Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

ഇന്ത്യയുടെ സ്വാതന്ത്ര്യവും ഏഴരപ്പതിറ്റാണ്ടിലെ യാഥാർഥ്യങ്ങളും

ബ്രിട്ടിഷ് കൊളോണിയൽ അധിനിവേശത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമായതിന്റെ 75 ാം വാർഷികത്തിന്റെ ആഘോഷത്തിമർപ്പിലാണ് രാജ്യം. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളാണ് ഭരണകൂടം വിഭാവനം ചെയ്തത്. മാത്രമല്ല, എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിനായി ഹർ ഘർ തിരംഗ എന്ന പേരിലുള്ള കാമ്പയിനും സർക്കാർ രൂപം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ തന്നെ ഇന്ത്യൻ പതാക വീടുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം ഉയർന്നു തുടങ്ങിയിരുന്നു. ഇതിന് വേണ്ടി ദേശീയ പതാക ഉയർത്തുമ്പോഴുള്ള നിബന്ധനകളിൽ പോലും സർക്കാർ ഇത്തവണ മാറ്റം വരുത്തിയിട്ടുണ്ട്. 
സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിമർപ്പുകൾക്കിടയിലും ഏഴര പതിറ്റാണ്ടുക ാലത്തെ സ്വാതന്ത്ര്യം രാജ്യത്തെ ജനങ്ങൾക്ക് എത്രത്തോളം പ്രാപ്യമായി എന്ന വസ്തുതയെക്കുറിച്ച് വിലയിരുത്തുന്നത് രാജ്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണ്. അധിനിവേശത്തിൽ നിന്ന് സ്വതന്ത്രമാകുകയും അതിനെ തുടർന്ന് ജനാധിപത്യ വാഴ്ചയിലേക്ക് രാജ്യം എത്തിപ്പെടുകയും ചെയ്തപ്പോൾ എങ്ങനെ മുന്നോട്ട് പോകണമെന്നതിനെ സംബന്ധിച്ച് പരമോന്നതമായ നിയമ സംഹിതക്ക് രാജ്യം രൂപം നൽകുകയും അത് ഭരണഘടനയായി അംഗീകരിക്കുകയും ചെയ്തു. ജനാധിപത്യ രാജ്യത്തിൽ ഒരു പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില മൗലികമായ അവകാശങ്ങൾ രൂപപ്പെടുത്തുകയും ഈ അവകാശങ്ങൾ സംരക്ഷിച്ചു നിർത്തുന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 
രാജ്യം ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് മോചിതമായിട്ട് ഏഴര പതിറ്റാണ്ട് പിന്നിട്ടുവെന്നത് ഒരു ചെറിയ കാലയളവായി കാണാൻ കഴിയില്ല. ഈ കാലയളവിനുള്ളിൽ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ രാജ്യത്തെ പൗരൻമാർക്ക് എത്രത്തോളം പ്രാപ്യമായി എന്നുള്ളത് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം, സ്വാതന്ത്ര്യമെന്നത് വ്യക്തിപരമായ അവകാശങ്ങളുടെ നിർവഹണമാണ്. രാജ്യം സ്വതന്ത്രമായെങ്കിലും അതിന്റെ ഗുണഫലങ്ങൾ ഒരു രാജ്യത്തിലെ ജനതക്ക് അനുഭവിക്കാൻ കഴിയുന്നില്ലെങ്കിൽ അതിന് അർത്ഥമില്ലാതായിത്തീരുന്നു. 
രാജ്യത്തിലെ മുഴുവൻ ജനങ്ങൾക്കും നിയമത്തിന് മുന്നിലെ സമത്വം കൽപിക്കപ്പെടുന്നതോടൊപ്പം തന്നെ  മതം, ജാതി, വർഗം, ലിംഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങൾക്ക് ഇന്ത്യൻ ഭരണഘടന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും മതങ്ങളിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, തൊഴിൽ  ചെയ്യാനുള്ള അവകാശം വിദ്യാഭ്യാസത്തിനും സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം തുടങ്ങിയ മൗലികമായ നിരവധി അവകാശങ്ങൾ ഭരണഘടന രാജ്യത്തിലെ ജനങ്ങൾക്കായി ഉറപ്പു നൽകുന്നുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം ആഘോഷമായി കൊണ്ടാടുമ്പോഴും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെല്ലാം രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇപ്പോഴും അപ്രാപ്യമായിത്തന്നെ തുടരുകയാണെന്നത് സ്വാതന്ത്ര്യത്തിന്റെ നിറം കെടുത്തുന്നുണ്ട്. 
ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷണം ഭരണകൂടത്തിന്റെ കടമയാണ്. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ഭരണത്തിലേറിയ സർക്കാരുകൾ ഈ കടമകൾ എത്രത്തോളം നിറവേറ്റിയിട്ടുണ്ടെന്നത് പഠനവിധേയമാക്കേണ്ട കാര്യമാണ്. വർത്തമാന കാലഘട്ടത്തിൽ രാജ്യത്തെ ജനങ്ങളെ അസ്വാതന്ത്ര്യത്തിന്റെ ചരടുകൾ കൊണ്ട് കെട്ടിയിടുകയാണ് ഭരണകൂടം ചെയ്യുന്നത്. മൗലികാവകാശങ്ങൾക്ക് നേരെ വലിയ വേട്ടയാടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമ്പാദനത്തിന് ശേഷം രാജ്യത്ത് അധികാരത്തിൽ വന്ന എല്ലാ ഭരണകൂടങ്ങളും ജനാധിപത്യത്തെ കാൽക്കീഴിലാക്കിക്കൊണ്ടാണ് ഭരണം നടത്തിയത്.  
രാഷ്ട്രീയമായ പ്രകടനങ്ങളിലും നിലപാടുകളിലും വ്യത്യാസങ്ങൾ ഉണ്ടാകുമെന്നല്ലാതെ ഭരണകൂടമെന്നത് ജനങ്ങളെ അടക്കിഭരിക്കാനുള്ള ഉപാധി മാത്രമായാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം തന്നെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഏഴു പതിറ്റാണ്ട് മുൻപ് എഴുതിവെച്ച സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി ഇന്നും ജനങ്ങൾ പോരടിക്കേണ്ടിവരുന്നത്. 75 വർഷങ്ങൾക്കു മുൻപ് കൊളോണിയൽ ഭരണ കാലത്തുണ്ടായിരുന്ന അസ്വാതന്ത്ര്യങ്ങളിൽ നിന്ന് ഇപ്പോഴും വളരെയധികമൊന്നും മോചിതരാകാൻ ലോകത്തിലെ  ഏറ്റവും വലിയ സമ്പൂർണ ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 
ഫാസിസ്റ്റ് ശക്തികളിലേക്ക് ഭരണം കേന്ദ്രീകരിക്കപ്പെട്ട വർത്തമാന കാലഘട്ടത്തിൽ അസ്വാതന്ത്ര്യത്തിന്റെ കണ്ണികൾ ജനങ്ങൾക്ക് മേൽ കൂടുതലായി മുറുകിക്കൊണ്ടിരിക്കുകയാണ്. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ ഭരണകൂടങ്ങളിൽ നിന്ന് എന്താണോ രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിക്കുന്നത്, അതിന് വിപരീതമായ കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയുമൊക്കെ പേരിൽ രാജ്യം വെട്ടിമുറിക്കപ്പെടുകയാണ്. അഭിപ്രായ സ്വാതന്ത്ര്യങ്ങൾക്ക് പോലും ഭരണകൂടം കൂച്ചുവിലങ്ങിടുന്നു. ഒരു പൗരൻ എങ്ങനെ ജീവിക്കണം, എന്ത് കഴിക്കണം, എന്ത് ധരിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ പോലും അവന് തീരുമാനമെടുക്കാൻ സാധിക്കാത്ത രീതിയിലുള്ള അടിച്ചേൽപിക്കലാണ് നടന്നു കൊണ്ടിരിക്കുന്നത്. 
ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെട്ടവർ വലിയ ഭീതിയിലാണ് ഇപ്പോഴും രാജ്യത്ത് കഴിയുന്നതെന്നത് സ്വാതന്ത്ര്യത്തിന്റെ നിർവചനത്തെപ്പോലും മാറ്റിമറിക്കുകയാണ്. നിലവിലുണ്ടായിരുന്ന പൗരാവകാശങ്ങൾക്ക് പോലും ഭരണകൂടം അവരുടെ താൽപര്യങ്ങൾക്ക് വേണ്ടി അതിർവരമ്പുകൾ സൃഷ്ടിക്കുകയാണ്.  ഇതല്ല യഥാർത്ഥ സ്വാതന്ത്ര്യമെന്ന് ജനങ്ങൾ ഉറക്കെ വിളിച്ചു പറയുകയും അവകാശങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങുകയും ചെയ്യുമ്പോഴാണ് അത് ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളായി പരിണമിക്കുന്നത്. അത്തരം ഏറ്റുമുട്ടലുകളിലൂടെയാണ് കഴിഞ്ഞ ഏഴര പതിറ്റാണ്ടായി രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. 
സ്വാതന്ത്ര്യാനന്തര ഇന്ത്യ എങ്ങനെയായിരിക്കണമെന്ന ഭരണഘടന നിർമാതാക്കളുടെ സങ്കൽപങ്ങൾക്ക് വിപരീതമായ കാര്യങ്ങളാണ് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ വർധിക്കുന്നതല്ലാതെ കുറയുന്നില്ല. രാജ്യത്തിന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗവും ഏതാനും പേർ മാത്രം കൈവശം വെച്ചുകൊണ്ടിരിക്കുന്ന രീതിക്ക് കാലങ്ങൾ കഴിഞ്ഞാലും യാതൊരു മാറ്റവുമുണ്ടാകില്ല. എല്ലാവർക്കും ഭക്ഷണവും പാർപ്പിടവും വസ്ത്രവുമെന്ന ഏറ്റവും അടിസ്ഥാനപരമായ സ്വാതന്ത്ര്യ സങ്കൽപങ്ങൾ പോലും നിർവഹിക്കപ്പെടാൻ രാജ്യം ഇനിയും എത്രയോ വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ടെന്ന യാഥാർത്ഥ്യമാണ് സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷിക ആഘോഷത്തിലും പല്ലിളിച്ച് നിൽക്കുന്നത്. 
രാജ്യത്ത് ജനാധിപത്യം പോലും ഇനിയും എത്രകാലം മുന്നോട്ടു പോകുമെന്ന് ഉറപ്പില്ലാത്ത ഒരു കാലഘട്ടത്തിൽ നിന്നുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ മഹത്തായ അവകാശങ്ങളെക്കുറിച്ച് അധരവ്യായാമം നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം ഏകാധിപത്യത്തിന് വഴി മാറില്ലെന്ന ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും ഏകാധിപത്യത്തിന്റേതായ ഒരുപാട് തീട്ടൂരങ്ങൾ കഴിഞ്ഞ കുറച്ചുകാലങ്ങളായി രാജ്യത്തെ ജനങ്ങൾക്ക് മേൽ ഭരണകൂടം പ്രയോഗിക്കുന്നുണ്ട്. 
എല്ലാ സ്വാതന്ത്ര്യ ദിനങ്ങളിലും ദൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തിയതുകൊണ്ട് മാത്രം സ്വാതന്ത്ര്യം മഹത്തരമാകുന്നില്ല. അതിന്റെ എല്ലാ അന്തഃസത്തയും അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയുമ്പോഴാണ് സ്വാതന്ത്ര്യം പൂർണമാകുന്നത്. അത്തരത്തിലുള്ള ഒരു പ്രതീക്ഷ പോലും ജനങ്ങൾക്ക് മുന്നിൽ   വെയ്ക്കാൻ രാജ്യത്തെ ഭരണകൂടത്തിന് സാധിക്കുന്നില്ലെന്നതാണ് സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികത്തിന്റെ നിറംകെടുത്തുന്നത്.

Latest News