Sorry, you need to enable JavaScript to visit this website.

സ്വാതന്ത്ര്യത്തിന്റെ അമൃതോൽസവം

സ്വാതന്ത്ര്യത്തിന്റെ ത്യാഗനിർഭരമായ സ്മരണകളുണർത്തി മറ്റൊരു ഓഗസ്റ്റ് 15 കൂടി വന്നെത്തിയിരിക്കുന്നു. നമ്മുടെ രാജ്യം ബ്രിട്ടീഷുകാരുടെ അധികാരമേൽക്കോയ്മയിൽ നിന്ന് മോചിതമായിട്ട് ഇന്നേക്ക് 75 വർഷം തികയും.
ബ്രിട്ടീഷ് അടിച്ചമർത്തലിനെതിരെ പോരാടി സ്വാതന്ത്ര്യമെന്ന ഭാരതീയരുടെ അവകാശം തിരികെ നേടിയെടുത്തതിന്റെ ആവേശപൂർണമായ ഓർമ പുതുക്കലാണ് ഓരോ ഓഗസ്റ്റ് 15 ഉം. രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയർത്തുമ്പോൾ വേഷത്തിന്റെയും ഭാഷയുടെയും അതിർത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടുമുടിയിലാണ്. കോളനി ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി നിസ്വാർഥമായി പോരാടുകയും  രാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ആയിരക്കണക്കിന് ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് ഈ ദിവസം നമ്മെ ഓർമിപ്പിക്കും. അവരുടെ ജീവനും രക്തവും കൊണ്ട് നേടിയതാണീ സ്വാതന്ത്ര്യം.
നമ്മുടെ ഭാരതത്തെ വർഷങ്ങളോളം അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാരെ ഈ രാജ്യത്ത് നിന്ന് തുരത്തി ഓടിക്കാൻ എത്രയോ പ്രക്ഷോഭങ്ങളും സമരങ്ങളും ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ നടന്നതിന്റെ ഫലമാണീ സ്വാതന്ത്ര്യം.
പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്ലാത്ത, അതിരില്ലാത്ത ആകാശങ്ങളിൽ ചിറകുകൾ വിടർത്തി പാറിപ്പറക്കാൻ നമുക്ക് അവസരം തന്ന ആ ധീരദേശാഭിമാനികളെ, മഹാത്മാക്കളെ ഈ അവസരത്തിൽ മാത്രമല്ല, ലോകം നിലനിൽക്കുവോളം നന്ദിപൂർവം ഓർക്കും. മഹാത്മജിയും സർദാർ ഭഗത് സിംഗും അവരിൽ ചിലരാണ്. അവരൊക്കെ ഇന്ത്യയുടെ ചരിത്രത്തിന്റെ താളുകളിലാണ് സ്വർണ ലിപിയിൽ എഴുതപ്പെട്ടത്. അവർ കൊളുത്തിത്തന്ന അമൂല്യ ദീപം അണഞ്ഞു പോകാതെ കാത്തു സൂക്ഷിക്കണം. അത് നമ്മുടെ കടമയാണ്. ഉപ്പ് സത്യഗ്രഹവും ക്വിറ്റ് ഇന്ത്യ സമരവും മലബാർ കലാപവും പോലുള്ള ചരിത്ര സംഭവങ്ങൾ നമുക്ക് മറക്കാൻ കഴിയില്ല.
ഓഗസ്റ്റ് 15 ഇന്ത്യക്കാരന് പുനരർപ്പണത്തിന്റെയും ദിനമാണ്. ആ പുണ്യദിനം നാം ഓർക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ ഭാരതത്തോടുള്ള സ്‌നേഹവും കൂറും അത്രയേറെ പ്രകടമാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ വിലയും അസ്വാതന്ത്ര്യത്തിന്റെ പീഡനങ്ങളുമറിഞ്ഞ ഭാരതത്തിന്റെ പിന്നിട്ട വഴികൾ ഭാവി തലമുറയിൽ കൊളുത്തിവെക്കുന്നത്
രാജ്യത്തിന് വേണ്ടി പോരാടിയ മഹത്തുക്കളാണ്. അതുകൊണ്ട് തന്നെ ഈ സ്വാതന്ത്ര്യം നേടൽ ആരുടെയും സൗജന്യമല്ല. ആയിരക്കണക്കിന് ധീരദേശാഭിമാനികൾ അത്ര കണ്ട് പീഡനം അനുഭവിച്ച് നേടിയെടുത്തതാണെന്ന് പറയാതെ വയ്യ. അവരുടെ പതറാത്ത നിശ്ചയദാർഢ്യം ബ്രിട്ടീഷുകാർക്ക് ഒരു വിധത്തിലും പിന്തിരിപ്പിക്കാനാവാത്ത തരത്തിലായിരുന്നു. രണ്ട് നൂറ്റാണ്ട് നീണ്ട  ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ക്രൂരതയും ചൂഷണവും പോരാട്ടത്തിലൂടെ അവസാനിപ്പിച്ച് 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ചരിത്രത്താളുകളിൽ എഴുതിവെക്കപ്പെട്ടതും അല്ലാത്തതുമായ എത്രയോ പേരുണ്ട്.
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സന്തോഷത്തോടെയും അഭി മാനത്തേടെയും ആഘോഷിക്കുന്ന ദിവസമാണ് സ്വാതന്ത്ര്യ ദിനം.  ഒരുപാട് പുണ്യാത്മാക്കളുടെ ജീവത്യാഗത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം  എന്ന് ഓരോ ഇന്ത്യക്കാരനും വിളിച്ച് പറയുന്നു. മഹാത്മ ഗാന്ധിയുടെയും സുഭാഷ് ചന്ദ്ര ബോസിന്റെയും നെഹ്‌റുവിന്റെയും മറ്റും ആത്മാക്കൾക്ക് മുന്നിൽ പ്രണാമമർപ്പിക്കാം.
1947 ൽ നിന്ന് 2022 ലെത്തിയപ്പോൾ ഇന്ത്യ ഒരുപാട് വളർന്നു. ശാസ്ത്ര സാങ്കേതിക മേഖലകൾ, പ്രതിരോധം, വിദ്യാഭ്യാസം എന്നിവയിലെല്ലാം ഇന്ത്യ മുന്നേറി. ചന്ദ്രയാനും മംഗല്യാനും ഇതിനുള്ള നേർക്കാഴ്ചകളാണ്. അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് പറന്നുയർന്നുകൊണ്ട് അത്ഭുതങ്ങൾ കാണിച്ചു. അഭിമാനിക്കാൻ ഒരുപാടുണ്ടെങ്കിലും രാഷ്ട്രീയം, മതം മേഖലകളിൽ മനുഷ്യർ പരസ്പരം പോരടിച്ച് എത്ര ജീവനുകളാണ് പൊലിഞ്ഞ് തീർന്നുകൊണ്ടിരിക്കുന്നത്. എന്തൊക്കെ അപകടകരമായ അവസ്ഥയിലേക്കാണ് ഇന്ത്യ എത്തിനിൽക്കുന്നത്. ഏറെ ഗൗരവത്തോടെ മുഖവിലക്കെടുക്കേണ്ട വിഷയമാണല്ലോ ഒക്കെയും. അഴിമതിയും ഭിന്നതകളും കലഹങ്ങളുമില്ലാത്ത ഇന്ത്യയെ കിനാവ് കാണാൻ ഓരോ ഇന്ത്യക്കാരനും കഴിയണം. നാമെല്ലാം ഒന്നാണെന്ന ചിന്ത ഊട്ടി ഉറപ്പിക്കണം. രാജ്യനന്മക്കായി ഒത്തൊരുമയോടെ കൈ കോർക്കണം എന്ന് നമുക്ക് പ്രതിജ്ഞ പുതുക്കാം -ജയ്ഹിന്ദ്

Latest News