Sorry, you need to enable JavaScript to visit this website.

സൗദി സിനിമാ വിപണിയിലേക്ക് കൂടുതൽ കമ്പനികൾ 

റിയാദ് - സൗദിയിലെ സിനിമാ വിപണിയിലേക്ക് പ്രവേശിക്കാൻ കൂടുതൽ കമ്പനികൾ തയാറെടുക്കുന്നു. സിനിമാ പ്രദർശനം വ്യാപകമാകുന്നതോടെ പ്രതിവർഷം 100 കോടിയിലേറെ ഡോളറിന്റെ സിനിമാ ടിക്കറ്റ് വിൽപനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സൗദി ജനസംഖ്യയിൽ ഭൂരിഭാഗവും 30 വയസ്സിൽ കുറവ് പ്രായമുള്ളവരാണ്. ഗൾഫിൽ ഏറ്റവും വലിയ സിനിമാ വിപണിയായി സൗദി അറേബ്യയെ മാറ്റുന്നതിന് സഹായിക്കുന്ന അനുകൂല ഘടകമാണിത്.
സിനിമാ തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ആദ്യ ലൈസൻസ് എ.എം.സി എന്റർടൈൻമെന്റ് കമ്പനിക്ക് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രാലയം നേരത്തെ അനുവദിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ തിയേറ്റർ ശൃംഖലയുടെ ഉടമകളായ എ.എം.സി എന്റർടൈൻമെന്റ് കമ്പനിയും സൗദി ധനമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ ഡെവലപ്‌മെന്റ് ആന്റ് ഇൻവെസ്റ്റ്‌മെന്റ് എന്റർടൈൻമെന്റ് കമ്പനിയും ചേർന്ന് 2030 ഓടെ വിനോദ പദ്ധതികളിൽ ആയിരം കോടിയോളം റിയാൽ നിക്ഷേപം നടത്തും. ഇതിന് പിന്നാലെയാണ് മറ്റേതാനും സിനിമാ തിയേറ്റർ കമ്പനികളും സൗദി വിപണിയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നത്.  
വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി സൗദിയിൽ സാമൂഹിക, സാമ്പത്തിക പരിവർത്തന പദ്ധതിയുടെ ഭാഗമാണിത്. സാംസ്‌കാരിക, വിനോദ പദ്ധതികളിൽ ധനവിനിയോഗം വർധിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് വ്യത്യസ്തമായ വിനോദോപാധികൾ ലഭ്യമാക്കുന്നതിനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. പതിനഞ്ചു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്ക് അനുയോജ്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ബ്ലാക്പാന്തർ സൗദിയിൽ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നത്. 
ഈ വർഷം മൂന്നാം പാദത്തിൽ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിൽ മൂന്നു സ്‌ക്രീനുകൾ കൂടി ഉദ്ഘാടനം ചെയ്യും. അഞ്ചു വർഷത്തിനുള്ളിൽ നാൽപതു സിനിമാ തിയേറ്റർ കോംപ്ലക്‌സുകൾ തുറക്കുന്നതിനാണ് എ.എം.സി എന്റർടൈൻമെന്റ് ലക്ഷ്യമിടുന്നത്. 2030 ഓടെ സൗദിയിൽ 350 മൾട്ടിപ്ലക്‌സുകളിൽ ആകെ 2500 ലേറെ സിനിമാ പ്രദർശന സ്‌ക്രീനുകളുണ്ടാകുമെന്നാണ് കരുതുന്നത്. 
സൗദി സിനിമാ വ്യവസായ മേഖലയുടെ ചരിത്ര ദിവസമാണ് തിയേറ്റർ ഉദ്ഘാടനമെന്ന് എ.എം.സി എന്റർടൈൻമെന്റ് കമ്പനി സി.ഇ.ഒ പറഞ്ഞു. സൗദി സിനിമാ പ്രദർശന വിപണിയുടെ അമ്പതു ശതമാനം സ്വന്തമാക്കുന്നതിനാണ് കമ്പനി ആഗ്രഹിക്കുന്നത്. ആഗോള തലത്തിൽ ബ്ലാക്പാന്തർ നേടിയ ബോക്‌സ് ഓഫീസ് കലക്ഷനാണ് സൗദിയിലെ ആദ്യ സിനിമാ പ്രദർശനത്തിന് ഈ സിനിമ തെരഞ്ഞെടുക്കുന്നതിന് പ്രേരകം. ഇതിനു പിന്നാലെ അമേരിക്കൻ സിനിമയായ റാംപേജ്, ദി അവഞ്ചേഴ്‌സ് അടക്കമുള്ള സിനിമകളും സൗദിയിലെ തിയേറ്ററുകളിൽ കമ്പനി പ്രദർശിപ്പിക്കുമെന്ന് ആദം ആരോൺ പറഞ്ഞു. പ്രദർശനാനുമതി നൽകുന്നതിനു മുന്നോടിയായി ഈ സിനിമകളുടെ ഉള്ളടക്കം വിദഗ്ധർ പരിശോധിച്ചുവരികയാണ്. അഞ്ചു വർഷത്തിനുള്ളിൽ സൗദിയിലെ പതിനഞ്ചു നഗരങ്ങളിൽ 40 തിയേറ്ററുകളും 2030 ഓടെ ഇരുപത്തിയഞ്ചു നഗരങ്ങളിൽ 50 മുതൽ 100 വരെ തിയേറ്ററുകളും തുറക്കുന്നതിന് എ.എം.സി എന്റർടൈൻമെന്റ് കമ്പനി ലക്ഷ്യമിടുന്നു. 


 

Latest News