തിന്റെ ക്ഷേമത്തിനായി  അതിന്റേതായ സംഭാവനകളർപ്പിക്കാൻ പര്യപ്തമാക്കുന്നതിനുവേണ്ടിയും എന്നെത്തന്നെ ഉഴിഞ്ഞുവെക്കുന്നു........,, വികാരം തുടിച്ചു നിൽക്കുന്ന പ്രതിജ്ഞ വാചകം രാജേന്ദ്ര പ്രസാദിൽ നിന്ന് അംഗങ്ങളെല്ലാം ആവേശ പൂർവം ഏറ്റുചൊല്ലി. സമ്മേളനം ആരംഭിച്ചത് 11 മണിക്കായിരുന്നുവെങ്കിലും അതിനൊക്കെ എത്രയോ മുമ്പ് തന്നെ  ജനലക്ഷങ്ങൾ ദൽഹിയിലെ  സഭ മന്ദിരത്തിന് പുറത്തെത്തിച്ചേർന്നിരുന്നു. എൺപതു മിനിറ്റ് നീണ്ട സുപ്രധാന ചടങ്ങിൽ മൂന്ന് പേരായിരുന്നു പ്രധാന പ്രസംഗകർ. ആദ്യം ചൗധരി ഖലീക്കുസമാൻ, അടുത്തത് ഡോ. എസ്. രാധാകൃഷ്ണൻ. ഒടുവിൽ  രാജ്യത്തിന്റെ ആദ്യത്തെ  പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹറു . അദ്ദേഹത്തിന്റെ പ്രസംഗം പ്രൗഢശൈലി കൊണ്ടും ഉള്ളടക്കം കൊണ്ടും ചരിത്രത്തിലെ സുപ്രധാന രേഖയായി മാറി. പദ്യസമാനമായ ഗദ്യത്തിലുള്ള ആ പ്രസംഗം എക്കാലത്തെയും മാസ്റ്റർ പീസാണ്. എഴുപത്തിയഞ്ച് കൊല്ലമായി തലമുറ, തലമുറ ആ പ്രസംഗം കൈമാറുന്നു.  ഇതു പോലുള്ള ഘട്ടങ്ങളിലെ ലക്ഷണമൊത്ത പ്രസംഗം എങ്ങനെയായിരിക്കണമെന്ന് നെഹ്‌റു അന്ന് പഠിപ്പിച്ചു.  
അദ്ദേഹം അന്ന് പറഞ്ഞു. ''അർധരാത്രിക്ക് ലോകം മുഴുവൻ ഉറങ്ങിക്കിടക്കവേ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരാൻ പോകുന്നു. ഒരു യുഗം അവസാനിക്കുകയും ഒരു രാഷ്ട്രത്തിന്റെ വളരെക്കാലമായി അമർത്തപ്പെട്ട ആത്മാവ് സ്വതന്ത്രമാവുകയും ചെയ്യുന്ന ഘട്ടങ്ങൾ ഉണ്ട് -ചരിത്രത്തിലെ അത്യപൂർവമായ ചില ഘട്ടങ്ങൾ  ഗൗരവം നിറഞ്ഞ ഈ മുഹൂർത്തത്തിൽ  ഇന്ത്യയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും മനുഷ്യ സമുദായത്തിന്റെ തന്നെയും സേവനത്തിനായി നമ്മെ തന്നെ ഉഴിഞ്ഞു വെക്കേണ്ടതാവശ്യമാണ്. നാം ചരിത്രത്തിന്റെ പുലരിയിൽ തുടങ്ങിയതാണീ അന്വേഷണം.  വഴിയറിയാത്ത നൂറ്റാണ്ടുകളിൽ  ഈ അന്വേഷണം തുടരുകയായിരുന്നു. ഇഷ്ട്ടടത്തിലും കഷ്ടത്തിലും  ഈ അന്വേഷണം കൈവിട്ടിട്ടില്ല.  ശക്തി നൽകിപ്പോന്ന ആദർശങ്ങളെ കൈവിട്ടിട്ടില്ല. നാമിന്ന് ഒരു കഷ്ടകാലത്തിന്റെ അവസാനത്തിലാണ്.  ഇന്ത്യ തന്നത്താൻ വീണ്ടും കണ്ടെത്തുകയാണ്........ ഇന്ത്യയിലുള്ള നമുക്കും ഏഷ്യക്ക് മുഴുവനും ലോകത്തിനും ഇത് ഭാഗധേയം നിർണയിക്കുന്ന  മുഹൂർത്തമാണ്. ഒരു പുതിയ നക്ഷത്രം, പൗരസ്ത്യ ദേശത്തിലെ സ്വാതന്ത്യത്തിന്റെ നക്ഷത്രം ഉദിക്കുകയാണ്. ഒരു പുതിയ ആശ ഉടലെടുക്കുകയാണ്. അതെ, ചിരകാല പ്രാർഥിതമായ സ്വപ്‌നം....
.....ഭാവി സുഖിക്കുവാനോ വിശ്രമിക്കുവനോ ഉള്ളതല്ല. പ്രതിജ്ഞ നിറവേറപ്പെടണമെങ്കിൽ  വിശ്രമമില്ലാതെ പ്രയത്‌നിക്കേണ്ടി വരും. ഇന്ത്യയുടെ സേവനമെന്നാൽ കഷ്ടപ്പെടുന്ന ജനങ്ങൾക്കുള്ള സേവനമാണ്. ദാരിദ്ര്യത്തിന്റെ, അറിവില്ലായ്മയുടെ, രോഗത്തിന്റെ, അവസര സമത്വമില്ലായ്മയുടെ അവസാനമാണ് നമ്മുടെ ലക്ഷ്യം.......,, 
അതെ, നെഹ്‌റുവിന്റെ തലമുറയും പിന്നിൽ വന്ന തലമുറകളും ഇപ്പറഞ്ഞ കാര്യങ്ങളോട് വെച്ചുപുലർത്തിയ ആത്മാർത്ഥതയും പ്രതിബദ്ധതയും എന്നും തർക്കവിഷയങ്ങളായിരുന്നു.   നേട്ടമൊന്നും കൈവരിക്കാനായിട്ടില്ലെന്ന് ആർക്കും പറയാൻ കഴിയില്ല. 
തീർച്ചയായും നേട്ടങ്ങളുണ്ടായിട്ടുണ്ട്.  നേട്ടങ്ങൾക്കൊപ്പം മൂല്യങ്ങളും കാത്തു സൂക്ഷിക്കാൻ ആ തലമുറക്ക് കുറെയൊക്കെ സാധിച്ചിരുന്നുവെന്നതാണ് പ്രധാനം.  ഇന്നു പക്ഷേ അവർ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെടുകയാണ്.  സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ അവസാനത്തെ തലമുറയും മരിച്ചു പിരിഞ്ഞുകൊണ്ടിരിക്കുന്നു.   സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വായിച്ചും കേട്ടുമറിഞ്ഞ തലമുറയുടെ കൈകളിലാണ് ഇന്ന് രാജ്യം.  തീർച്ചയായും ഒന്നാം തലമുറയുടെ ജീവിത വീക്ഷണ മഹത്വവും ത്യാഗ പൂർണമായ പ്രവർത്തനങ്ങളുടെ പശ്ചാത്തലവും പിന്നാലെ വന്ന തലമുറകൾക്കുണ്ടായിക്കൊള്ളണമെന്നില്ല.  അതുകൊണ്ട് തന്നെ പ്രവർത്തനങ്ങളിലെ ദൗർബല്യങ്ങൾ സ്വാഭാവികമായും പ്രകടമാകും. അതാണിപ്പോൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ചെറിയ സംഘമെങ്കിലും രാഷ്ട്ര നായകത്വത്തിലില്ലെങ്കിൽ  ധാർമിക തകർച്ച അതിന്റെ കാഠിന്യത്തിലെത്തും.  അബ്രഹാം ലിങ്കണിൽ നിന്ന് സമകാലീന ഭരണ നേതൃത്വത്തിലേക്കുള്ള ദൂരത്തിനും വല്ലാത്ത ദൂരമാണ്.   ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്താകുമ്പോൾ  ഇത്തരം ധാർമിക തകർച്ച   നവഭാരത ശിൽപികളുടെ സ്വപ്‌നങ്ങളിലെ  ഇന്ത്യയെ പൂർണമായി തകർത്തുകളയും. വിധിയോട് അനേക വർഷങ്ങൾക്ക് മുമ്പ്  ചെയ്ത പ്രതിജ്ഞ  വെറുതെയായിപ്പോകും.
    ചൈതന്യമില്ലാതായിക്കഴിഞ്ഞ പ്രതിജ്ഞ വാചകങ്ങൾ ഇന്ത്യൻ  ജനതയുടെ രക്ഷക്കെത്തുമെന്ന് ഒരാളും വിശ്വസിക്കില്ല.   നന്മകളോട് പ്രതിബദ്ധതയുള്ള ചെറു സംഘങ്ങളെങ്കിലും ഇത്തരം ധാർമികാധഃ:പതനത്തിനും മൂല്യത്തകർച്ചക്കുമെതിരെ രംഗത്തു വരാൻ തയാറാകുന്നില്ലെങ്കിൽ നാടിനെ രക്ഷിക്കാനാർക്കും സാധിക്കുമെന്ന് തോന്നുന്നില്ല.  മതവിശ്വാസമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ തനിക്ക് കഴിയില്ലെന്ന് പറഞ്ഞ ഗാന്ധിജിയെ രാഷ്ട്രപിതാവാക്കിയ നാം ആ തത്വങ്ങളൊക്കെ എന്നോ ബലി കഴിച്ചു.   
ഏഷ്യയിലെ വലിയൊരു ഭൂപ്രദേശം എന്ന സ്ഥാനമല്ല പോയ നാളുകളിൽ ലോകത്തിന് മുമ്പിൽ ഇന്ത്യയെ ശക്തമാക്കി നിലനിർത്തിയത്. അത് കാലാകാലങ്ങളിൽ സ്വീകരിച്ചു പോന്ന അന്താരാഷ്ട്ര നിലപാടുകളും തലയെടുപ്പുള്ള നേതൃത്വവുമായിരുന്നു.  
'ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല...'  

Latest News