Sorry, you need to enable JavaScript to visit this website.
Tuesday , November   29, 2022
Tuesday , November   29, 2022

ഇന്ത്യ അവസരങ്ങളുടെ അക്ഷയ ഖനി

ദരിദ്ര നാരായണന്മാരുടെ ഇന്ത്യ എന്നു കേട്ടാണ് ഞങ്ങളുടെ തലമുറ സ്‌കൂൾ കാലഘട്ടം പിന്നിട്ടത്. ഗരീബി ഹട്ടാവോ എന്നതൊക്കെയായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യം. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നതായി അടുത്ത കാമ്പയിൻ. ഇന്നതൊക്കെ മാറി. നാട്ടിലെ റോഡിലിറങ്ങിയാൽ എല്ലായിടത്തും പ്രശ്‌നം വാഹന പെരുപ്പമാണ്. സ്വകാര്യ വാഹനങ്ങളുടെ തള്ളിക്കയറ്റമാണ് റോഡുകളിൽ. മുപ്പത് ലക്ഷം തൊഴിലില്ല പടയുടെ പേര് പറഞ്ഞ് കലക്ടറേറ്റ് വളയാൻ പോകുന്ന സംഘടനകളില്ല. നിത്യേന എണ്ണൂറും ആയിരവും പ്രതിഫലം ലഭിക്കുന്ന തൊഴിൽ ലഭിക്കുന്നിടത്തെല്ലാം അതിഥി തൊഴിലാളികളെ മാത്രമേ കാണാനുള്ളൂ. അമേരിക്കയിലും യൂറോപ്യൻ നാടുകളിലുമെന്ന പോലെ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ജോലി ചെയ്തു ശീലിക്കുന്നതിലേക്ക് കേരളീയ യുവത്വവും മാറി. വൈകുന്നേരങ്ങളിലെ പാർട്ട് ടൈം ജോലിയിലേക്ക് കലാലയ വിദ്യാർഥികളെ റിക്രൂട്ട്് ചെയ്യുന്ന കൺസൾട്ടൻസികൾ കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ സജീവമാണ്. ഇത് കേരളീയ നഗരങ്ങളുടെ മാത്രം കാര്യമല്ല. ഇന്ത്യയിൽ കഷ്ടപ്പാടിന്റെ കാലം കഴിഞ്ഞു. എന്തെങ്കിലും ചെയ്യാൻ താൽപര്യമുള്ളവരെ സംബന്ധിച്ചിടത്തോളം അവസരങ്ങളുടെ അക്ഷയ ഖനി ഒരുക്കുകയാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയെന്ന മഹത്തായ രാജ്യം. 
സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ ജനസംഖ്യ ഏകദേശം 34 കോടി ആയിരുന്നു, സാക്ഷരത നിരക്ക് വെറും 12 ശതമാനമോ ഏകദേശം 4 കോടിയോ ആയിരുന്നു. കാർഷിക വളർച്ച മുരടിച്ചതും വ്യാവസായിക അടിത്തറ മോശമായതും കാരണം കുറഞ്ഞ സാമ്പത്തിക ശേഷിയും വലിയ വെല്ലുവിളിയായിരുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും രാജ്യത്തെ സ്വാശ്രയമാക്കാമെന്ന പ്രതീക്ഷയോടെയാണ് രാഷ്ട്രീയ നേതൃത്വം യാത്ര തുടങ്ങിയത്. തുടക്കത്തിൽ, തന്നെ പട്ടിണി കാരണം ഇന്ത്യയെ ഭക്ഷ്യ സുരക്ഷക്കായി പലതവണ ബാഹ്യ സഹായം സ്വീകരിക്കാൻ പ്രേരിപ്പിച്ചു. നിരക്ഷരതയും സമ്പദ്‌വ്യവസ്ഥയുടെ മറ്റൊരു വലിയ പിന്നോക്കാവസ്ഥയായിരുന്നു.
1947 ഓഗസ്റ്റ് 15 നാണ് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. ഈ വർഷം സ്വാതന്ത്ര്യത്തിന്റെ 75 ാം വർഷം രാജ്യം ആഘോഷിക്കുകയാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാർക്ക് മുന്നിൽ സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളിൽ വെല്ലുവിളികൾ നിറഞ്ഞ പാതയായിരുന്നു ഉണ്ടായിരുന്നത്.
 സ്വാതന്ത്ര്യം നേടിയതിന് ശേഷം കാർഷിക പ്രതിസന്ധി, മൂന്ന് യുദ്ധങ്ങൾ, 1991 ലെ ആഗോളവൽക്കരണ - ഉദാരീകരണ നീക്കം, നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്ടി) തുടങ്ങി നിരവധി ഉയർച്ച താഴ്ചകളിലൂടെ രാജ്യം കടന്നുപോയിട്ടുണ്ട്.
1951 ലാണ് മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ആദ്യ പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ചത്. ഹാരോഡ്‌ഡോമർ മോഡലിനെ അടിസ്ഥാനപ്പെടുത്തി കുറച്ച് പരിഷ്‌കരണങ്ങളോടെയാണ് ഇത് നിർമിച്ചത്. രാജ്യത്തിന്റെ പ്രധാന വ്യാവസായിക മേഖല വികസിപ്പിക്കുക എന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. 
1960 കളിൽ ഇന്ത്യ അതിന്റെ ഏറ്റവും മോശമായ വരൾച്ചയിലൂടെ കടന്നുപോയി. ഭക്ഷണത്തിനും ധാന്യ വിതരണത്തിനും പുറംലോകത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാൽ പ്രതിസന്ധി ഒരു അനുഗ്രഹമായി മാറുകയും ഭക്ഷ്യധാന്യങ്ങളുടെ സ്വയംപര്യാപ്തത വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം രാജ്യം മനസ്സിലാക്കുകയും ചെയ്തു.  അങ്ങനെയാണ് ഹരിത വിപ്ലവം യാഥാർത്ഥ്യമായത്. 1991 ലാണ് ഇന്ത്യയുടെ സാമ്പത്തിക യാത്രയുടെ സുവർണ ഘട്ടം ആരംഭിച്ചത്. ഗവൺമെന്റിന്റെ ധനക്കമ്മി വർധിച്ചതോടെ, ഇന്ത്യയുടെ വിദേശ കടം 1984-85 അവസാനത്തെ 35 ബില്യൺ ഡോളറിൽ നിന്ന് 1990-91 അവസാനത്തോടെ ഏകദേശം ഇരട്ടിയായി. 69 ബില്യൺ ഡോളറാക്കി ഉയർത്തി.  വിദേശനാണ്യ കരുതൽ ശേഖരം വറ്റിപ്പോയതിനാൽ ഇന്ത്യക്ക് മൂന്നാഴ്ചത്തെ ഇറക്കുമതിക്ക് ധനസഹായം നൽകാനായില്ല.
2016 ൽ ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിന്റെ വാർഷികത്തിൽ 'നോട്ട് നിരോധനം' അവതരിപ്പിക്കപ്പെട്ടു. 500, 1000 രൂപ നോട്ടുകൾക്ക് നിയമ സാധുതയില്ലെന്ന് ആ വർഷം നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. നോട്ട് അസാധുവാക്കലിന് മാസങ്ങൾക്ക് ശേഷം, ചരക്ക് സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച നിർണായക ബിൽ പാർലമെന്റ് പാസാക്കി. ഇതുണ്ടാക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന പ്രത്യാഘാതങ്ങളെ എളുപ്പത്തിൽ നേരിടാൻ ഇന്ത്യക്ക് സാധിച്ചു. രാജ്യത്തിന്റെ വിസ്തൃതിയും വിഭവങ്ങളുടെ വൈവിധ്യവുമാണ് രാജ്യത്തിന് സഹായകമായത്. 
2020 ൽ കൊറോണ വൈറസിന്റെ രൂപത്തിൽ ഇന്ത്യ  മറ്റൊരു പ്രതിസന്ധിയെ നേരിട്ടു. കോവിഡിന്റെ ആദ്യ തരംഗം 23 കോടി ആളുകളെ ദാരിദ്ര്യ രേഖയിലേക്ക് താഴെയിട്ടു. മഹാമാരി ഗ്രാമീണ ഇന്ത്യയിൽ ദാരിദ്ര്യം 15 ശതമാനവും നഗരങ്ങളിൽ 20 ശതമാനവും വർധിക്കാനിടയാക്കിയിരുന്നു. എന്നാലിപ്പോൾ ഇന്ത്യ എല്ലാ രംഗങ്ങളിലും അതിവേഗം തിരിച്ചുവരവ് നടത്തുന്നതായി കാണാം. 
രണ്ടു വർഷം ലോക ജനതയെ ആശങ്കയിലാഴ്ത്തിയ മഹാമാരി അൽപമൊന്ന് ശമിച്ചപ്പോൾ നമ്മുടെ അയൽ രാജ്യങ്ങൾ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നതാണ് കാണുന്നത്. ശ്രീലങ്ക തകർന്നു തരിപ്പണമായി. ചൈനയിൽ നിന്ന് ലോണെടുത്ത് വൻകിട പദ്ധതികൾ നടപ്പാക്കിയ ദ്വീപ് രാജ്യം  ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന മറ്റൊരു അയൽ രാജ്യമായ നേപ്പാളിലും കാര്യങ്ങൾ അത്ര മെച്ചമല്ല. പാക്കിസ്ഥാന്റെ കാര്യവും പരമദയനീയമാണ്. ലോകത്തിന്റെ നാനാഭാഗത്തും ബംഗ്ലാദേശ് പ്രവാസികളുണ്ട്. വസ്ത്ര കയറ്റുമതിയിലും രാജ്യം പുരോഗമിച്ചു വരികയായിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങൾ കെട്ടടങ്ങി നിവർന്നു നിൽക്കാൻ തുടങ്ങിയ ബംഗ്ലാദേശിൽ നിന്നും ആഹ്ലാദകരമല്ലാത്ത വാർത്തകൾ വന്നു തുടങ്ങിയിട്ടുണ്ട്. 
ഇന്ത്യ ജൈത്രയാത്ര തുടരുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽ പാലം ഉദ്ഘാടനമെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനം ഉള്ള റെയിൽവേ പാലമാണിത്. ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരത്തിൽ റെയിൽവേ പാലം നിർമിച്ചത് മുംബൈ ആസ്ഥാനമായുള്ള അഫ്‌കോൺസ് എന്ന കമ്പനിയാണ്. 28,000 കോടി രൂപ ചെലവിൽ നിർമിച്ച  പാലം ധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക്  പദ്ധതിയുടെ ഭാഗമാണ്. കശ്്മീർ മുതൽ കന്യാകുമാരി വരെ വിവിധ പ്രദേശങ്ങളിലെല്ലാം വികസനത്തിന്റെ കാറ്റ് ആഞ്ഞു വീശുകയാണ്. 
ജൂബിലി മധുരത്തോടെയാണ് ഇക്കുറി ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്താണ് ആഘോഷം സംഘടിപ്പിക്കുന്നത്.  സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഹർ ഘർ തിരംഗ പരിപാടി ആരംഭിച്ചിട്ടുണ്ട്്. 20 കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.  മൂന്ന് ദിവസങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ദേശീയ ബോധം ഉയർത്തുക എന്നതാണ് ഹർ ഘർ തിരംഗയിലൂടെ ഉദ്ദേശിക്കുന്നത്. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം 'ഹർ ഘർ തിരംഗ' എന്ന വെബ്‌സൈറ്റിൽ ജനങ്ങൾക്ക് അപ്്‌ലോഡ് ചെയ്യാം. ഇരുപതു കോടി വീടുകളിലെങ്കിലും പതാക ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. 
75 വർഷം കൊണ്ട് അതിശയകരമായ പുരോഗതി കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചു. അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, ദാരിദ്ര്യ നിർമാർജനം, അണക്കെട്ട് നിർമാണം, പാലങ്ങൾ, ബഹിരാകാശ ഗവേഷണം, വിവര വിനിമയം, വിദേശ നാണയ ശേഖരം തുടങ്ങിയ രംഗങ്ങളിൽ ഇന്ത്യ മുന്നേറി. 
ഐടി വ്യവസായം ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരെ കൂടി വികസന പ്രക്രിയയിൽ പങ്കാളികളാക്കാൻ സാധിച്ചാൽ രാഷ്ട്രശിൽപികളുടെ സ്വപ്‌നം യാഥാർഥ്യമാവുമെന്നതിൽ സംശയമില്ല. 

Latest News